സ്വയാവബോധത്തിൽ ജീവിക്കുവാനുള്ള കൃപയ്ക്കായി പ്രാർത്ഥിക്കാം
സ്വയാവബോധത്തിൽ ജീവിക്കുവാനുള്ള കൃപയ്ക്കായി പ്രാർത്ഥിക്കാം
ഏശ 6:1-8
മത്താ 10:24-33
“ഞാന്‍ അശുദ്ധമായ അധരങ്ങളുള്ളവനും അശുദ്ധമായ അധരങ്ങളുള്ളവരുടെ മധ്യേ വസിക്കുന്നവനുമാണ്.”
കർത്താവായ ദൈവം ഏശയ്യാ പ്രവാചകനെ പ്രവാചകദൗത്യം ഏല്പിക്കുകയാണ്. ദൗത്യം ഏൽപ്പിക്കുമ്പോൾ താൻ ആരാണെന്ന തിരിച്ചറിവ് പ്രവാചകന് ഉണ്ടാകുകയാണ്. ദൈവീക ഇടപെടലിലൂടെ താൻ ആരാണെന്ന തിരിച്ചറിവ് ഉണ്ടാകുന്നു.
ദൈവത്തോട് പറയുന്നു: ‘ഞാൻ അശുദ്ധമായ അധരങ്ങളുള്ളവനും അശുദ്ധമായ അധരങ്ങളുള്ളവരുടെ മധ്യേ വസിക്കുന്നവനുമാണ്’. അശുദ്ധനാണെന്ന തിരിച്ചറിവ് ശുദ്ധതയിലേക്കുള്ള വഴിത്തിരിവാണ്.
സ്നേഹമുള്ളവരെ, അശുദ്ധി നിറഞ്ഞ ജീവിതം പ്രവാചകദൗത്യത്തിനു ചേർന്നതല്ല. ദൈവം തിരഞ്ഞെടുത്തു ദൈവീകദൗത്യത്തിനു അയക്കുമ്പോൾ നാം ശുദ്ധിയുള്ളവരായി മാറണം. അശുദ്ധി മാറ്റി ശുദ്ധിയിലേക്കും, തിന്മയിൽനിന്നു നന്മയിലേക്കും, അന്ധതയിൽ നിന്ന് പ്രകാശത്തിലേക്കും മാറുമ്പോൾ ദൈവീകദൗത്യം നിറവേറ്റാനായി നമുക്ക് സാധിക്കും.
അശുദ്ധനാണെന്ന തിരിച്ചറിവ് ശുദ്ധതയിലേക്കുള്ള വഴിത്തിരിവാണ്. ശുദ്ധി നിറഞ്ഞ ഹൃദയത്തിനുമാത്രമേ ദൈവത്തിന്റെ സ്വരം ശ്രവിക്കാനായി സാധിക്കുകയുള്ളു. ആയതിനാൽ ശുദ്ധി നിറഞ്ഞ ഹൃദയത്തോടെ അവിടുത്തെ സ്വരം ശ്രവിക്കാനും അതുവഴി ദൈവം നമ്മിൽ ഏല്പിച്ചിരിക്കുന്ന ദൗത്യം നിറവേറ്റാനുമായി ശ്രമിക്കാം.
സ്നേഹനാഥ, ശുദ്ധിയുള്ള ഹൃദയത്താൽ ദൈവീകദൗത്യം നിറവേറ്റാനുള്ള അനുഗ്രഹം നല്കണമേയെന്ന് അങ്ങയോട് ഞങ്ങൾ പ്രാർത്ഥിക്കുന്നു.