Categories: Daily Reflection

ഡിസംബർ – 11 ബത്‌ലഹേമിലെ ആട്ടിടയന്മാർ

ക്രിസ്തുമസ് കാലത്തെക്കുറിച്ച് ചിന്തിക്കുമ്പോൾ ആട്ടിടയൻമാരെ കുറിച്ച് ചിന്തിക്കാതെ കടന്നുപോകാനാവില്ല...

ബത്‌ലഹേമിലെ ആട്ടിടയന്മാർ: ക്രിസ്തുമസിന്റെ ആത്മസമർപ്പണം

“ദൈവത്തിന്റെ സ്വന്തം ജനത”യായിരുന്നു ഇസ്രയേൽ ജനത. പരദേശികളെപ്പോലെ വസിച്ച ജനത്തിന്, പ്രധാന ഉപജീവനമാർഗം കൃഷിയും കന്നുകാലി വളർത്തലുമായിരുന്നു. എന്നാൽ, വിശുദ്ധഗ്രന്ഥത്തിൽ നാം അവരെ തിരിച്ചറിയുന്നത് കൂടുതലും ആട്ടിടയന്മാരായിട്ടാണ്. അതിന്റെ ചരിത്രം വളരെ പ്രസക്തിയുള്ളതാണ്. ഇസ്രയേൽ ജനതയുടെ നേതാക്കന്മാരെ ഇടയൻമാരായിട്ടാണ് പരിഗണിച്ചിരുന്നത്. അതിനാലാണ്, യോഹന്നാന്റെ സുവിശേഷം പത്താം അധ്യായത്തിൽ ക്രിസ്തു തന്നെത്തന്നെ ഏറ്റവും നല്ല ഇടയനായിട്ട് ചിത്രീകരിക്കുന്നത്. എസക്കിയേൽ, അമോസ് തുടങ്ങിയ പ്രവാചകന്മാരുടെ പുസ്തകങ്ങളിലും, മറ്റു പഴയനിയമ ഗ്രന്ഥങ്ങളിലുമൊക്കെ, ജനത്തെ ദൈവകൽപന അനുസരിച്ച് നയിക്കുവാൻ കഴിയാത്ത പുരോഹിതരെയും, ഭരണാധികാരികളെയും നിശിതമായി വിമർശിക്കുന്നുണ്ട്. കാരണം, അവർ ഇടയന്മാരുടെ ജീവിതത്തിൽ നിന്ന് ഇടറിപ്പോയി എന്നതുതന്നെ.

ഇടയന്മാർക്കും, അജഗണത്തിനും ദൈവീക കരുതലിന്റെ പരിവേഷമാണ് വേദപുസ്തകം നൽകിയിരിക്കുന്നത്. ചുരുക്കത്തിൽ, ക്രിസ്തുവിനെക്കുറിച്ചു ചിന്തിക്കുമ്പോൾ നമ്മുടെ മനസ്സിൽ ആദ്യം ഓടിയെത്തുന്ന സങ്കല്പവും, ദൈവവിളി ഞായർ ആഘോഷിക്കുമ്പോൾ ഓർക്കുന്നതും “നല്ല ഇടയന്റെ” സങ്കല്പം തന്നെയാണ്.

രക്ഷാകര ചരിത്രത്തിന്റെ തുടക്കം മുതലേ, ആട്ടിടയന്മാരുടെ വിവരങ്ങൾ വ്യക്തമായി വിശുദ്ധഗ്രന്ഥം നൽകുന്നുണ്ട്. ആടിനെ മേയ്ക്കുമ്പോഴാണ് മോശ ഇസ്രയേൽ ജനതയുടെ രക്ഷക്കായി വിളിക്കപ്പെട്ടത്. പിൽക്കാലത്ത് രാജാവായെങ്കിലും, ദാവീദ് ചെറുപ്പത്തിൽ ആട്ടിടയനായിരുന്നു. ദാവീദിന്റെ വംശത്തിൽ നിന്നാണ് യേശുവിന്റെ ജനനം പോലും. അതിനാൽത്തന്നെ, ക്രിസ്തുമസ് കാലത്തെക്കുറിച്ച് ചിന്തിക്കുമ്പോൾ ആട്ടിടയൻമാരെ കുറിച്ച് ചിന്തിക്കാതെ കടന്നുപോകാനാവില്ല.

ക്രിസ്തു ജനിച്ചുവെന്ന മംഗളവാർത്ത ലഭിക്കുന്നത്, രാത്രിയിൽ ശൈത്യത്തെ അതിജീവിക്കുവാനായി തീ കാഞ്ഞു കൊണ്ടിരുന്ന, ഉറക്കമിളച്ച് ആടുകൾക്ക് കാവലാളായിരുന്ന, അതേസമയം നിദ്രാവിഹീനരുമായിരുന്ന ആട്ടിടയന്മാർക്കാണ്. “നിങ്ങൾക്കായി ഒരു രക്ഷകൻ കാലിത്തൊഴുത്തിൽ പിറന്നിരിക്കുന്നു. ഭൂമിയിൽ സന്മനസ്സുള്ളവർക്ക് സമാധാനം!!!” എന്നുറക്കെ പാടിക്കൊണ്ട് മാലാഖമാർ സദ്‌വാർത്ത ആട്ടിടയൻമാരെ അറിയിക്കുകയുണ്ടായി. എന്തായിരിക്കും, എല്ലാവരെയും മറികടന്ന്, ലോകരക്ഷകന്റെ ജനനം ആദ്യം തന്നെ, ദൈവം ആട്ടിടയൻമാരെ അറിയിക്കാനുണ്ടായ കാരണം?

ഒരുപക്ഷേ, യേശുവിന്റെ മഹത്തായ ദൗത്യത്തിനുള്ള നാന്ദികുറിക്കലായിരുന്നിരിക്കണമത്. തന്റെ ജനത്തിന്റെ ഇടയനായി അവർക്കുവേണ്ടി ജീവനർപ്പിക്കാൻ പോലും സന്നദ്ധത കാണിക്കുന്ന ക്രിസ്തുവിന്റെ രക്ഷാകര ദൗത്യത്തിന്റെ തുടക്കം കുറിക്കലായിരുന്നിരിക്കണം ആ മംഗളവാർത്തയിലൂടെ നൽകിയത്.

നമുക്കറിയാം, ആട്ടിടയന്മാരുടെ ജീവിതം വളരെ ജാഗ്രതയോടെയുള്ളതാണെന്ന്. ചെന്നായ്ക്കളും, കാട്ടു മൃഗങ്ങളും ആടുകളെ ആക്രമിക്കാൻ സാധ്യതയുള്ളതുകൊണ്ട് എപ്പോഴും മുമ്പേ നടന്നുകൊണ്ട് ആടുകൾക്ക് സുരക്ഷ ഒരുക്കുന്നവരാണ് ആട്ടിടയന്മാർ. ആടുകളെ ആക്രമിക്കുന്നതിന് മുൻപ് ആക്രമികളോട് പോരാടി, ജീവൻ നൽകിയും ആട്ടുകളെ സംരക്ഷിക്കുകയാണ് ദൗത്യം. ക്രിസ്തു തന്റെ ജനത്തെ വീണ്ടെടുത്തതും ഇപ്രകാരം തന്നെയാണ്. ശത്രുവായ തിന്മയെ പരാജയപ്പെടുത്തി, നന്മയുടെ ഉയിർപ്പ് തന്റെ അജഗണത്തിന് നൽകിയ മഹാഇടയനാണ് ക്രിസ്തു!

ക്രിസ്മസ് രാത്രിയിൽ, ആട്ടിടയന്മാർ വളരെ സന്തോഷപൂർവ്വവും, വിശ്വാസപൂർവ്വവുമാണ് ആ സന്ദേശം സ്വീകരിച്ചത്. ഈ ലോകത്തിലെ എല്ലാവർക്കും വേണ്ടിയുള്ള സന്ദേശമായിരുന്നു അത്. പക്ഷേ എല്ലാവരും സ്വാർത്ഥതയുടെയും, ആലസ്യത്തിന്റെയും, അഹങ്കാരത്തിന്റെയുമൊക്കെ മടിത്തട്ടിൽ കിടന്ന് നിദ്രയിലാഴ്ന്നുപോയതുകൊണ്ട് മാലാഖയുടെ സ്വരം ശ്രവിക്കാൻ സാധിച്ചില്ല. ദൈവമിന്നും ആ സന്ദേശം നമുക്ക് നൽകുന്നുണ്ട്. മറ്റുള്ളവർക്ക് കാവലാളാകാനുള്ള, സന്ദേശമാകാനുള്ളതാണ് ആ വിളി. അത് സ്വീകരിച്ചു കൊണ്ടാണ് അവർ സന്തോഷപൂർവ്വം, വിശ്വാസപൂർവ്വം ബെത്‌ലഹേമിലേക്ക് യാത്രയാകുന്നത്.

തങ്ങളുടെ രക്ഷയ്ക്ക് വേണ്ടി ഭൂമിയിൽ അവതരിച്ച ഇടയനെ കാണാനായിട്ട് അവർ വെറും കൈയോടെയായിരിക്കില്ല പോയത്. ജ്ഞാനികൾ മാത്രമല്ല ആട്ടിടയന്മാരും ഉണ്ണിയേശുവിന് മുൻപിൽ അവരുടെ കുഞ്ഞു സമ്മാനങ്ങൾ നൽകിയിട്ടുണ്ടാകും. കുഞ്ഞുങ്ങൾ ജനിക്കുമ്പോൾ കാണാൻ പോകുന്നത് നമ്മുടെ നാട്ടിലും പ്രധാനപ്പെട്ട ഒരു ചടങ്ങാണ്. ക്രിസ്തുവിനെ സന്ദർശിച്ച ആദ്യത്തെ വ്യക്തികളെന്ന നിലയിൽ ആട്ടിടയന്മാർ, ക്രിസ്തുവിന്റെ ഹൃദയത്തിലിടം തേടുന്നവരായി മാറുകയാണ്. ഏറ്റവും അടുത്ത ബന്ധുക്കളാണല്ലോ കുഞ്ഞിനെ കാണാൻ ആദ്യമെത്തുന്നത്.

ക്രിസ്തുവിനെ ആരാധിക്കുകയും, വണങ്ങുകയും, അതു ദൈവമാണെന്ന് അവർ തിരിച്ചറിയുകയും ചെയ്തു. അവരുടെ മനസ്സിന്റെ നന്മയും, തങ്ങളുടെ സഹജീവികളോടുള്ള പരിഗണനയും, തങ്ങളെ ഏൽപ്പിച്ച ഉത്തരവാദിത്വങ്ങളിലുള്ള ശുഷ്കാന്തിയുമൊക്കെ അവർക്ക് അതിന് തുണയായി.

ക്രിസ്തുവിന്റെ വരവിനായി ഒരുങ്ങി കൊണ്ടിരിക്കുന്ന ഈ ആഗമനകാലത്തിൽ, ആട്ടിടയൻമാരെ പോലെ നമ്മൾക്കും ദൈവത്തിന്റെ സന്ദേശം സ്വീകരിക്കുന്നവരാകാം. ക്രിസ്തുവിനെപ്പോലെ മറ്റുള്ളവർക്ക് സംരക്ഷണം നൽകുന്നവരായിട്ടു മാറാം. ജീവൻ കൊടുത്തു പോലും മറ്റുള്ളവരെ സ്നേഹിക്കുവാനും, വിശ്വസ്തതയോടും, സമാധാനത്തോടും, സന്തോഷത്തോടും കൂടി ക്രിസ്തുവിനെ നമ്മുടെ ഹൃദയങ്ങളിൽ ഉൾക്കൊള്ളാനും, ദൈവസ്വരം തിരിച്ചറിയാനുമുള്ള എളിമ നമുക്ക് പരിശീലിക്കാം.

സങ്കീർത്തനങ്ങൾ 23:1 നമുക്ക് മനഃപ്പാഠമാക്കാം: കർത്താവാണ് എന്റെ ഇടയൻ; എനിക്കൊന്നിനും കുറവുണ്ടാവുകയില്ല.

 

കാത്തലിക് വോകസിന്റെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരുവാനായി ക്ലിക്ക് ചെയ്യുക

Click to join Catholiocvox Whatsaap group

vox_editor

Share
Published by
vox_editor

Recent Posts

3rd Sunday_Ordinary Time_2026_ദൈവവചനം പ്രഘോഷിക്കപ്പെടട്ടെ (മത്താ 4: 12-23)

ആണ്ടുവട്ടത്തിലെ മൂന്നാം ഞായർ യോഹന്നാൻ ബന്ധനസ്ഥനായിരിക്കുന്നു. എല്ലാവർക്കുമുള്ള ഒരു സന്ദേശമായിരുന്നു അത്. രാജാവിന് അപ്രിയമായതൊന്നും പ്രസംഗിക്കരുത് എന്ന സന്ദേശം. ഭയത്തിന്റെ…

2 days ago

2nd Ordinary Sunday_2026_ദൈവത്തിന്റെ കുഞ്ഞാട് (യോഹ. 1: 29-34)

ആണ്ടുവട്ടത്തിലെ രണ്ടാം ഞായർ "ഇതാ, ദൈവത്തിന്റെ കുഞ്ഞാട്" - തന്റെ അടുത്തേക്ക് വരുന്ന നസ്രായനെ നോക്കി സ്നാപകൻ ശിഷ്യന്മാർക്ക് നൽകുന്ന…

1 week ago

Baptism of Jeuse_2026_സ്നേഹ പ്രഖ്യാപനം (മത്താ 3: 13-17)

ക്രിസ്തുവിന്റെ ജ്ഞാനസ്നാന തിരുനാൾ 30 വർഷങ്ങൾ കടന്നുപോയി: ബെത്‌ലഹേമിലെ കുഞ്ഞ് ഇപ്പോൾ ഒരു യുവാവാണ്. എവിടെയായിരുന്നു അവൻ ഇത്രയും നാളും?…

2 weeks ago

Epiphany_2026_എല്ലാവരുടെയും ദൈവം (മത്താ 2:1-12)

പ്രത്യക്ഷവൽക്കരണത്തിരുനാൾ ഇന്ന്, പ്രത്യക്ഷവത്കരണത്തിരുനാൾ, അതായത്, മിശിഹാ ഇസ്രായേലിന്റെ ഒരു സ്വകാര്യ നിധിയല്ല, മറിച്ച് എല്ലാവർക്കും വേണ്ടിയുള്ളതാണെന്നു പ്രഖ്യാപിക്കുന്ന ആഘോഷം. ലൂക്കാ…

3 weeks ago

സംയുക്ത ക്രിസ്തുമസ് വിളമ്പര റാലി ഹോപ്പ് 2K25; വിശ്വാസത്തിന്റെ സാക്ഷ്യങ്ങളായി പതിനായിരങ്ങൾ

ജോസ് മാർട്ടിൻ ആലപ്പുഴ: ക്രിസ്തുവിന്റെ മനുഷ്യാവതാര ജൂബിലി വർഷത്തിന്റെ സമാപനത്തിന്റെ ഭാഗമായി ആലപ്പി എക്യുമെനിക്കൽ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ആലപ്പുഴ പട്ടണത്തിലെ…

1 month ago

ഐ‌.എം‌.എസ്. ധ്യാനഭവൻഡയറക്ടർ ഫാ. പ്രശാന്ത് ഐ‌.എം‌.എസ്. നിര്യാതനായി

ജോസ് മാർട്ടിൻ ആലപ്പുഴ/പുന്നപ്ര: ഐ‌.എം‌.എസ്. ധ്യാനഭവൻ ഡയറക്ടർ ഫാ. പ്രശാന്ത് ഐ‌.എം‌.എസ്. ഇന്ന് രാവിലെ ഹൃദയാഘാതത്തെ തുടര്‍ന്ന് നിര്യാതനായി. ഹൃദയാസ്വാസ്ഥ്യത്തെ…

1 month ago