Categories: Articles

കൊറോണശയ്യയിൽ പ്രവാസിയുടെ ഹൃദയനൊമ്പരം

വിദേശങ്ങളിൽ നമ്മുടെ ആളുകളുടെ മരണവാർത്തകൾ...

ജിനു തെക്കേത്തല

കുഞ്ഞുനാളിൽ എത്ര ചെറിയ അസുഖം വന്നാലും നാം ആഗ്രഹിക്കുക അമ്മയോ അച്ഛനോ നമ്മുടെ അടുക്കൽ വന്നൊന്നിരിക്കുക, നമ്മളെ ഒന്ന് തലോടുക എന്നൊക്കെയല്ലേ. ഡോക്ടർമാർ എത്ര മരുന്ന് കുറിച്ചുതന്നാലും, മാതാപിതാക്കൾ അതെടുത്ത് നമ്മുടെ കൈയിൽ തരുമ്പോൾ അല്ലേ യഥാർത്ഥത്തിൽ ഒരു സമാധാനം കൈവരിക? ഇതാണ് സ്വന്തത്തിന്റെ സ്വാന്തനമൂറുന്ന കരുതലെന്ന് പറയുക… എന്നാൽ വളർന്നുകഴിയുമ്പോൾ മാതാപിതാക്കളിൽ ഒതുക്കിനിർത്തപ്പെട്ടിരുന്ന ഈ സ്നേഹം വിശാലമായി. സഹോദരങ്ങൾ, ഭാര്യ, കുടുംബം, നാട്, സ്വന്തക്കാർ, കൂട്ടുകാർ എന്നിങ്ങനെ പല മേഖലകളിൽ വ്യാപിക്കുന്നതും സ്വാഭാവികം. അന്നം തേടി അന്യനാടുകളിൽ അലയുമ്പോഴും ഓരോ പ്രവാസിയുടെയും ഉള്ളിൽ ഈ ഒരു സ്നേഹത്തിനുവേണ്ടിയുള്ള ദാഹം ഉള്ളിന്റെ ഉള്ളിൽ എപ്പോഴും നിലനിൽക്കുന്നുണ്ട്. ഗതികേടുകൊണ്ട് ഗൾഫ് നാടുകളിലും, മറ്റ് വിദേശരാജ്യങ്ങളിലും എല്ലുമുറിയെ പണിയെടുത്ത് ജീവിതം മുൻപോട്ട് കൊണ്ടുപോകുന്നവരെ കാണുമ്പോൾ നാട്ടിലുള്ള ആളുകൾ പണ്ട് പറയുമായിരുന്നു; “അതാ കാശുകാരൻ പോകുന്നു” പക്ഷെ ഇവരുടെ ദുരിത ജീവിതം കാണാൻ 2010 മുതൽ എനിക്ക് സാധിച്ചു. അത് വലിയ തിരിച്ചറിവുകളാണ് എനിക്ക് തന്നത്. ഗൾഫുകാരായ നമ്മുടെ സഹോദരങ്ങളുടെ ജീവിതത്തിന്റെ മറുപുറം. പക്ഷെ ഈ ഇല്ലായ്മ ഒരിക്കൽപോലും നാട്ടിലെ ജനങ്ങളുടെ ബുദ്ധിമുട്ടേറിയ പല അനുഭവങ്ങൾക്ക് മുൻപിലും അവർ അറിയിച്ചിരുന്നില്ല. അതിന് ഏറ്റവും വലിയ ഉദാഹരണമാണ് കഴിഞ്ഞ വർഷങ്ങളിലെ പ്രളയങ്ങളും, 2004 ലെ സുനാമിദുരന്തവും, ഓഖി കൊടുങ്കാറ്റിന്റെ ഭീകരതയുമൊക്കെ നാട്ടിലുള്ള നമ്മുടെ അന്നം മുട്ടിച്ചപ്പോൾ, വിശപ്പ് മറന്ന് ആ പണം പോലും ആവശ്യവസ്തുക്കൾ വാങ്ങിക്കാൻ ജാതി, മത, വർഗ, രാഷ്ട്രീയ വ്യത്യാസങ്ങളില്ലാതെ നമ്മുടെ നാട്ടിലെ സഹോദരങ്ങൾക്ക് എത്തിച്ചുനൽകാൻ പ്രവാസികൾ കാണിച്ച വലിയ മനസ്സ്.

ലോകജനതയെ മുഴുവൻ വേദനയുടെ മുൾമുനയിൽ നിർത്തിയാണ് 2020 ആണ്ടിൽ കോവിഡ്‌ വൈറസ് രംഗപ്രവേശനം ചെയ്തത്. ചൈനയിലെ വുഹാനിൽ വൈറസിന്റെ ഉത്ഭവം തുടങ്ങിയ നാൾ മുതൽ നമ്മുടെ നാട്ടിൽ തുടങ്ങിയ ആരോഗ്യപ്രവർത്തനങ്ങൾ ഏറെ ശ്ലാഘനീയമാണ്. കുഞ്ഞുനാളിലെ അമ്മയുടെ കരുതൽ പോലെ ടീച്ചറമ്മയുടെ (ഷൈലജടീച്ചർ) വാത്സല്യം ഏറെ ഏറ്റുവാങ്ങിയവരാണ് പഠനത്തിനായി ചൈനയിൽ ആയിരുന്ന നമ്മുടെ മക്കൾ. രാഷ്ട്രീയ വ്യത്യാസങ്ങൾക്കും അതീതമായി മാനുഷികതയുടെ ഒരു മുന്നൊരുക്കം നമ്മുടെ നാട്ടിൽ ഏറെ പ്രകടമായിരുന്നു. നമ്മുടെ സർക്കാർ ഇക്കാര്യത്തിൽ തുടക്കം മുതലേ കാണിച്ച പല പ്രവർത്തനങ്ങളോടും അസൂയയോടെ നോക്കിനിന്ന ആളുകളും ഉണ്ടായിരുന്നുവെന്നത് സത്യം തന്നെ. പിന്നീട് ഈ അസുഖം കടലുകൾ താണ്ടി യൂറോപ്പിന്റെ തീരമണഞ്ഞപ്പോൾ ഏറ്റവുമധികം ബാധിച്ചത് ഇറ്റലിയെന്ന മഹാനഗരത്തെയാണ്. നമ്മുടെ നിരവധി സഹോദരങ്ങൾ അന്നന്നുള്ള അപ്പത്തിന് വേണ്ടി ഏറ്റവും താഴ്ന്ന ജോലികൾ പോലും ചെയ്തുകൊണ്ട് ജീവിക്കുന്ന ഒരു നാട്. അസുഖം ഓരോ ദിവസവും ആയിരക്കണക്കിന് ആളുകളെ കൊന്നൊടുക്കുന്ന ശൈത്യാവസ്ഥ. ഈ മരവിപ്പ് ഇവിടെയുള്ള ആളുകളെ പോലും ബാധിച്ചപ്പോൾ ആണ്, നമ്മുടെ നാടിന്റെ കരുതലിന്റെ കരം ചേർത്തുപിടിക്കാൻ, ആളുകൾ ധാരാളമായി നാട്ടിലേക്ക് മടങ്ങാൻ ശ്രമിച്ചത്. പക്ഷെ അപ്പോഴേക്കും അഗ്നിപർവ്വതത്തിൽ നിന്നും ഒഴുകിവരുന്ന ലാവയെന്നപോലെ ഇറ്റലി മുഴുവനെയും ഈ വൈറസ് ബാധ നിശ്ചലമാക്കി.

ഓരോ ദിവസവും 20 യൂറോയ്ക്ക് പോലും പണിയെടുത്ത്‍ 5 യൂറോ കൊണ്ട് ആഹാരം കഴിച്ചിരുന്നവർക്ക് പോലും ഈ നിശ്ചലാവസ്ഥ നൽകിയത് ജീവിതത്തിന്റെ ശൂന്യതയാണ്. ഏറ്റവും കൂടുതൽ ദുരിതം നേരിട്ട പഠനത്തിനായി എത്തിയ കുട്ടികൾ പോലും ദിവസങ്ങൾ ഭക്ഷണം പോലുമില്ലാതെ വാവിട്ടു കരഞ്ഞതും ഈ ഡിജിറ്റൽ ലോകത്തിന്റെ നേർക്കാഴ്ചയായി എന്നതിന് നാമെല്ലാവരും സാക്ഷി. ഈ നാട്ടിൽ നിന്നും നമ്മുടെ നാട്ടിലേക്ക് വരാൻ കരഞ്ഞു കൊണ്ട് കേണപേക്ഷിച്ച ആളുകളുടെ ലൈവ് വിഡിയോകൾക്ക് രോഷത്തോടെയുള്ള മറുപടികളും തീരാവേദനയായി. അപ്പോഴും കേരളസർക്കാരിന്റേയും, പ്രതിപക്ഷത്തിന്റെയും പത്രസമ്മേളനങ്ങൾക്കിടയിലെ ആശ്വാസവാക്കുകൾ അല്പം സമാധാനം നൽകിയിരുന്നു.

പിന്നീടാണ് ഈ രോഗത്തിന്റെ ഭീകരത ലോകം മുഴുവനെയും ഒന്നായി വിഴുങ്ങുന്നത്. അമേരിക്കയിലും, ഗൾഫ് നാടുകളിലും, യൂറോപ്പിന്റ മറ്റു പ്രദേശങ്ങളിലും കൊറോണ മനുഷ്യനെ പ്രായഭേദമന്യേ കാലപുരിക്കയക്കുന്ന മരണത്തിന്റെ മരവിച്ച മുഖം. വിദേശങ്ങളിൽ നമ്മുടെ ആളുകളുടെ മരണവാർത്തകൾ, പത്രങ്ങളുടെ ഉൾത്താളുകളിലും, മാധ്യമങ്ങളുടെ കണക്കെടുപ്പുകളിലും നിറഞ്ഞുനിന്നപ്പോൾ ഫലപ്രദമായ ഒരു മറുപടി എല്ലാവരും പ്രതീക്ഷിച്ചു. പക്ഷേ ഇന്നും വാവിട്ടുകരയുന്ന നിലവിളികൾ നിലച്ചിട്ടില്ല. പഴയ ബാല്യത്തിന്റെ കരുതൽ വലുതായപ്പോൾ നാടിനോളം വളർന്നത് പ്രവാസികളുടെ തെറ്റാണോ? ഓൺലൈൻ ബന്ധങ്ങളിൽ ചോദ്യോത്തരം നടത്തി എത്ര ശതമാനം പ്രവാസികളുടെ കണ്ണീരൊപ്പാൻ നമുക്ക് കഴിയും?

വിമാനത്താവളങ്ങളിൽ ഹാരവും, പൊന്നാടയുമായി കാത്തുനിൽക്കുന്ന പ്രവാസികൾ ആകെയുള്ളവരുടെ ഒരുശതമാനം പോലും വരില്ല. കമ്പനികളിലേക്ക് അൻപത് ഡിഗ്രി കഠിനചൂടിലും ഫാൻ പോലുമില്ലാത്ത ബസുകളിൽ യാത്ര ചെയ്ത് പണിക്കു പോകുന്ന പ്രവാസികളെയാണ് നാം ഓർക്കേണ്ടത്. മൂന്നു നേരം നാം ഭക്ഷണം കഴിക്കുമ്പോൾ, ഒരു നേരത്തെ ആഹാരം മൂന്നു നേരമായി കഴിക്കുന്ന പ്രവാസികളെയാണ് നാം ഓർക്കേണ്ടത്.

ഇപ്പോഴുള്ള നാടുകളിൽ തങ്ങാൻ ആവശ്യപ്പെടുമ്പോഴും മരണത്തിന്റെ ശവക്കല്ലറകൾക്ക് മുകളിൽ ഓലക്കീറിന് മുകളിൽ അന്തിയുറങ്ങുന്ന പ്രവാസികളെയാണ് നാം ഓർക്കേണ്ടത്… പ്രിയരുടെ വേർപാടിൽ കണ്ണീരൊഴുക്കാൻപോലും ഗതിയില്ലാതെ വിഷമിക്കുന്ന പ്രവാസികളെയാണ് നാം ഓർക്കേണ്ടത്… തൊഴിൽ നഷ്ടപ്പെട്ട് വീട്ടുകാരുടെ മുൻപിൽ കരച്ചിലടക്കാൻ പാടുപെടുന്ന പ്രവാസികളെയാണ് നാം ഓർക്കേണ്ടത്… സുരക്ഷാമുൻകരുതലുകൾ കൂടാതെ ആശുപത്രികളിലും, മറ്റ് സ്ഥാപനങ്ങളിലും പണിയെടുക്കാൻ നിർബന്ധിക്കപ്പെടുന്ന പ്രവാസികളെയാണ് നാം ഓർക്കേണ്ടത്…

ഈ ദയനീയാവസ്ഥയിൽ നമ്മുടെ പ്രവാസികൾ നാടിനെ ഓർത്തതും, തിരികെ വരാൻ ആഗ്രഹിച്ചതും തെറ്റാണെങ്കിൽ അവർക്കുവേണ്ടി ഞാൻ നിങ്ങളോട് മാപ്പ് ചോദിക്കുന്നു. ദൈവം അനുഗ്രഹിക്കട്ടെ.

vox_editor

Recent Posts

All Souls’ Day_2025_ക്രൈസ്തവ പ്രത്യാശയുടെ തിരുനാൾ

സകല മരിച്ച വിശ്വാസികളുടെയും ഓർമ്മദിനം "സഹോദരരേ, പ്രത്യാശയില്ലാത്ത മറ്റുള്ളവര്‍ ചെയ്യുന്നതുപോലെ നിങ്ങള്‍ ദുഃഖിക്കാതിരിക്കാന്‍, നിദ്രപ്രാപിച്ചവരെപ്പറ്റി നിങ്ങള്‍ക്ക് അറിവുണ്ടായിരിക്കണമെന്നു ഞങ്ങള്‍ ആഗ്രഹിക്കുന്നു"…

4 days ago

ഞായറാഴ്ച്ച സകല ആത്മാക്കളുടെയും തിരുനാൾ ആഘോഷിക്കാമോ!

ജോസ് മാർട്ടിൻ ആരാധനാക്രമവത്സരം അനുസരിച്ചാണ് സാധാരണയായി ഞായറാഴ്‌ച ആചരണം നടന്നുവരുന്നത്. കർത്താവിന്റെ ദിവസമായ ഞായറാഴ്ചകളിൽ പൊതുവെ മറ്റു തിരുനാളുകൾ ആഘോഷിക്കാറില്ല,…

5 days ago

തുര്‍ക്കിയിലേക്കും ലെബനനിലേക്കുമുള്ള അപ്പോസ്തലിക യാത്രകളുടെ ലോഗോയും മുദ്രാവാക്യങ്ങളും പുറത്തിറക്കി വത്തിക്കാന്‍ മാധ്യമ വിഭാഗം

അനിൽ ജോസഫ് വത്തിക്കാൻ സിറ്റി: നവംബര്‍ 27 മുതല്‍ ഡിസംബര്‍ 2 വരെ തുര്‍ക്കിയിലേക്കും ലെബനനിലേക്കുമുള്ള പോപ്പ് ലിയോ പതിനാലാമന്‍…

1 week ago

ആജ്ഞാപിക്കാനും കല്‍പ്പിക്കാനും സഭയില്‍ ആരും വിളിക്കപ്പെടുന്നില്ല ലിയോ പാപ്പ

അനിൽ ജോസഫ് വത്തിക്കാന്‍ സിറ്റി: ആജ്ഞാപിക്കാനും കല്‍പ്പിക്കാനും സഭയില്‍ ആരും വിളിക്കപ്പെടുന്നില്ലെന്നും സഭയിലെ പരമോന്നത ഭരണം സ്നേഹമാണെന്നും ലിയോ 14-ാമന്‍…

1 week ago

‘പ്രത്യാശയുടെ പുതിയ ഭൂപടങ്ങള്‍ പരികല്പന ചെയ്യുക’: പാപ്പയുടെ പുതിയ അപ്പസ്തോലിക ലേഖനം പുറത്തിറങ്ങി.

അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി: 'ക്രിസ്ത്യന്‍ വിദ്യാഭ്യാസത്തെക്കുറിച്ചുള്ള'രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്‍റെ പ്രമാണരേഖയായ ഗ്രവിസിമും എദുക്കാത്സിയോണിസ് പ്രസിദ്ധീകരിച്ചതിന്‍റെ അറുപതാം വാര്‍ഷികത്തില്‍ ലിയോ…

1 week ago

മോൺ.ആന്റണി കാട്ടിപ്പറമ്പിലിൽ കൊച്ചി രൂപതയുടെ 36- മത്തെ മെത്രാൻ

ജോസ് മാർട്ടിൻ കൊച്ചി: കൊച്ചി രൂപതയുടെ 36- മത്തെ മെത്രാനായി മോൺ.ആന്റണി കാട്ടിപ്പറമ്പിലിനെ ലിയോ പതിനാലാമൻ പാപ്പാ നിയമിച്ചു. കൊച്ചി…

1 week ago