
Screenshot
ആണ്ടുവട്ടത്തിലെ ഇരുപത്തിയൊമ്പതാം ഞായർ
നമുക്ക് എപ്പോഴും ആരുടെയെങ്കിലും സ്വന്തമായിരിക്കേണ്ടതുണ്ട്. യേശുവിന് കാണിച്ചുകൊടുത്ത റോമൻ നാണയത്തെപ്പോലെ. അതിലെ രൂപവും ലിഖിതവും സീസറിന്റേതാണ്. ആ നാണയം സീസറിന്റേതാണ്. ശരി. ഞാൻ ആരുടേതാണ്? ഏതെങ്കിലും വസ്തുക്കളുടെയോ, ശക്തരായ അധികാരകേന്ദ്രങ്ങളുടെയോ, ആധിപത്യം പുലർത്തുന്ന ചിന്താധാരയുടെയോ സ്വന്തമാണോ ഞാൻ? അതോ എന്റെ സ്വപ്നങ്ങളുടെയോ, ജീവനെ താങ്ങിനിർത്തുന്ന ബന്ധങ്ങളുടെയോ, ഞാൻ അനുഭവിക്കുന്ന സ്നേഹത്തിന്റെയോ സ്വന്തമാണോ ഞാൻ? ആ സ്നേഹം, വിശുദ്ധഗ്രന്ഥം ഉറപ്പുനൽകുന്നതുപോലെ “എന്നെ സ്നേഹിക്കുന്ന ദൈവം” തന്നെയാണ്! (cf. 1 യോഹ 4:16).
അവനെ പരീക്ഷിക്കാൻ വന്നവരുടെ ചോദ്യം മൂർച്ചയേറിയതാണ്: “ഗുരോ, നീ സത്യവാനാണെന്നും ആരുടെയും മുഖംനോക്കാതെ നിര്ഭയനായി ദൈവത്തിന്റെ വഴി സത്യമായി പഠിപ്പിക്കുന്നുവെന്നും ഞങ്ങള് അറിയുന്നു.” (മത്താ 22 : 16). അവൻ്റെ മറുപടിയോ ഏറെ സൂക്ഷ്മതയുള്ളതുമാണ്. ദുരുദ്ദേശ്യത്തോടെയോ കുതന്ത്രപരമായോ ചോദ്യങ്ങൾ ചോദിക്കപ്പെടുമ്പോഴെല്ലാം പതിവുപോലെ, അവൻ ശ്രോതാക്കളെ മറ്റൊരു തലത്തിലേക്ക് നയിക്കും. അവൻ കാഴ്ചപ്പാടിൽ മാറ്റങ്ങൾ വരുത്തിക്കൊണ്ട് അവരെ അമ്പരപ്പിക്കുന്നു.
ആദ്യത്തെ മാറ്റം: സീസറിനു നികുതി കൊടുക്കണമോ എന്ന ചോദ്യത്തിനുള്ളിലെ “കൊടുക്കുക” (δίδωμι – didómi) എന്ന ക്രിയയ്ക്കുപകരം യേശു “തിരികെ നൽകുക” (ἀποδίδωμι – apodidómi) എന്ന ക്രിയ ഉപയോഗിക്കുന്നു: “സീസറിനുള്ളത് സീസറിനും തിരികെ കൊടുക്കുവിൻ”. ഏതാനും നാണയങ്ങളിൽ മാത്രം ഒതുങ്ങുന്നതല്ല നമ്മുടെ ബന്ധങ്ങൾ എന്ന് തിരിച്ചറിവ് അവിടെ ഉണ്ട്. നമ്മൾക്ക് ലഭിച്ച നന്മകൾ നമ്മൾ തിരികെ നൽകണം; നമ്മൾ സ്വീകരിച്ചത് തിരിച്ചുനൽകുക; എല്ലാറ്റിന്റെയും ഉറവിടത്തിലേക്ക് നമ്മുടെ ദൃഷ്ടി തിരിക്കുക.
ജീവിക്കുക എന്നത് ജീവൻ തിരികെ നൽകുക എന്നതാണ്. ആ ജീവൻ നമുക്കു മുമ്പേ ഉണ്ടായിരുന്നതും നമ്മെ അതിജീവിച്ച് മുന്നോട്ടുപോകുന്നതുമാണ്. സ്നേഹത്താൽ നമ്മെ ജീവിപ്പിച്ചവർക്കു സ്നേഹം തിരികെ നൽകാനാണ് നാം ജീവിക്കുന്നത്. ശ്വാസംപോലെതന്നെ: നാം സ്വീകരിക്കുകയും തിരികെ നൽകുകയും ചെയ്യുന്നു. ശ്വാസത്തെ ഉള്ളിൽത്തന്നെ പിടിച്ചുവെക്കാൻ നമുക്കാവില്ല; അത് തികച്ചും ഒരു ദാനമാണ്.
രണ്ടാമത്തെ മാറ്റം: യേശു തന്റെ ദർശനത്തെയും പ്രവാചകശക്തിയെയും ഈ ചർച്ചയിലേക്ക് കൊണ്ടുവരുന്നു. നാണയത്തിൽ ആലേഖനം ചെയ്തിരിക്കുന്ന രൂപവും ലിഖിതവും തമ്മിലുള്ള ബന്ധത്തെ അവൻ നിർദാക്ഷിണ്യം വിച്ഛേദിക്കുന്നു: സീസർ ദൈവമല്ല. “സീസറിനുള്ളത് സീസറിനും ദൈവത്തിനുള്ളത് ദൈവത്തിനും കൊടുക്കുവിൻ”.
ഇവിടെ യേശു നിർത്തുന്നു. അവൻ ഒരു തീരുമാനമെടുക്കുന്നില്ല; ഒപ്പം നമ്മുടെ ബുദ്ധി ഉപയോഗിച്ച് വിലയിരുത്താനും തിരഞ്ഞെടുക്കാനും തീരുമാനിക്കാനുമുള്ള ഉത്തരവാദിത്വത്തിൽനിന്ന് നമ്മെ ഒഴിവാക്കുന്നുമില്ല. എന്താണ് സീസറിനുള്ളത്, എന്താണ് ദൈവത്തിനുള്ളത് എന്ന് വിവേചിച്ചറിയേണ്ടത് നമ്മുടെ ഉത്തരവാദിത്വമാണ്.
ദൈവത്തിനുള്ളത് ദൈവത്തിനു തിരികെ നൽകുക. “ഭൂമിയും അതിലുള്ള സകലതും ദൈവത്തിന്റേതാണ്” (നിയ 10:14). സീസറും ദൈവത്തിന്റേതാണ്. നമ്മുടെ എല്ലാവരുടെയും ഉള്ളിൽ ഒരു പ്രവാചകസ്വരം മുഴങ്ങുന്നുണ്ട്: “ഞാൻ എന്റെ കർത്താവിന്റേതാണ്”. “ഞാന് കര്ത്താവിന്റേതാണെന്ന് ഒരുവന് പറയും; മറ്റൊരുവന് യാക്കോബിന്റെ നാമം സ്വീകരിക്കും; മൂന്നാമതൊരുവന് സ്വന്തം കൈയില് കര്ത്താവിനുള്ളവന് എന്നു മുദ്രണം ചെയ്യുകയും ഇസ്രായേല് എന്നു പിതൃനാമം സ്വീകരിക്കുകയും ചെയ്യും” (ഏശ 44 : 5)
ഓരോ മനുഷ്യനും ഒരു ചെറിയ സ്വർണനാണയമാണ്. അതിൽ ദൈവത്തിന്റെ ഛായയും സാദൃശ്യവും പതിഞ്ഞിട്ടുണ്ട്: “ഞാൻ ദൈവത്തിന്റേതാണ്”. നമ്മൾ ലോകത്തിലേക്ക് അയക്കപ്പെട്ട ഒരു താലന്താണ്. അത് വളർത്തിയെടുക്കുകയും ഫലം പുറപ്പെടുവിക്കുകയും ഒടുവിൽ പൊതുനന്മയ്ക്കായി തിരികെ നൽകുകയും വേണം. പക്ഷെ അത് സ്വയം നഷ്ടമായിക്കൊണ്ടല്ല, മറിച്ച് “എന്നെ നൽകുന്നതിലൂടെ നീ എന്നെ വീണ്ടും സ്വന്തമാക്കും” എന്ന ദൈവീക ഉറപ്പിലൂടെയാണ്. അങ്ങനെയാണ് നമ്മൾ യേശു സ്ഥാപിക്കുന്ന ദാനത്തിന്റെ പ്രവാഹത്തിലേക്ക് പ്രവേശിക്കുന്നത്. അതായത്, സ്വന്തമാക്കലിന്റെയും കൈവശംവെക്കലിന്റെയും ലോകത്തിൽനിന്ന് വ്യത്യസ്തമായ ഒരു ജീവിതക്രമത്തിലേക്ക്.
കുന്നുകൂട്ടിവെക്കലല്ല, തിരികെ നൽകലാണ് പ്രധാനം. എന്റെ സമ്പത്തിനുചുറ്റും ഇരുമ്പുവാതിലുകൾ തീർക്കുന്നതല്ല, മറിച്ച് അവ ലോകത്തിന്റെ സിരകളിലൂടെ ഒഴുകാൻ അനുവദിക്കുന്നതാണ് പ്രധാനം. നമ്മൾ ജീവിക്കുന്നത് ദാനമായി ലഭിച്ച ജീവൻകൊണ്ടാണ്. ആദ്യം നമ്മൾ അത് സ്വീകരിക്കുന്നു; പിന്നീട് അത് തിരികെ നൽകുന്നു.
ആണ്ടുവട്ടത്തിലെ ഇരുപത്തിയെട്ടാം ഞായർ നഗരത്തിൽ ഒരു വിവാഹവിരുന്ന് ഒരുക്കിയിരിക്കുന്നു. രാജാവിന്റെ മകൻ വിവാഹിതനാകുന്നു. പക്ഷേ ക്ഷണിതാക്കൾ എല്ലാവരും തന്നെ ഒഴികഴിവുകൾ…
ജോസ് മാർട്ടിൻ ആലപ്പുഴ: കേരള ലത്തീൻ കത്തോലിക്കാ സമുദായത്തിന്റെ ഉന്നത നയരൂപീകരണ സമിതിയായ കേരള റീജൻ ലാറ്റിൻ കാത്തലിക് കൗൺസിലിന്റെ…
ആണ്ടുവട്ടത്തിലെ ഇരുപത്തിയേഴാം ഞായർ മുന്തിരിത്തോട്ടം ആഖ്യായികയാകുന്ന മറ്റൊരു ഉപമ. ഏകദേശം ആറു പ്രാവശ്യം മുന്തിരിത്തോട്ടം യേശുവിന്റെ ഉപമകളിൽ ആഖ്യായികയാകുന്നുണ്ട്. മാത്രമല്ല…
ആണ്ടുവട്ടത്തിലെ ഇരുപത്തിമൂന്നാം ഞായർ മത്തായിയുടെ സമൂഹത്തിൽ “ചെറിയവർ” എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് സമൂഹത്തിലെ ഏറ്റവും ദുർബലരായവരെയും, വിശ്വാസത്തിൽ പുതുമുഖങ്ങളായവരെയും ആണ്. അവരിൽ…
ആണ്ടുവട്ടത്തിലെ ഇരുപത്തിയൊന്നാം ഞായർ ചിങ്ങമാസത്തിലെ ഏതെങ്കിലും ഒരു ഞായറാഴ്ച യേശുവിന്റെ ഏറ്റവും സുന്ദരമായ ഒരു ചോദ്യവുമായി ആരാധനക്രമം നമ്മിലേക്ക് വരാറുണ്ട്.…
ജോസ് മാർട്ടിൻ മുതിർന്ന മാധ്യമ പ്രവർത്തകനും, മാധ്യമപരിശീലകനും,അദ്ധ്യാപകനും,വരാപ്പുഴ അതിരൂപതാ അംഗവുമായ പ്രൊഫ. ഡോ. ഇഗ്നേഷ്യസ് ഗോൺസാൽവസിനെ അദ്ദേഹത്തിന്റെ സഭാ-സാമൂഹിക മേഖലകളിലെ സമഗ്ര…
This website uses cookies.