സുവിശേഷവത്ക്കരണമെന്നാൽ മതപരിവര്‍ത്തനമല്ല; ഫ്രാൻസിസ് പാപ്പാ
സുവിശേഷവത്ക്കരണമെന്നാൽ സാക്ഷ്യമേകലാണ്
സ്വന്തം ലേഖകൻ
വത്തിക്കാൻ സിറ്റി: ലോകത്തെ സുവിശേഷവത്ക്കരിക്കുകയെന്നത് ജ്ഞാനസ്നാനത്തിലൂടെ നമുക്കു ലഭിച്ച ഉത്തരവാദിത്വമാണെന്നും, ഈ സുവിശേഷവത്ക്കരണമെന്നാൽ മതപരിവര്‍ത്തനമല്ലെന്നും ഫ്രാൻസിസ് പാപ്പാ. കത്തോലിക്കാ കരിസ്മാറ്റിക്ക് നവീകരണ പ്രസ്ഥാനത്തിന്റെ അന്താരാഷ്ട്ര സമ്മേളനത്തില്‍ പങ്കെടുത്ത 6000-ത്തോളം വരുന്ന വിശ്വാസികളെ പോള്‍ ആറാമന്‍ ശാലയില്‍ ശനിയാഴ്ച്ച സംബോധന ചെയ്യുകയായിരുന്നു പാപ്പാ.
സുവിശേഷവത്ക്കരണമെന്നാൽ സാക്ഷ്യമേകലാണെന്നും, അത് സ്നേഹത്തിന്റെ സാക്ഷ്യമാണെന്നും പാപ്പായുടെ വാക്കുകൾ. പരിശുദ്ധാത്മാവിലുള്ള ജ്ഞാനസ്നാനം, ക്രിസ്തുവിന്റെ മൗതികശരീരമായ സഭയുടെ ഐക്യം, ദരിദ്രര്‍ക്കുള്ള സേവനം എന്നീ ത്രിവിധ മാനങ്ങളിലൂടെയാണ് ലോകത്തെ സുവിശേഷവത്ക്കരിക്കുന്നതിനാവശ്യമായ സാക്ഷ്യം നാം നൽകേണ്ടതെന്നും പാപ്പാ ഉദ്ബോധിപ്പിച്ചു.
സ്നേഹമില്ലെങ്കില്‍ എല്ലാം നിഷ്ഫലമാകുമെന്നതിനാൽ തന്നെ സുവിശേഷവത്ക്കരിക്കുകയെന്നാല്‍ സ്നേഹിക്കലാണെന്നും, ദൈവസ്നേഹം സകല മനുഷ്യര്‍ക്കുമായി പങ്കുവയ്ക്കലാണെന്നും പാപ്പാ ഓർമ്മിപ്പിച്ചു.