International

ഉക്രൈന്‍ വിദ്യാര്‍ത്ഥികള്‍ക്ക് കമ്പ്യൂട്ടറുകള്‍ സമ്മാനിച്ച് യൂണിസെഫ്

മുപ്പത്തിയൊന്‍പതിനായിരം ലാപ്ടോപ്പുകളാണ് ഇത്തവണ സംഘടന വിതരണം ചെയ്തത്.

 

സ്വന്തം ലേഖകന്‍

ലിവ് : റഷ്യഉക്രൈന്‍ യുദ്ധം രൂക്ഷമായി തുടരുന്നതിനിടെ, ഉക്രൈനിലെ വിദ്യാര്‍ത്ഥികള്‍ക്ക് കൈത്താങ്ങായി ലാപ്ടോപ്പ് കമ്പ്യൂട്ടറുകള്‍ സമ്മാനിച്ച് ഐക്യരാഷ്ട്രസഭയുടെ ശിശുക്ഷേമനിധി യൂണിസെഫ്. ഉക്രൈന്‍ വിദ്യാഭ്യാസ, ശാസ്ത്രകാര്യങ്ങള്‍ക്കായുള്ള മന്ത്രാലയത്തിന്‍റെയും, വിദ്യാര്‍ത്ഥികളുടെയും അധ്യാപകരുടെയും സഹായത്തിനെത്തിയ നിരവധി സംഘടനകളുടെയും, സര്‍ക്കാരുകളുടെയും സഹായത്തോടെയാണ് യൂണിസെഫിന്‍റെ പ്രവര്‍ത്തനം. മുപ്പത്തിയൊന്‍പതിനായിരം ലാപ്ടോപ്പുകളാണ് ഇത്തവണ സംഘടന വിതരണം ചെയ്തത്.

വിദ്യാഭ്യാസം നേടുക എന്നത് എല്ലാ കുട്ടികളുടെയും പ്രാഥമികമായ അവകാശങ്ങളില്‍ ഒന്നാണെന്ന്, ഇത് സംബന്ധിച്ച് ഏപ്രില്‍ പതിനെട്ട് വ്യാഴാഴ്ച പുറത്തുവിട്ട പത്രക്കുറിപ്പില്‍, ഉക്രൈനിലേക്കുള്ള യൂണിസെഫ് പ്രതിനിധി മുനീര്‍ മമ്മദ്സാദേ പ്രസ്താവിച്ചു. നിലവിലെ യുദ്ധം മൂലം, വിദ്യാഭ്യാസത്തിനുള്ള തങ്ങളുടെ മൗലികാവകാശം ഉക്രൈനിലെ കുട്ടികള്‍ക്ക് നിഷേധിക്കപ്പെടുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

‘വിദ്യാഭ്യാസത്തിനായുള്ള ആഗോള പങ്കാളിത്തം’ (ഏഹീയമഹ ജമൃിലേൃവെശു ളീൃ ഋറൗരമശേീി), യൂറോപ്യന്‍ യൂണിയന്‍ എന്നിവയുടെ സഹായത്തോടെയാണ് ഇത്തവണ വിതരണം ചെയ്യപ്പെട്ട കമ്പ്യൂട്ടറുകള്‍ യൂണിസെഫ് വാങ്ങിയത്. കുടിയൊഴിപ്പിക്കപ്പെട്ടവരും, അംഗവൈകല്യമുള്ളവരും, ദരിദ്രരുമായ കുട്ടികള്‍ക്കാണ് ഇവ നല്‍കപ്പെട്ടത്.

അതിര്‍ത്തിപ്രദേശങ്ങളില്‍ താമസിക്കുന്നവരും, സ്കൂളുകളില്‍ ആവശ്യത്തിന് സുരക്ഷാതാവളങ്ങള്‍ ഇല്ലാത്തതുമായ കുട്ടികള്‍ക്ക് തങ്ങളുടെ സമപ്രായക്കാരായ മറ്റു കുട്ടികള്‍ക്കൊപ്പം വിദ്യാഭ്യാസം നേടാനുള്ള സാധ്യത ഉറപ്പാക്കാനായി കഴിയുന്നത്ര സഹായങ്ങള്‍ ചെയ്യണമെന്നും, ഇപ്പോള്‍ നല്‍കപ്പെട്ട കമ്പ്യൂട്ടറുകള്‍ അതിന് സഹായിക്കുമെന്നും, ഉക്രൈന്‍ സര്‍ക്കാരിലെ വിദ്യാഭ്യാസത്തിനും ശാസ്ത്രകാര്യങ്ങള്‍ക്കായുള്ള മന്ത്രി ഓക്സണ്‍ ലിസോവി പറഞ്ഞു. കമ്പ്യൂട്ടറുകള്‍ എത്തിച്ചവര്‍ക്ക് നന്ദി പറഞ്ഞ അദ്ദേഹം, ഇത് ഭാവിയിലേക്കുള്ള ഒരു മുതല്‍ക്കൂട്ടായിരിക്കുമെന്ന് പ്രസ്താവിച്ചു.

യൂറോപ്യന്‍ യൂണിയന്‍റെയും, കൊറിയ, ജപ്പാന്‍ എന്നീ രാജ്യങ്ങളിലെ സര്‍ക്കാരുകളുടെയും സഹായത്തോടെ യൂണിസെഫ് വാങ്ങിയ അന്‍പതിനായിരം കമ്പ്യൂട്ടറുകള്‍ സംഘടന ഉക്രൈനിലെ കുട്ടികള്‍ക്ക് മുന്‍പ് വിതരണം ചെയ്തിരുന്നു.

Show More

Leave a Reply

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker