കോപത്തിന്റെ കാണാപ്പുറങ്ങൾ
നിങ്ങളുടെ സമ്മതമില്ലാതെ ആർക്കും നിങ്ങളെ കോപിപ്പിക്കാനാവില്ല...
“തീവച്ചു പൊളിച്ച പുണ്ണും ശമിച്ചിട്ടും, നാവ് പൊള്ളിച്ചതോ മായാ” (തിരുക്കുറൽ).
കോപം ഒരു വികാരമാണ്. വികാരത്തെ വിചാരം കൊണ്ട് നിയന്ത്രിക്കേണ്ട വരാണ് മനുഷ്യൻ. നമുക്ക് കിട്ടുന്ന വിദ്യാഭ്യാസം, ശിക്ഷണം, ലോകപരിചയം, ജീവിതാനുഭവം etc യഥാർത്ഥത്തിൽ നമ്മെ മൃഗത്തിന്റെ തലത്തിൽ നിന്ന് മനുഷ്യന്റെ തലത്തിലേക്ക് ഉയർത്തുന്ന ഘടകങ്ങളാണ്. നമ്മെ ഒറ്റിക്കൊടുക്കുന്ന ഒരു വികാരമാണ് കോപം. ബന്ധങ്ങളെ ശിഥിലമാക്കുന്ന വികാരമാണ് കോപം. കോപത്തെ നാം നിയന്ത്രിക്കേണ്ട സ്ഥാനത്തും സമയത്തും, കോപം നമ്മെ നിയന്ത്രിക്കുമ്പോഴാണ് ആത്മഹത്യകളും കൊലപാതകങ്ങളുമൊക്കെ പലപ്പോഴും സംഭവിക്കുന്നത്.
നാം എന്തുകൊണ്ട് കോപിക്കുന്നു? കോപത്തിന് കാരണമെന്താണ്? കോപം എങ്ങനെ നിയന്ത്രിക്കാം? ഇവയെക്കുറിച്ച് നാം ഒത്തിരി വായിച്ചും കേട്ടും മനസ്സിലാക്കിയിട്ടുള്ളവരാണ്. എങ്കിലും ചിലപ്പോൾ കോപം കൈവിട്ടു പോകുന്നു. കോപത്തിന്റെ ഹിഡൻ അജണ്ടയെക്കുറിച്ച് നാം ബോധവാന്മാരാകേണ്ടതുണ്ട്. എതിരാളികൾക്ക് നമ്മെ കീഴ്പ്പെടുത്താനുള്ള എളുപ്പമാർഗ്ഗം തന്നെ നമ്മെ പ്രകോപിപ്പിക്കുക, ചൊടിപ്പിക്കുക, ദേഷ്യപ്പെടുത്തുക എന്നതാണ്. ദേഷ്യം വരുമ്പോൾ നാം “സമനില തെറ്റി” സംസാരിക്കുമെന്നും പ്രവർത്തിക്കുമെന്നും അവർക്ക് നന്നായി അറിയാം. അരിശം വരുമ്പോൾ അസഭ്യവാക്കുകൾ പറയുമെന്നും, അക്രമം കാട്ടുമെന്നും അവർക്കറിയാമെങ്കിൽ നമ്മെ പരാജയപ്പെടുത്താൻ എളുപ്പമായി. “പ്രതിപക്ഷ” ബഹുമാനം ഇല്ലാതെയാവും നാം പലപ്പോഴും സംസാരിക്കുന്നത്. ഏതുവിധേനയും മറ്റൊരാളെ അടിച്ചമർത്തുക എന്നതാവും നമ്മുടെ ലക്ഷ്യം. നമ്മുടെ സ്ഥാനത്തിനും വിലക്കും നിലയ്ക്കും യോജിക്കാത്ത “വാക്കും പ്രവർത്തിയും” സമൂഹമധ്യത്തിൽ നമ്മെ അവഹേളിതരാക്കും. ഇത്തരത്തിലുള്ള വരെയാണ് “ഇഞ്ചിക്കുന്നന്മാർ” എന്ന് ആൾക്കാർ വിളിക്കുന്നത്.
പാമ്പു ചീറ്റുന്നതും, പത്തി വിടർത്തുന്നതും മറ്റുള്ളവരിൽ നിന്ന് രക്ഷപ്പെടാനുള്ള തന്ത്രമാണ്. അതുപോലെ “മൂക്കത്ത് അരിശം” കാണിക്കുന്നവർ പലപ്പോഴും താൻ ചെയ്ത തെറ്റിൽ നിന്ന് രക്ഷപ്പെടാനുള്ള മാർഗമായി അരിശം കാട്ടാറുണ്ട്. അതെ, പലതും, പലതും മൂടിവെക്കാനുള്ള തന്ത്രം! ചിലപ്പോൾ കഴിഞ്ഞകാലങ്ങളിൽ നിന്ന് കിട്ടിയ ദുരനുഭവങ്ങൾ (രോഗം, ദാരിദ്ര്യം, കടബാധ്യത, നിരാശ, ദാമ്പത്യ വിശ്വസ്തത, മാറിയ സാഹചര്യങ്ങളോട് പൊരുത്തപ്പെടാൻ കഴിയാത്ത വീർപ്പുമുട്ടലുകൾ etc etc) കോപത്തിന്റെ രൂപത്തിൽ പ്രതിഫലിക്കുന്നതാകാം.
നമ്മുടെ തനിസ്വരൂപം പുറത്തെടുക്കുന്ന ചില ഉദാഹരണങ്ങൾ ചൂണ്ടിക്കാണിക്കാം:
1) ഉറങ്ങി കിടക്കുന്ന നമ്മുടെ ദേഹത്ത് വെള്ളം ഒഴിച്ചാൽ നാം ആദ്യം പറയുന്ന വാക്ക് എന്തായിരിക്കും? നഴ്സറിയിലും സ്കൂളിലും പഠിക്കാത്ത ഭാഷയായിരിക്കും.
2) നാം ഒരു ഇന്റർവ്യൂന് പോകുമ്പോൾ നമ്മുടെ ദേഹത്ത് ഓട്ടോക്കാരൻ (വാഹനം) ചെളിവെള്ളം തെറിപ്പിച്ചു എന്ന് കരുതുക. ചിലപ്പോൾ അടിപിടി, പോലീസ് കേസ് വരെ എത്താം.
3) ക്രിക്കറ്റ് കളി/സീരിയൽ കണ്ടുകൊണ്ടിരിക്കുമ്പോൾ കറണ്ട് പോയാൽ? etc etc.
ചിലർക്ക് മാതാപിതാക്കളുടെയോ കുടുംബാംഗങ്ങളുടെ “മോശം” ജീവിതം കാരണം സമൂഹത്തിൽ “തലനിവർത്തി നടക്കാൻ” കഴിയാത്ത ദുരവസ്ഥ ഉണ്ടാകുമ്പോൾ, “കോപത്തെ” ഒരു പുറംകുപ്പായം പോലെ എടുത്തണിയാറുണ്ട്. ഇക്കാര്യങ്ങളെക്കുറിച്ച് മന:ശാസ്ത്രപരമായി വിശകലനം ചെയ്ത് വിലയിരുത്തുന്ന ഒരു ശാസ്ത്രശാഖ തന്നെയുണ്ട് – “ഇരിറ്റബിലിറ്റി ക്വാഷ്യന്റ്”.
മുകളിൽ പ്രസ്താവിച്ച മൂന്ന് കാര്യങ്ങളെ “സമചിത്തതയോടെ” അപഗ്രഥിച്ചാൽ തീവ്രത കൂടിയ കാരണങ്ങളും തീവ്രത കുറഞ്ഞ കാരണങ്ങളെന്നും മനസ്സിലാക്കാൻ കഴിയും. (തീരെ കുറവ്, കുറവ്, സാമാന്യം, ഏറെ കടുത്തത് etc etc) കോപത്തെ നിയന്ത്രിക്കാനുള്ള ശ്രമത്തിൽ എല്ലാം ഉള്ളിലൊതുക്കിയാൽ “വിഷാദരോഗം” (Depression) നമ്മെ ബാധിച്ചു എന്നു വരാം. അത് ഉത്കണ്ഠ, പിരിമുറുക്കം, മാനസിക സമ്മർദ്ദം, ഞരമ്പ് രോഗങ്ങൾ എന്നിവയിലേക്കും ബാധിച്ചെന്നു വരാം. തോൽവി (വീഴ്ച) ഉണ്ടാകുമ്പോൾ അത് കാര്യകാരണസഹിതം സമയബന്ധിതമായി അപഗ്രഥിച്ച് ബാലൻസ് (സന്തുലിതം) ചെയ്ത് പുതിയ പാഠങ്ങൾ, സാധ്യതകൾ ആരായുന്നതാണ് യുക്തിഭദ്രം. “നിങ്ങളുടെ സമ്മതമില്ലാതെ ആർക്കും നിങ്ങളെ” കോപിപ്പിക്കാനാവില്ല; ഒന്നും നഷ്ടപ്പെടാനില്ലാത്തവരോട് കോപിക്കാൻ പോകരുത്. ദൈവം കൃപ ചൊരിയട്ടെ!!!