സ്ത്രീ മുന്നേറ്റം പൂർണ്ണതയിലേയ്ക്കുള്ള പ്രയാണത്തിലാണെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ
സ്ത്രീ-പുരുഷ സമത്വം പക്ഷിയുടെ രണ്ടു ചിറകുകൾ പോലെ
അഗസ്റ്റിൻ കണിപ്പിള്ളി
തിരുവനന്തപുരം: സ്ത്രീ മുന്നേറ്റം കേരളത്തിൽ പൂർണ്ണത കൈവരിച്ചുവെന്ന് പറയാറായിട്ടില്ലെന്നും, പൂർണ്ണതയിലേയ്ക്കുള്ള പ്രയാണം പ്രതീക്ഷ നൽകുന്നതാണെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രൻ. സ്ത്രീ-പുരുഷ സമത്വം പക്ഷിയുടെ രണ്ടു ചിറകുകൾ പോലെയാണെന്ന തിരിച്ചറിവ് പൊതുസമൂഹത്തിന് ഉണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരം ലത്തീൻ അതിരൂപതയുടെ അല്മായ കമീഷന്റെ ആഭിമുഖ്യത്തിൽ വെള്ളയമ്പലം ലിറ്റിൽ ഫ്ളവർ പാരിഷ്ഹാളിൽ സംഘടിപ്പിച്ച അന്താരാഷ്ട്ര വനിതാ ദിനാചരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്ത്രീകൾ അകറ്റി നിറുത്തപ്പെടേണ്ടവരോ, അടിച്ചമർത്തപ്പെടേണ്ടവരോ അല്ലെന്ന തിരിച്ചറിവോടെ എല്ലാ വിഭാഗം സ്ത്രീകൾക്കും സമൂഹത്തിൽ തുല്യതയോടെ നിവർന്നു നിൽക്കുവാൻ കഴിയുന്ന ഒരു കാലം അകലെയല്ലെന്നും മന്ത്രി പ്രത്യാശിച്ചു.
കെ.എൽ.സി.ഡബ്ള്യു.എ. അതിരൂപതാ പ്രസിഡന്റ് ഷേർളി ജോണി അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ അതിരൂപതാ സഹായ മെത്രാൻ ഡോ.ക്രിസ്തുദാസ് ആർ. അനുഗ്രഹ പ്രഭാക്ഷണം നടത്തി. തുടർന്ന്, മേരി പുഷ്പം, പാട്രിക് മൈക്കിൾ തുടങ്ങിയവർ പ്രസംഗിച്ചു.