Daily Reflection

സ്നേഹസമർപ്പണത്തിന്റെ പൂർണ്ണതയാണ് നിയമങ്ങൾ

ഹൃദയവും-ഹൃദയവും തമ്മിലുള്ള ഗാഢബന്ധത്തിന്റെ അടയാളങ്ങളായിരുന്നു നിയമങ്ങൾ...

“കർത്താവ് നമുക്ക് സമീപസ്ഥനായിരിക്കുന്നതുപോലെ, ദൈവം ഇത്ര അടുത്തുള്ള വേറെ ഏതു ശ്രേഷ്ഠജനതയാണുള്ളത്?” (നിയമാ. 4:7). ഒരു ജനത്തിന്റെ കൂടെ ആയിരിക്കാൻ ആഗ്രഹിച്ച, അവരോട് ഉടമ്പടി സ്ഥാപിച്ച് ഹൃദയത്തോട് ചേർത്തുനിർത്തിയ ദൈവത്തിന്റെ ഒരുതരം പക്ഷപാതം നിറഞ്ഞ സ്നേഹത്തോടെയുള്ള ചോദ്യമാണിത്. അവരെ തിരഞ്ഞെടുത്തു തേനുംപാലും ഒഴുകുന്ന നാട്ടിലേക്ക് നയിച്ച്, അവർക്കു സ്നേഹത്തിന്റെ നിയമങ്ങൾ നൽകിയ ദൈവം വീണ്ടും ചോദിക്കുന്നു: “ഞാൻ ഇന്നു നിങ്ങളുടെ മുൻപിൽ വച്ചിരിക്കുന്ന നിയമസംഹിതയിലേതുപോലെ, നീതിയുക്തമായ ചട്ടണങ്ങളും നിയമങ്ങളും മറ്റേത് ശ്രേഷ്ഠ ജനതയ്ക്കാണുള്ളത്” (നിയമാ. 4:8). ദൈവം തിരഞ്ഞെടുത്ത ആ ശ്രേഷ്ഠജനതയ്ക്ക്, അവ സ്നേഹത്തിൽ ചാലിച്ച നിയമങ്ങളായിരുന്നു, കാരണം അവയെല്ലാം ഹൃദയത്തിൽ നിന്നും മായാതിരിക്കാൻ ശ്രദ്ധിക്കണമെന്നും, തുടർന്നുള്ള ഭാഗത്തു പറയുന്നുണ്ട്; കൂടാതെ മക്കളെയും, മക്കളുടെ മക്കളെയും അവ അറിയിക്കണമെന്നും ദൈവം ആവശ്യപ്പെടുന്നുണ്ട്. അങ്ങനെയെങ്കിൽ അവ അവരുടെ ഹൃദയത്തിൽ സൂക്ഷിക്കപ്പെട്ടതാണ്. ഹൃദയവും-ഹൃദയവും തമ്മിലുള്ള ഗാഢബന്ധത്തിന്റെ അടയാളങ്ങളായിരുന്നു നിയമങ്ങൾ. കൂടാതെ, മക്കൾക്കും മക്കളുടെ മക്കൾക്കും പകർന്നുകൊടുക്കേണ്ട ഉത്തരവാദിത്വമുള്ളതുകൊണ്ട് അവരുടെ ജീവിതത്തിന്റെ തന്നെ ഭാഗമായിരുന്നു.

എന്നാൽ, കാലം കടന്നുപോയപ്പോൾ നിയമങ്ങൾ ഹൃദയത്തിൽനിന്നും മാറ്റപ്പെട്ട്, വെറും ചട്ടങ്ങളിലേക്കും ആചാരങ്ങളിലേക്കും മാത്രമായി ഒതുങ്ങാൻ തുടങ്ങിയ സാഹചര്യത്തിലാണ് നിയമത്തെ പൂർണ്ണതയിൽ പഠിപ്പിക്കുവാൻ, പൂർത്തിയാക്കുവാൻ ദൈവപുത്രനായ ക്രിസ്തു ജനിച്ചത്. യേശു പറയുന്നു: “നിയമത്തെയോ പ്രവാചകന്മാരെയോ അസാധുവാക്കാനാണു ഞാൻ വന്നതെന്നു നിങ്ങൾ വിചാരിക്കരുത്. അസാധുവാക്കാനല്ല പൂർത്തിയാക്കുവാനാണ് ഞാൻ വന്നത്” (മത്തായി 5:17). മത്തായി സുവിശേഷകൻ യേശു പറഞ്ഞ ഈ വാക്കുകൾ അഞ്ചാം അദ്ധ്യായത്തിന്റെ ആദ്യ ഭാഗത്ത് യേശുവിന്റെ സ്നേഹത്തിന്റെ നിയമങ്ങൾ പഠിപ്പിക്കുന്നത്തിനു മുമ്പ് ഒരു ആമുഖം പോലെ എഴുതിവച്ചെങ്കിൽ അതിനു കാരണമുണ്ട്. സുവിശേഷം എഴുതുന്ന കാലഘട്ടത്തിൽ യഹൂദരിൽ നിന്നും വന്ന യഹൂദ ക്രിസ്ത്യാനികളും വിജാതീയ സമൂഹത്തിൽ നിന്നും സ്നാനം സ്വീകരിച്ചു വന്ന വിജാതീയ ക്രിസ്ത്യാനികളും ഉണ്ടായിരുന്നു. യഹൂദ ക്രിസ്ത്യാനികൾ സ്വാഭാവികമായും നിയമങ്ങൾക്കു കൂടുതൽ പ്രാധാന്യം കൊടുത്തുകാണും, വിജാതീയ ക്രിസ്ത്യാനികൾ യേശുവിന്റെ പുതിയ സ്നേഹത്തിന്റെ നിയമങ്ങൾക്കും പ്രാധാന്യം കൊടുത്തുകാണും. യേശു നിയമങ്ങളോടുള്ള ഫരിസേയരുടെയും നിയമജ്ഞരുടെയും മനോഭാവത്തെ തിരുത്തിയാണ് ഈ വാക്കുകൾ പറഞ്ഞതും. അതുകൊണ്ടു തന്നെ മത്തായി സുവിശേഷകന്റെ ലക്ഷ്യവും അതുതന്നെയായിരുന്നിരിക്കണം, നിയമങ്ങൾ പൂർത്തീകരിച്ച ഈശോയുടെ മനോഭാവം. പിതാവായ ദൈവത്തിന്റെ ഹൃദയത്തോടു ചേർത്തുവായിക്കേണ്ട നിയമങ്ങൾ എന്ന മനോഭാവത്തിലേക്കു വീണ്ടും അവരെ വളർത്താനാണ് നിയമത്തിന്റെ ജീവിക്കുന്ന പൂർത്തീകരണമായി ഈശോനാഥൻ ജനിക്കുന്നത്. അതുകൊണ്ടു തന്നെ നിയമത്തിന്റെ ഇല്ലാതാക്കലല്ല അവിടുന്ന് ചെയ്തത്, നിയമത്തിന്റെ പൂർത്തീകരണമാണ് അവിടുന്ന് ചെയ്തത്.

ആ നിയമങ്ങൾ പൂർത്തീകരിച്ചത് കുരിശിലാണ്. തന്റെ ഹൃദയത്തിൽ ഉണ്ടായിരുന്ന സ്നേഹം ബലിയായി പിതാവായ ദൈവത്തിനു അർപ്പിച്ചു, അതിലൂടെ പിതാവായ ദൈവത്തിന്റെ കൃപകൾ മനുഷ്യരായ നമ്മൾക്കും ദാനമായി നൽകി. നിയമത്തിന്റെ പൂർത്തീകരണം ഈ സ്നേഹത്തിന്റെ സമർപ്പണമാണ്, പിതാവായ ദൈവത്തോടുള്ള, മനുഷ്യകുലത്തോടുള്ള സമർപ്പണം. നിയമം ജീവിക്കുന്ന നമുക്കും വേണ്ടത് ഇതുതന്നെ, വെറും ചട്ടങ്ങളും ആചാരങ്ങളുമായി മാത്രം മാറാതെ, ഹൃദയത്തോട് ചേർന്ന് നിൽക്കുന്നതായിരിക്കണം നിയമങ്ങൾ. ഹൃദയത്തിൽ ആഴപ്പെട്ടതാകുമ്പോൾ അവ സ്വയം സമർപ്പണമായി ദൈവത്തിലേക്കുയരും, മനുഷ്യരിലേക്ക് പകരും. അങ്ങിനെ ഹൃദയത്തിൽനിന്നുയരുന്ന, ഹൃദയത്തിൽനിന്നും പകരുന്ന സമർപ്പണമായി നിയമങ്ങൾ മാറുമ്പോൾ, സ്വർഗ്ഗരാജ്യത്തിൽ പ്രവേശിക്കത്തക്കവിധം ഫരിസേയരുടെയും നിയമജ്ഞരുടെയും നീതിയെ അതിശയിക്കുന്ന നീതിയായി നമ്മുടെ ജീവിതത്തിൽ പ്രതിഫലിക്കുകയും, നമ്മൾ സ്വർഗ്ഗത്തിൽ വലിയവരായി ഗണിക്കപ്പെടുകയും ചെയ്യും. സ്നേഹത്തിന്റെ നിയമം ജീവിതകൊണ്ട് പൂർത്തിയാക്കികൊണ്ടു നമ്മെ ജീവിക്കാൻ പഠിപ്പിച്ചെങ്കിൽ നമുക്കും പറയാം, “കർത്താവ് നമുക്ക് സമീപസ്ഥനായിരിക്കുന്നതുപോലെ ദൈവം ഇത്ര അടുത്തുള്ള വേറെ ഏതു ശ്രേഷ്ഠജനതയാണുള്ളത്?”.

Show More

Leave a Reply

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker