കൊച്ചി: ക്രിസ്തുവിന്റെ സാക്ഷിയും ലോകത്തിന്റെ ശുശ്രൂഷകയുമാണു സഭയെന്നു സീറോ മലബാർ സഭ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി. കെ.സി.ബി.സി. ആസ്ഥാനകാര്യാലയമായ പി.ഒ.സി.യുടെ സുവർണജൂബിലിയോടനുബന്ധിച്ചു നടന്ന ദേശീയ പ്രേഷിത സംഗമത്തിൽ സമാപന സന്ദേശം നൽകുകയായിരുന്നു അദ്ദേഹം.
ലോകത്തിലും മനുഷ്യജീവിതങ്ങളിലും ദൈവത്തെ സന്നിഹിതമാക്കുന്ന ശുശ്രൂഷയാണു പ്രേഷിതരുടേത്. സത്യത്തിന്റെയും നീതിയുടെയും ആത്മാവായ ദൈവാരൂപിയാണു മനുഷ്യാവകാശങ്ങൾക്കുവേണ്ടി നിലകൊള്ളുന്ന റാണി മരിയമാരെ ഭാരതത്തിന്റെ ഗ്രാമങ്ങളിലേക്കു നയിക്കുന്നതെന്നും കർദിനാൾ പറഞ്ഞു.
കെ.സി.ബി.സി. പ്രസിഡന്റ് ആർച്ച്ബിഷപ് എം. സൂസപാക്യം അധ്യക്ഷത വഹിച്ച ചടങ്ങിൽ സുപ്രീംകോടതി ജഡ്ജി ജസ്റ്റീസ് കുര്യൻ ജോസഫ് മുഖ്യപ്രഭാഷണം നടത്തി.
ഭാരതത്തിന്റെ വിവിധഭാഗങ്ങളിൽ പതിറ്റാണ്ടുകൾ സേവനംചെയ്ത 17 മിഷനറിമാരെ ചടങ്ങിൽ ആദരിച്ചു. കെ.സി.ബി.സി. സെക്രട്ടറി ജനറൽ ആർച്ച്ബിഷപ് മാർ മാത്യു മൂലക്കാട്ട്, റവ. ഡോ. വർഗീസ് വള്ളിക്കാട്ട്, ഫാ. പോൾ ചുങ്കത്ത്, ഫാ. സ്റ്റാൻലി മാതിരപ്പിള്ളി എന്നിവർ പ്രസംഗിച്ചു.
Related