സിജോ പൈനാടത്ത്
കൊച്ചി: തങ്ങളുടെ സന്യാസ സമൂഹ സ്ഥാപകൻ ധന്യപദവിയിലേക്കുയർത്തപ്പെടുമ്പോൾ കൃതജ്ഞതയുള്ള മനസോടെ പ്രാർത്ഥനാനിരതരാവുകയാണ് എസ്.ഡി. (സിസ്റ്റേഴ്സ് ഓഫ് ഡെസ്റ്റിറ്റ്യൂട്ട്) സന്യാസിനികൾ. സഭയ്ക്കും സമൂഹത്തിനുമായി സമ്പുർണ സമർപ്പണം നടത്തിയ ഫാ. വർഗീസ് പയ്യപ്പിള്ളിയുടെ സുകൃത ജീവിതപുണ്യങ്ങൾ തങ്ങളിലൂടെ അനേകരിലേക്കു പകർന്നു നൽകുകയാണവർ.
അവഗണിക്കപ്പെടുന്ന വൃദ്ധജനങ്ങളെ സംരക്ഷിക്കാൻ പ്രത്യേക സ്ഥാപനങ്ങളോ പ്രസ്ഥാനങ്ങളോ ഇല്ലാതിരുന്ന ഘട്ടത്തിൽ അവർക്കായി പ്രത്യേക ഭവനങ്ങൾ ആരംഭിക്കാൻ തയാറായതു ഫാ. പയ്യപ്പിള്ളിയുടെ ദീർഘദർശനത്തിന്റെ പ്രകാശനമായിരുന്നു. 1927 മാർച്ച് 19-ന് ഫാ. പയ്യപ്പിള്ളി എസ്.ഡി. സന്യാസിനീ സമൂഹം ആരംഭിച്ചു. സന്യാസജീവിതം ആഗ്രഹിച്ച അഞ്ചു യുവതികളെ ആലുവ ചുണങ്ങംവേലിയിൽ ഒരുമിച്ചുചേർത്ത് ആർച്ച്ബിഷപ് മാർ അഗസ്റ്റിൻ കണ്ടത്തിലിന്റെ അനുവാദത്തോടെയാണ് അഗതികളുടെ സഹോദരിമാരുടെ മഠം സ്ഥാപിച്ചത്.
ഇന്നു പതിനൊന്നു രാജ്യങ്ങളിൽ 231 സ്ഥാപനങ്ങളിലായി 1719 എസ്.ഡി. സന്യാസിനികൾ അഗതികൾക്കായി ശുശ്രൂഷ ചെയ്യുന്നു.
ആലുവ തോട്ടുമുഖത്താണു എസ്.ഡി. ജനറലേറ്റ്. ആറു പ്രോവിൻസുകളിൽ മൂന്നും കേരളത്തിലാണ്. എറണാകുളം, കോതമംഗലം, ചങ്ങനാശേരി, ഗാസിയാബാദ്, നജഫ്ഘട്ട്, വാർധ എന്നിവയാണ് ഇന്ത്യയിലെ എസ്.ഡി. പ്രോവിൻസുകൾ.
പാവപ്പെട്ടവർക്കിടയിൽ സേവനം ചെയ്യുകയെന്നതു ജീവിതദൗത്യമായി ഏറ്റെടുത്ത വൈദികനായിരുന്നു ഫാ. പയ്യപ്പിള്ളി. കോന്തുരുത്തിക്കടുത്തു പെരുമാനൂരിൽ പയ്യപ്പിള്ളി ലോനൻ, കുഞ്ഞുമറിയ ദമ്പതികളുടെ നാലാമത്തെ മകനായി 1876 ഓഗസ്റ്റ് എട്ടിനാണു ജനനം. കാൻഡി പേപ്പൽ സെമിനാരിയിൽ 1907 ഡിസംബർ 21-നാണു പൗരോഹിത്യം സ്വീകരിച്ചത്. കടമക്കുടി, ആലങ്ങാട്, ആരക്കുഴ പള്ളികളിൽ വികാരിയായും ആലുവ സെന്റ് മേരീസ് സ്കൂളിന്റെ മാനേജരായും സേവനം ചെയ്തു.
1924 ലെ പ്രകൃതിക്ഷോഭത്തിൽ (99ലെ വെള്ളപ്പൊക്കം) ദുരിതമനുഭവിക്കുന്നവർക്കിടയിൽ നടത്തിയ സന്നദ്ധപ്രവർത്തനങ്ങൾ ഫാ. പയ്യപ്പിള്ളിയെ സാമൂഹ്യകേരളത്തിൽ ശ്രദ്ധേയനാക്കി.
1929 ഒക്ടോബർ അഞ്ചിനു ഫാ. വർഗീസ് പയ്യപ്പിള്ളി അന്തരിച്ചു. കോന്തുരുത്തി സെന്റ് ജോൺ നെപുംസ്യാൻസ് പള്ളിയിലാണു കബറിടം. 2009 ഓഗസ്റ്റ് 25-നു ദൈവദാസനായി പ്രഖ്യാപിച്ചതോടെ ഫാ. പയ്യപ്പിള്ളിയുടെ നാമകരണ നടപടികൾക്കു തുടക്കമായി. 2011ഫെബ്രുവരി 23-നു നാമകരണ നടപടികളുടെ ഭാഗമായി കബറിടം തുറന്നിരുന്നു. സിസ്റ്റർ ഗ്രേസ്, സിസ്റ്റർ റോസ്ലിൻ ഇലവനാൽ എന്നിവരാണു നാമകരണത്തിനായുള്ള പോസ്റ്റുലേറ്റർമാർ എന്ന നിലയിൽ കേരളത്തിലെയും റോമിലെയും നടപടികൾ ക്രമീകരിച്ചത്.
എസ്.ഡി. സ്ഥാപകനായ പയ്യപ്പിള്ളിയച്ചന്റെ പ്രേഷിത മനസോടു ചേർന്ന് അവഗണിക്കപ്പെടുന്നവർക്കിടയിലെ ശുശ്രൂഷയിൽ തങ്ങൾ ആത്മീയമായ ആനന്ദം കണ്ടെത്തുന്നുവെന്നു മദർ ജനറൽ സിസ്റ്റർ റെയ്സി തളിയൻ പറഞ്ഞു.
Related