പെസഹാക്കാലം ആറാം ഞായർ
“ഞങ്ങള്‍ അവന്റെ അടുത്തു വന്ന് അവനില്‍ വാസമുറപ്പിക്കും” (v.23).
ദൈവവും മനുഷ്യനും ഒന്നായി തീരാനുള്ള അടങ്ങാത്ത അഭിനിവേശത്തിന്റെ അനിർവചനീയതയാണ് ഒരു രീതിയിൽ പറഞ്ഞാൽ ദൈവ-മനുഷ്യ ചരിത്രം. അതിനായി ദൈവം നൂറ്റാണ്ടുകളോളം പ്രവാചകരിലൂടെയും രാജാക്കന്മാരിലൂടെയും ഭിക്ഷാംദേഹികളിലൂടെയുമെല്ലാം തുനിഞ്ഞിട്ടുണ്ട് എന്നതിന്റെ രേഖകളാണ് പഴയ നിയമ ഗ്രന്ഥങ്ങൾ. അവസാനം അവൻ എത്തുന്നത് നസ്രത്തിലെ ഒരു പെൺകുട്ടിയുടെ ചാരെയാണ്. അവളിലൂടെ ദൈവം മാനുഷികതയിലേക്ക് ഇറങ്ങിവന്നു.
സ്നേഹം എന്നത് ഒന്നായി തീരാനുള്ള അഭിനിവേശമാണെന്ന് പറഞ്ഞത് വിശുദ്ധ തോമസ് അക്വീനാസാണ്. ദൈവം സ്നേഹമാണ്. അവന്റെ അഭിനിവേശമോ നമ്മോട് ഒന്നായി തീരാനും.
“ഞങ്ങൾ അടുത്തു വരും” (πρὸς αὐτὸν ἐλευσόμεθα) എന്നാണ് യേശു ഉറപ്പു നൽകുന്നത്. “വരാനിരിക്കുന്നവൻ” എന്നാണ് ദൈവത്തെ മനുഷ്യ നൊമ്പരങ്ങളുടെ ചരിത്രം രേഖപ്പെടുത്തിയത്. അങ്ങനെയാണ് യേശുവിൽ ചരിത്രം പൂർത്തിയാകുന്നത്. വചനം മാംസമായി നമ്മുടെയിടയിൽ വസിച്ചു (1:14). എല്ലാം നൊമ്പരങ്ങളുടെയും ഉത്തരമായിരുന്നു അത്. ഇപ്പോഴിതാ, തിരികെ പോകേണ്ട സമയമായിട്ടും അവൻ കൊതിക്കുന്നത് നമ്മുടെ സാന്നിധ്യവും സാമീപ്യവുമാണ്. മനുഷ്യ ഹൃദയത്തിൽ ഒരു കൂടൊരുക്കാൻ അവൻ ആഗ്രഹിക്കുന്നു. നിത്യ പാന്ഥനായ കാരുണ്യവാൻ തലചായ്ക്കാൻ എന്നിലൊരു ഇടം അന്വേഷിക്കുന്നു. ഒഴിഞ്ഞ കരങ്ങളുള്ളവനാണ് ഞാൻ, എടുത്തുകാണിക്കാനോ വലിയ മേന്മയുമില്ല. ഞാനെന്തു ചെയ്യണം, കർത്താവേ, നിനക്കായി ഒരു കൂടാരമാകാൻ? ഉത്തരമുണ്ട്; അവനെ സ്നേഹിക്കുക, അവന്റെ വചനം പാലിക്കുക (v.23).
ഉള്ളിൽ വാസമുറപ്പിക്കുന്ന ദൈവം: ഈ ദൈവത്തെക്കുറിച്ചൊരു ചിന്തയുമില്ലെങ്കിൽ, ഈ ദൈവത്തോട് സംസാരിക്കുന്നില്ലെങ്കിൽ, അവനെ രഹസ്യമായി കേൾക്കുന്നില്ലെങ്കിൽ, അവന് ഇത്തിരിയോളം സമയം നൽകുന്നില്ലെങ്കിൽ, ഓർക്കുക, നിന്റെ ഉള്ളം ശൂന്യമാണ്. നീ ഒരു സക്രാരിയായിട്ടില്ല. സ്നേഹരഹിതമാണ് അവിടം. നമ്മുടെ ഉള്ളിലും വേണം ഒരു ആരാധനക്രമം. ഉള്ളിൽ ആരാധനയില്ലെങ്കിൽ ദേവാലയങ്ങളിലെ ആചാരങ്ങൾ വെറും പ്രഹസനം മാത്രമാണ്. ഉള്ളിൽ ഇല്ലാത്ത ദൈവത്തെ പുറത്ത് അന്വേഷിക്കുന്നവർ ദൈവത്തെ വിഗ്രഹങ്ങളാക്കും. ആ വിഗ്രഹങ്ങൾക്ക് വേണ്ടി ചോര ഒഴുക്കുകയും ചെയ്യും.
രണ്ട് ദാനങ്ങളാണ് ഉത്ഥിതൻ നമുക്ക് നൽകുന്നത്: സമാധാനവും പരിശുദ്ധാത്മാവും. പങ്കുവെച്ചില്ലെങ്കിൽ തകർന്നു പോകാവുന്ന ദുർബല വിസ്മയമാണ് സമാധാനം. ഒറ്റയ്ക്ക് അനുഭവിക്കുന്ന ശാലീനതയല്ല അത്, സഹജരിലേക്കൊഴുകുന്ന നീരുറവയാണ്. ആത്മാവും അതുപോലെ തന്നെയാണ്. അത് ഹൃദയത്തെ ജ്വലിപ്പിക്കുന്ന കാറ്റാണ്. അടഞ്ഞ വാതിലുകളിൽ അത് പ്രവേശിക്കില്ല. തുറവിയാണ് ആത്മാവിന്റെ അടയാളം.
തുറവി എന്നത് ക്രിയാത്മകതയാണ്. ക്രിയാത്മകമായ ഒരു ക്രൈസ്തവീകതയെ കെട്ടിപ്പടുക്കാനും ജീവസുറ്റ സാക്ഷ്യങ്ങൾ നൽകാനും പരിശുദ്ധാത്മാവ് നമ്മെ സഹായിക്കും. യേശുവിന്റെ പഠനങ്ങളെ അനുസ്മരിപ്പിക്കുന്നവനാണ് അവൻ: “ഞാന്‍ നിങ്ങളോടു പറഞ്ഞിട്ടുള്ളതെല്ലാം നിങ്ങളെ അനുസ്‌മരിപ്പിക്കുകയുംചെയ്യും” (v.26). ഇടവേളയില്ലാതെ അവൻ നമ്മോട് സംസാരിക്കും. സഹായകൻ മാത്രമല്ല, ആശ്വാസകൻ കൂടിയാണ്. നിന്റെ ഏകാന്തതയിലും പരാജയത്തിലും കണ്ണുനീരിലും കൂടെയുള്ള സാന്നിധ്യം. നിന്റെ ഭയത്തെ പരാജയപ്പെടുത്തുന്ന സ്‌ഥൈര്യവും ആത്മചോദനയുടെ വഴിത്താരയിൽ സഹയാത്രികനുമാണവൻ. ഹൃദയശൂന്യമായ ജീവിത സാഹചര്യങ്ങളിൽ നിന്നും രക്ഷിക്കും അവൻ നിന്നെ. കാരണം, പരിശുദ്ധാത്മാവ് എവിടെയുണ്ടോ, അവിടെ സമാധാനം വ്യാജമാകില്ല. ജീവചൈതന്യത്തിന്റെ തിരിനാളം അണയുകയുമില്ല. എല്ലാറ്റിനുമുപരി, നമ്മുടെ ഹൃദയത്തെ യേശു എന്ന വചനത്തിന്റെ വാസഗൃഹമാക്കി മാറ്റും അവൻ.
ഹൃദയം ദൈവഗേഹമായാൽ ജീവിതം നമ്മെ വശീകരിക്കും. ലോകത്തെയും സഹജരെയും സ്വർഗ്ഗീയ കണ്ണിലൂടെ കാണാനും സ്നേഹത്തിന്റെ പരിമളം പരത്താനും സാധിക്കും. ഹിംസയുടെ ധ്വനികൾ ചുറ്റിനും ഉയർന്നാലും കൃത്രിമ സദാചാരത്തെ കൂസാത്ത ഹൃദയ നൈർമ്മല്യം നമ്മൾ കാത്തുസൂക്ഷിക്കും. സമാധാനം എന്ന വാക്കിനുള്ളിൽ ജാതിമതഭേദമെന്യേ സഹജരെ നമ്മൾ ചേർത്തു നിർത്തും. ജീവിതം എന്ന വാക്കിനുള്ളിൽ സ്നേഹത്തെ നമ്മൾ ചാലിച്ചു ചേർക്കും.
ജോസ് മാർട്ടിൻ ആലപ്പുഴ: കെ.ആർ.എൽ.സി. സി. യുടെ നിർദ്ദേശാനുസരണം "സമനീതിക്കും അവകാശ സംരക്ഷണത്തിനും" എന്ന മുദ്രാവാക്യമായെടുത്ത് കേരളത്തിലെ റോമൻ കത്തോലിക്കാ…
ആണ്ടുവട്ടത്തിലെ മുപ്പത്തൊന്നാം ഞായർ "എല്ലാറ്റിലും പ്രധാനമായ കല്പന ഏതാണ്?" ഒരു നിയമജ്ഞന്റേതാണ് ഈ ചോദ്യം. പുനരുത്ഥാനത്തെക്കുറിച്ചുള്ള വിവാദത്തിൽ യേശു നന്നായി…
അനില്‍ ജോസഫ് പാല: ചങ്ങനാശ്ശേരി അതിരൂപതയുടെ ആര്ച്ച് ബിഷപ്പായി സ്ഥാനമേറ്റ ശേഷം ബിഷപ്പ് തോമസ് തറയില് ആദ്യമായി ഭരണങ്ങനത്ത് അല്ഫോണ്സാമ്മയുടെ…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി: നമുക്ക് മുന്പേ സ്വര്ഗ്ഗീയ മഹത്വത്തിലേക്ക് കടന്നുപോയ നമ്മുടെ സഹോദരങ്ങളുടെ ഓര്മ്മയാണ് നവംബര്‍ ഒന്നാം തീയതി…
സ്വന്തം ലേഖകന്‍ ചങ്ങനാശ്ശേരി : പ്രാര്ഥനാ മുഖരിതമായ അന്തരീക്ഷത്തില് ആയിരങ്ങളെ സാക്ഷിയാക്കി ചങ്ങനാശേരി അതിരൂപതയുടെ പുതിയ ആര്ച്ച് ബിഷപ്പായി മാര്…
സ്വന്തം ലേഖകന്‍ ദുബായ് : ദുബായിലെ കേരള ലാറ്റിന് കാത്തോലിക്ക് കമ്മ്യൂണിറ്റിയുടെ ആഭിമുഖ്യത്തില് 2024 നവംബര്‍ 10ന് ലാറ്റിന്…
This website uses cookies.