ആണ്ടുവട്ടം 31-ാം ഞായര്‍
ഒന്നാം വായന : നിയ. 6: 2-6
രണ്ടാം വായന : ഹെബ്രാ. 7: 23-28
സുവിശേഷം : വി. മര്‍ക്കോസ് 12 : 28-34
ദിവ്യബലിയ്ക്ക് ആമുഖം
ഇസ്രായേലേ കേള്‍ക്കുക ഈ വാക്കുകള്‍ ഇന്നത്തെ ഒന്നാം വായനയിലും സുവിശേഷത്തിലും നിറഞ്ഞു നില്‍ക്കുന്നു. കാരണം, വിശ്വാസം ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ദൈവസ്നേഹത്തെക്കുറിച്ചുളള കല്പന ആരംഭിക്കുന്നതുതന്നെ ഇസ്രായേലേ കേള്‍ക്കുക എന്നാണ്. ഇന്ന് തിരുസഭയും ഈ തിരുവചന ഭാഗങ്ങള്‍ നമുക്കു നല്‍കിക്കൊണ്ട് നമ്മോടു പറയുന്നതും ദൈവജനമേ കേള്‍ക്കുക എന്നാണ്. ദൈവവചനം കേള്‍ക്കാനും ദിവ്യബലി അര്‍പ്പിക്കാനുമായി നമുക്കൊരുങ്ങാം.
ദൈവവചനപ്രഘോഷണ കര്‍മ്മം
യേശുവില്‍ സ്നേഹം നിറഞ്ഞ സഹോദരി സഹോദരന്മാരേ,
ക്രിസ്തുമതത്തെ സ്നേഹത്തിന്‍റെ മതമെന്നാണ് വിശേഷിപ്പിക്കുന്നത്. ഈ വിശേഷണത്തിനടിസ്ഥാനമായ തിരുവചനങ്ങള്‍ ഇന്നത്തെ സുവിശേഷത്തില്‍ നാം ശ്രവിച്ചു. യേശു തന്നോട് വാഗ്വാദത്തിനായി വന്ന ഫരിസേയര്‍ക്കും സദുക്കായര്‍ക്കും കൃത്യമായ ഉത്തരം നല്‍കുന്നത് കണ്ട നിയമജ്ഞന്‍ യേശുവിനോട് എല്ലാറ്റിനും പ്രധാനമായ കല്പന ഏതാണെന്ന് ചോദിക്കുന്നു.
ഏകദേശം 613 – ഓളം നിയമങ്ങളുളള യഹൂദ വിശ്വാസത്തില്‍ നിന്നുകൊണ്ടാണ് പ്രയാസമേറിയ ഈ ചോദ്യം. എന്നാല്‍ യേശു കൃത്യമായ ഉത്തരം നല്‍കുന്നു. ഈ ഉത്തരം ഇന്നത്തെ ഒന്നാം വായനയിലും നാം ശ്രവിച്ചു. ഇസ്രായേലേ കേള്‍ക്കുക നമ്മുടെ ദൈവമായ കര്‍ത്താവാണ് ഏക കര്‍ത്താവ്, നീ നിന്‍റെ ദൈവമായ കര്‍ത്താവിനെ പൂര്‍ണ ഹൃദയത്തോടും പൂര്‍ണ ആത്മാവോടും പൂര്‍ണ മനസ്സോടും പൂര്‍ണ്ണ ശക്തിയോടും കൂടെ സ്നേഹിക്കുക (നിയമ. 6:4-5/ വി.മാര്‍. 12:29-30).
രണ്ടാമത്തെ കല്പന നിന്നെപ്പോലെ നിന്‍റെ അയല്‍ക്കാരനെയും സ്നേഹിക്കുക (ലേവ്യ. 19:18).
നമുക്കേവര്‍ക്കും സുപരിചിതമായ ഈ സുവിശേഷ ഭാഗത്തിന്‍റെ ചരിത്ര പശ്ചാത്തലവും ഇന്നത്തെ ആധുനിക സമൂഹത്തോട് ഈ വചന ഭാഗത്തിന് എന്താണ് പറയാനുളളതെന്നും നമുക്ക് പരിശോധിക്കാം.
വി. മര്‍ക്കോസിന്‍റെ സുവിശേഷം യഹൂദ-ഗ്രീക്ക് (വിജാതീയ) സമൂഹത്തില്‍ നിന്ന് രൂപപ്പെട്ട് വന്ന ക്രൈസ്തവ സമൂഹത്തോടുളള ഉദ്ബോധനമാണ്. വ്യത്യസ്ത വിഭാഗത്തില്‍പ്പെട്ട വിശ്വാസികളെ ഒരുമിച്ചുകൂട്ടിക്കൊണ്ട് ഏറ്റവും പ്രധാനപ്പെട്ട കല്പന ഒന്നാമതായി ഏക ദൈവവിശ്വാസവും, രണ്ടാമതായി പരസ്പര സ്നേഹവുമാണെന്നും പറയുന്നു. അതായത് യഹൂദനെന്നോ, ഗ്രീക്കുകാരനെന്നോ (വിജാതീയനെന്നോ) വ്യത്യാസമില്ലാതെ നിന്‍റെ അയല്‍ക്കാരന്‍ (നിന്‍റെ അടുത്തുളളവന്‍) ആരാണോ അവന്‍ നിന്‍റെ സഹോദരനാണ്.
ഇന്ന് വ്യത്യസ്ത ക്രൈസ്തവ വിഭാഗങ്ങളോടും മതങ്ങളോടും ഇടചേര്‍ന്ന് ജീവിക്കുമ്പോള്‍ നമ്മുടെ അയല്‍ക്കാരന്‍ ആരാണോ അവനെ നമുക്ക് സ്നേഹിക്കാം. ചില ആധുനിക തത്വ ചിന്തകളും പ്രസ്ഥാനങ്ങളും ദൈവത്തെ ഒഴിവാക്കിക്കൊണ്ട് മാനവ സാഹോദര്യത്തെപ്പറ്റി മാത്രം പറയുമ്പോള്‍ ക്രൈസ്തവ വിശ്വാസം ദൈവസ്നേഹത്തെയും പരസ്നേഹത്തെയും ഏറ്റവും പ്രധാന കല്പനകളായി അവതരിപ്പിക്കുന്നു.
ഒരു ക്രിസ്ത്യാനിയെ സംബന്ധിച്ചിടത്തോളം ‘പരസ്നേഹം’ ദൈവസ്നേഹത്തിന്‍റെ അടയാളമാണ്. ഇവ രണ്ടും ഒരുമിച്ച് പോകണം. ലളിതമായി പറഞ്ഞാല്‍ ദൈവത്തില്‍ വിശ്വസിക്കുന്നവന് തന്‍റെ അയല്‍ക്കാരനെ സ്നേഹിക്കാതിരിക്കാന്‍ കഴിയില്ല.
ഇസ്രായേലേ കേള്‍ക്കുക (ഷേമാ ഇസ്രായേല്‍) എന്ന് തുടങ്ങുന്ന തിരുവചനം (പ്രാര്‍ഥന) യഹൂദ വിശ്വാസത്തിന്‍റെ കേന്ദ്ര ബിന്ദുവാണ്. എല്ലാ ദിവസവും വ്യത്യസ്ത നേരങ്ങളില്‍ അവര്‍ ഈ പ്രാര്‍ഥന ചൊല്ലിയിരുന്നു. ബഹുദൈവ വിശ്വാസത്തെയും സംസ്കാരങ്ങളെയും കണ്ടും കേട്ടും പരിചയിച്ച യഹൂദര്‍ അവരെ രക്ഷിച്ച ഏക ദൈവത്തിലുളള വിശ്വാസം ഏറ്റുപറയുന്നത്. ഏക ദൈവത്തെ പൂര്‍ണമായ മനസ്സോടും ഹൃദയത്തോടും ആത്മാവോടും കൂടെ ഏറ്റുപറയാന്‍ നമുക്കും മാതൃക നല്‍കുന്നു.
എല്ലാറ്റിനുമുപരി ദൈവത്തെ സ്നേഹിക്കുന്നതും തന്നെപ്പോലെ തന്‍റെ അയല്‍ക്കാരനെ സ്നേഹിക്കുന്നതും എല്ലാ ദഹനബലികളെയും യാഗങ്ങളെയുംകാള്‍ മഹനീയമാണെന്ന് പറയാന്‍ കാരണമുണ്ട്.
എ.ഡി. 70-ല്‍ ഈ സുവിശേഷ ഭാഗം രചിക്കപ്പെടുമ്പോള്‍ ദൈവത്തിന് നൂറ്റാണ്ടുകളായി എല്ലാവിധ ബലികളുമര്‍പ്പിക്കപ്പെട്ടിരുന്ന ജെറുസലേം ദൈവാലയം നിശേഷം നശിപ്പിക്കപ്പെടും. ഇനിമേല്‍ ദൈവാലയമില്ല. അവിടെ ബലിയര്‍പ്പണവുമില്ല. എന്നാല്‍ ആ ബലികളെക്കാള്‍ മഹനീയമായ ബലി നമ്മുടെ ജീവിതമാകുന്ന ദൈവാലയത്തിലെ ദൈവസ്നേഹവും പരസ്നേഹവുമാണ്.
എല്ലാ ആചരങ്ങളുടെയും പാരമ്പര്യത്തിന്‍റെയും സഭയുമായി ബന്ധപ്പെട്ട സാമൂഹ്യസേവനങ്ങളുടെയും അടിസ്ഥാനം ദൈവത്തോടും സഹോദരങ്ങളോടുമുളള സ്നേഹമാണെന്ന് വ്യക്തമാക്കി. വിശ്വാസ ജീവിത്തിലെ യഥാര്‍ഥ ആത്മീയത യേശു നമ്മെ പഠിപ്പിക്കുന്നു. തന്‍റെ ജീവിതത്തിലൂടെയും കുരിശുമരണത്തിലൂടെയും ഈ സ്നേഹം കാണിച്ചു തന്ന യേശുവിനെ അനുഗമിച്ചുകൊണ്ട് നമുക്കും ദൈവത്തിലുളള നമ്മുടെ വിശ്വാസം ഏറ്റുപറയാം.
ആമേന്‍.