ക്രിസ്‌തുമസ്കാലം സ്നേഹം പങ്കുവയ്ക്കുന്ന പ്രത്യേക കാലമാണ്, പുൽക്കൂട്ടിൽ പുഞ്ചിരിക്കുന്ന ഉണ്ണീശോ നമ്മെ ക്ഷണിക്കുന്നതും സ്നേഹത്തിന്റെ പ്രവാചകരാകാൻ; ആർച്ച് ബിഷപ്പ് ഡോ. ജോസഫ് കളത്തിപറമ്പിൽ
ക്ഷണിക്കപ്പെട്ട മാധ്യമ പ്രവർത്തകർക്ക് ക്രിസ്‌തുമസ്-നവവത്സര ആശംസകൾ നേരുകയും ക്രിസ്തുമസ് സമ്മാനങ്ങൾ നൽകുകയും ചെയ്തു...
ജോസ് മാർട്ടിൻ
കൊച്ചി: പിതാവായ ദൈവം മനുഷ്യ മക്കൾക്ക് നൽകിയ ഏറ്റവും പൂർണ്ണതയുള്ള സമ്മാനമാണ് അവിടുത്തെ പുത്രനായ ഉണ്ണീശോയെന്നും സ്വർഗ്ഗത്തിൽ നിന്നും ദിവ്യമായ ആ സമ്മാനത്തെ ഭൂമി ഏറ്റുവാങ്ങിയ സുന്ദരവും സന്തോഷകരവുമായ ഓർമ്മയാണ് നാം ക്രിസ്‌മസിൽ അനുസ്‌മരിക്കുന്നതും ആഘോഷിക്കുന്നതുമെന്നും ആർച്ച് ബിഷപ്പ് ഡോ. ജോസഫ് കളത്തിപറമ്പിൽ. ഡിസംബർ 20-ന് വരാപ്പുഴ അതിരൂപതാ ആർച്ച് ബിഷപ്പ് ഹൗസിൽ വിളിച്ചു ചേർത്ത മാധ്യമ സംഗമത്തിൽ ക്രിസ്മസ് സന്ദേശം നൽകുകയായിരുന്നു പിതാവ്. സ്നേഹം, ത്യാഗം, സമാധാനം എന്നിവ മുറുകെപ്പിടിക്കുന്ന മനുഷ്യർക്ക് മാത്രമാണ് ക്രിസ്തുമസിന്റെ പൂർണ്ണതയെന്ത് എന്ന് അറിയാൻ സാധിക്കുകയുള്ളൂവെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
ദൈവസ്നേഹത്തിന്റെ മനുഷ്യവതാരമാണ് ക്രിസ്‌തുമസ് എന്നും നമുക്കറിയാം. മനുഷ്യകുലത്തോടുള്ള ദൈവത്തിന്റെ അതിരില്ലാത്ത സ്നേഹത്തിന്റെ ഫലമായിട്ടാണ് ദൈവപുത്രൻ ഈ ഭൂമിയിൽ മനുഷ്യനായി അവതരിച്ചത്. ആ പുണ്യ സ്നേഹമാണ് നമ്മുടെ ഹൃദയത്തിൽ നിറയേണ്ടതും പങ്കുവയ്ക്കപ്പെടേണ്ടതും. ക്രിസ്‌തുമസ്കാലം സ്നേഹം പങ്കുവയ്ക്കുന്ന പ്രത്യേക കാലമാണ്. പുൽക്കൂട്ടിൽ പുഞ്ചിരിക്കുന്ന ഉണ്ണീശോ നമ്മെ ക്ഷണിക്കുന്നതും സ്നേഹത്തിന്റെ പ്രവാചകരാകുവാനാണ്. നമ്മൾ ശുശ്രൂഷ ചെയ്യുന്നിടങ്ങളിൽ പങ്കുവയ്ക്കപ്പെടേണ്ടതും ക്രിസ്‌തു നമുക്ക് പകർന്നു തന്ന ഈ ദിവ്യസ്നേഹം തന്നെയാണ്. നമ്മെ ഒരുമിച്ചു ചേർക്കുന്നതും അവിടുത്തെ സ്നേഹമാണെന്നും ആർച്ച് ബിഷപ്പ് പറഞ്ഞു.
തുടർന്ന്, ക്ഷണിക്കപ്പെട്ട മാധ്യമ പ്രവർത്തകർക്ക് ക്രിസ്‌തുമസ്-നവവത്സര ആശംസകൾ നേരുകയും ക്രിസ്തുമസ് സമ്മാനങ്ങൾ നൽകുകയും ചെയ്തു.