ഒമ്പതാം ദിവസം
ആഗമനകാലത്തിന്റെ ഒൻപതാം ദിവസമായ ഇന്ന് ആശ്വാസത്തിന്റെയും പ്രതീക്ഷയുടെയും വചനങ്ങൾ നമുക്ക് ധ്യാനാത്മകമാക്കാം. വളരെയേറെ ദുരിതങ്ങളുടെയും പ്രയാസങ്ങളുടെയും ചുഴിയിൽപ്പെട്ട ഇസ്രയേൽ ജനത, എല്ലാ നഷ്ടപ്പെട്ടു പാതിവഴിയിൽ നിന്നുപോയ ജീവിത നൗകയിൽ പ്രതീക്ഷയുടെ തിരി തെളിയിക്കുകയാണ് ഏശയ്യ പ്രവാചകൻ. ആഗമനകാലവും പ്രതീക്ഷയുടെ സമയമാണ്. അത് പ്രത്യാശയായ യേശുവിന്റെ ഭൂമിയിലേക്കുള്ള വരവിനെ സൂചിപ്പിക്കുന്നു. പാപത്തിൽ ജനിച്ച ജനതയ്ക്കും പാപത്താൽ തകർന്ന ലോകത്തിനും പ്രത്യാശയുടെ മറ്റൊരു ഉറവിടവും ഉണ്ടാകില്ല. കാരണം, പ്രപഞ്ചത്തിന്റെ പ്രത്യാശ യേശുക്രിസ്തുവിലാണ് കുടികൊള്ളുന്നത്.
ദൈവത്തിന്റെ വാഗ്ദാനങ്ങളെ വിശ്വാസത്തോടെ കാത്തിരിക്കുന്നതാണ് ക്രൈസ്തവ പ്രതീക്ഷ. വൃദ്ധനായ അബ്രഹാം ദൈവം തന്റെ വാഗ്ദാനങ്ങൾ നിറവേറ്റുമെന്നു ഉറച്ചു വിശ്വസിച്ചു: “പ്രതീക്ഷയ്ക്ക് സാധ്യത ഇല്ലാതിരുന്നിട്ടും, പ്രതീക്ഷയോടെ അവൻ വിശ്വസിച്ചു” (റോമ 4:18). തന്മൂലം അബ്രഹാം കോടാനുകോടി ജനാവലികളുടെ പിതാവായി. അബ്രഹാമിനെ പോലെ നമുക്കും ദൈവത്തിന്റെ വാഗ്ദാനങ്ങളിൽ ആശ്രയിക്കാനും നമ്മുടെ മുൻപിലുള്ള പ്രത്യാശയെ മുറുകെ പിടിക്കാനും കഴിയും. അതുവഴി പ്രത്യാശ സന്തോഷത്തിലേക്കും സ്നേഹത്തിലേക്കും ധൈര്യത്തിലേക്കും വിശ്വാസത്തിലേക്കും ആശ്വാസത്തിലേക്കും ഒരു ക്രൈസ്തവനു ജീവിക്കുവാൻ സാധിക്കും. മാത്രമല്ല, “ഈ പ്രത്യാശയുള്ളവന്‍ അവിടുന്നു പരിശുദ്‌ധനായിരിക്കുന്നതുപോലെ തന്നെത്തന്നെ വിശുദ്‌ധനാക്കുന്നു” (1യോഹന്നാന്‍ 3:3).
ജീവിത പരാജയങ്ങളിൽപ്പെട്ട് ജീവിതം മടുത്തവരോടു ദൈവം വളരെ കരുതലോടെ പറയുന്നു: “ഭയപ്പെടേണ്ട, ഞാൻ നിന്നോടൊപ്പമുണ്ട്”. ഇപ്രകാരം നിരാശാന്ധകാരത്തിൽ മുങ്ങിത്താഴ്ന്നവർക്ക് പ്രതീക്ഷയുടെ ദീപം തെളിയിച്ച് ശക്തിപകരുന്ന സ്രഷ്ടാവിനെയാണ് ഏശയ്യായുടെ പുസ്തകം നാൽപ്പത്തിയൊന്നാം അധ്യായത്തിൽ നാം ദർശിക്കുന്നത്. ശക്തരായ ശത്രുക്കളുടെ മുമ്പിൽ ദുർബലരായ നമ്മൾ നിലംപതിക്കാതിരിക്കുവാൻ വാത്സല്യത്തോടെ നമ്മുടെ വലതു കയ്യിൽ പിടിച്ചിരിക്കുന്ന ദൈവമാണ് നമുക്കുള്ളത് എന്ന് പ്രവാചകൻ ഓർമ്മിപ്പിക്കുന്നുണ്ട്. പ്രവാസജീവിതം മുഖേന സകല പ്രതീക്ഷകളും നഷ്ടപ്പെട്ട ഇസ്രായേൽ ജനതയെ, സ്വയം പരിരക്ഷിക്കാൻ പോലും കഴിയാത്ത കൃമിയായിട്ടാണ് പ്രവാചകൻ അഭിസംബോധന ചെയ്യുന്നത്. എന്നാൽ കർത്താവ് അവരെ സ്ഥിരപ്പെടുത്തുന്നു: “നിങ്ങൾ ഭയപ്പെടേണ്ട ഞാൻ നിന്നെ സഹായിക്കും” (ഏശയ്യാ 41:13). വേദനിക്കുന്നവരോട് കൂടെയായിരിക്കുവാനും അവരെ ആശ്വസിപ്പിക്കുവാനും അവനാഗ്രഹിക്കുന്നുവെന്ന് ഈ വചനം സൂചിപ്പിക്കുന്നു. ദുർബല കൃമികളായ നമ്മൾ ജീവിത ക്ലേശങ്ങളാൽ തളരുമ്പോൾ പ്രതീക്ഷ കൈവിടാതെ സർവശക്തൻ നമ്മുടെ കൂടെയുണ്ടെന്ന് ഓർക്കുക. അപ്പോൾ ഏതു പ്രതിസന്ധി നിറഞ്ഞ മലകളെയും മെതിച്ചു പൊടിയാക്കാനും കുന്നുകളെ പതിരുപോലെയാക്കാനും അവൻ നമ്മെ സഹായിക്കും.
ചിന്തിക്കൂ: ജീവിത ക്ലേശങ്ങൾ ഇല്ലായിരുന്നുവെങ്കിൽ, വിജയത്തിന്റെ തിളക്കം ആസ്വദിക്കാൻ നമുക്ക് കഴിയുമായിരുന്നോ? ജീവിത പരീക്ഷണങ്ങൾ ഇല്ലായിരുന്നുവെങ്കിൽ സ്രഷ്ടാവിന്റെ മഹത്തം നമ്മൾ എങ്ങനെ തിരിച്ചറിയുമായിരുന്നു?
വിപ്രവാസകാലം അവസാനിപ്പിച്ച് ദൈവം വാഗ്ദാനം ചെയ്ത വാഗ്ദത്ത ഭൂമിയിൽ സമാധാനത്തോടും, സമൃദ്ധിയോടും ജീവിക്കാമെന്ന പ്രതീക്ഷയോടെ ഇസ്രായേല്യർ ദൈവത്തിൽ വിശ്വസിച്ചുകൊണ്ട്, “ഇസ്രയേലിന്റെ പ്രതീക്ഷയാണ് ദൈവ”മെന്ന് ജർമിയ പ്രവാചകന്റെ വാക്കുകൾ അർത്ഥവത്താക്കി. ഇപ്രകാരം, എല്ലാ പ്രവചനങ്ങളുടെയും കാത്തിരിപ്പിന്റെയും പൂർത്തീകരണമായി ക്രിസ്തു വന്നതും നമുക്ക് പ്രത്യാശ നൽകാനാണ്. വചനം അത് സാക്ഷ്യപ്പെടുത്തുന്നു: “യേശുക്രിസ്തു നമ്മുടെ പ്രതീക്ഷയാണ്” (1തിമോ. 1:1).
പ്രത്യാശ കൈവിടാതെ പരിശുദ്ധ അമ്മയോടൊപ്പം ക്രിസ്തുവിന്റെ ശിക്ഷ്യന്മാർ പ്രാർത്ഥനാ നിർഭരരായിരിക്കുമ്പോഴാണ് ഉത്ഥാന വാർത്ത എത്തുന്നത്. ഇന്ന് നാം പ്രതീക്ഷ ആവശ്യമുള്ള ഇരുണ്ട ലോകത്താണ് ജീവിക്കുന്നത്. പകർച്ചവ്യാധികളുടെയും പ്രകൃതി ദുരന്തങ്ങളുടെയും നടുവിലൂടെ കടന്നു പോകുന്ന ഈ സാഹചര്യത്തിൽ “ഭയപ്പെടേണ്ട ഞാൻ നിന്നോട് കൂടെയുണ്ട്” എന്ന തിരുവചനം നമ്മെ കൂടുതൽ ഊർജസ്വലരാക്കുന്നു. കൊടുങ്കാറ്റിനെ ശമിപ്പിച്ച, കുഷ്ഠരോഗിയെ സുഖപ്പെടുത്തിയ, അതേ സമ്പൂർണ്ണ ദൈവ-മനുഷ്യനായ യേശു നമ്മുടെ കൈ പിടിക്കാനും ഭയമകറ്റാനും, നമ്മെ സഹായിക്കാനും എപ്പോഴും കർമ്മനിരതനായി കൂടെയുണ്ട്. കർത്താവിന്റെ കരങ്ങളിലേക്ക് നമുക്കണയാം. “അന്‌ധകാരത്തില്‍ കഴിഞ്ഞ ജനം മഹത്തായ ഒരു പ്രകാശം കണ്ടു; കൂരിരുട്ടിന്റെ ദേശത്തു വസിച്ചിരുന്നവരുടെമേല്‍ പ്രകാശം ഉദിച്ചു” (ഏശയ്യാ 9:2) എന്ന ഏശയ്യാ പ്രവാചകന്റെ പ്രവചനം ക്രിസ്തുവിൽ നിറവേറി. ജീവിതപാതയിൽ സർവ്വ പ്രതീക്ഷകളും നഷ്ടപ്പെടുമ്പോൾ പ്രത്യാശയുടെ പൊൻവെളിച്ചം തൂകാൻ ക്രിസ്തുവിനു കഴിയും.
എന്നാൽ, ഭൗതികമായ സമ്പത്തിലും, സ്വന്തം കഴിവിലും, മക്കളിലും, മറ്റ് വ്യക്തികളിലും, തൊഴിലിലും പ്രതീക്ഷകൾ അർപ്പിച്ചുകൊണ്ട് ജീവിക്കുന്ന സമൂഹത്തെയാണ് ഈ കാലഘട്ടത്തിൽ നമുക്ക് കാണാൻ സാധിക്കുക. അതിനാൽ തന്നെ ഇവർ നിരാശരായി ആത്മഹത്യയിൽ അഭയംതേടുന്ന പ്രവണത കൂടി വരുന്നു. ദൈവത്തിന്റെ മുന്നറിയിപ്പ് അവഗണിക്കാനാവാത്തതാണ് : “ഈ ലോകത്തിലെ ധനവാന്മാരോട്, ഔന്നദ്ധ്യം ഉപേക്ഷിക്കാനും തങ്ങളുടെ പ്രതീക്ഷകള്‍ അനിശ്ചിതമായ സമ്പത്തില്‍ വയ്‌ക്കാതെ അവയെല്ലാം നമുക്കനുഭവിക്കുവാന്‍വേണ്ടി ധാരാളമായി നല്‍കിയിട്ടുള്ള ദൈവത്തില്‍ അര്‍പ്പിക്കാനും നീ ഉദ്‌ബോധിപ്പിക്കുക” (1 തിമോ 6 : 17). കാരണം അവനെ ആശ്രയിക്കുന്നവരെ കുറിച്ച് അവനു ഒരു പദ്ധതിയുണ്ട്, അവർക്ക് പ്രതീക്ഷ നിറഞ്ഞ ഒരു ഭാവിയുണ്ട്. വിശുദ്ധ ഗ്രന്ഥത്തിൽ അടിവരയിട്ടു പറയുന്നുണ്ട്: “തീര്‍ച്ചയായും നിനക്കൊരു ഭാവിയുണ്ട്; നിന്റെ പ്രതീക്‌ഷയ്‌ക്കു ഭംഗം നേരിടുകയില്ല” (സുഭാഷിതങ്ങള്‍ 23:18).
ഈ വചനങ്ങളുടെയെല്ലാം പൂർത്തീകരണമായ ക്രിസ്മസ് എല്ലാവിധ ഹൃദയ സംഘർഷങ്ങൾക്കും, മനോവേദനയ്ക്കും പ്രതീക്ഷയുടെ ലേപനമാകട്ടെ…!
ജോസ് മാർട്ടിൻ ആലപ്പുഴ: കെ.ആർ.എൽ.സി. സി. യുടെ നിർദ്ദേശാനുസരണം "സമനീതിക്കും അവകാശ സംരക്ഷണത്തിനും" എന്ന മുദ്രാവാക്യമായെടുത്ത് കേരളത്തിലെ റോമൻ കത്തോലിക്കാ…
ആണ്ടുവട്ടത്തിലെ മുപ്പത്തൊന്നാം ഞായർ "എല്ലാറ്റിലും പ്രധാനമായ കല്പന ഏതാണ്?" ഒരു നിയമജ്ഞന്റേതാണ് ഈ ചോദ്യം. പുനരുത്ഥാനത്തെക്കുറിച്ചുള്ള വിവാദത്തിൽ യേശു നന്നായി…
അനില്‍ ജോസഫ് പാല: ചങ്ങനാശ്ശേരി അതിരൂപതയുടെ ആര്‍ച്ച് ബിഷപ്പായി സ്ഥാനമേറ്റ ശേഷം ബിഷപ്പ് തോമസ് തറയില്‍ ആദ്യമായി ഭരണങ്ങനത്ത് അല്‍ഫോണ്‍സാമ്മയുടെ…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി: നമുക്ക് മുന്‍പേ സ്വര്‍ഗ്ഗീയ മഹത്വത്തിലേക്ക് കടന്നുപോയ നമ്മുടെ സഹോദരങ്ങളുടെ ഓര്‍മ്മയാണ് നവംബര്‍ ഒന്നാം തീയതി…
സ്വന്തം ലേഖകന്‍ ചങ്ങനാശ്ശേരി : പ്രാര്‍ഥനാ മുഖരിതമായ അന്തരീക്ഷത്തില്‍ ആയിരങ്ങളെ സാക്ഷിയാക്കി ചങ്ങനാശേരി അതിരൂപതയുടെ പുതിയ ആര്‍ച്ച് ബിഷപ്പായി മാര്‍…
സ്വന്തം ലേഖകന്‍ ദുബായ് : ദുബായിലെ കേരള ലാറ്റിന്‍ കാത്തോലിക്ക് കമ്മ്യൂണിറ്റിയുടെ ആഭിമുഖ്യത്തില്‍ 2024 നവംബര്‍ 10ന് ലാറ്റിന്‍…
This website uses cookies.