.
കൊച്ചി: സി.ആർ.ഇസഡ്. വിജ്ഞാപനം സംബന്ധിച്ച ആശങ്കകൾ പരിഹരിക്കാൻ നടപടി ആവശ്യപ്പെട്ട് കെ.ആർ.എൽ.സി.സി. ഭാരവാഹികൾ മുഖ്യമന്ത്രി പിണറായി വിജയനു നിവേദനം നൽകി. തീരദേശവാസികളുടെ ഭവനനിർമാണത്തിനുള്ള തടസങ്ങൾ ശാശ്വതമായി പരിഹരിക്കാൻ കേന്ദ്രസർക്കാരിൽ സമ്മർദം ചെലുത്തുന്നതിനു സർവകക്ഷി സംഘത്തെ ഉടൻ അയയ്ക്കണമെന്നു നിവേദനത്തിൽ ആവശ്യപ്പെട്ടു.
സോൺ രണ്ടിലെ മേഖലകൾ പുന:ർനിർണയിക്കുക, 200 മീറ്റർ ദൂരം വരെയുള്ള തീരം മത്സ്യത്തൊഴിലാളികളുടെയും പരമ്പരാഗത തീരദേശജനതയുടെയും ഉപയോഗത്തിനായി മാറ്റിവയ്ക്കുക, 1991 നു മുമ്പു തീരത്തു താമസിക്കുന്നവർക്കും പാരമ്പര്യാവകാശികൾക്കും ഭവനനിർമാണത്തിനും തൊഴിൽപരമായ ആവശ്യങ്ങൾക്കുമുള്ള നിർമാണപ്രവർത്തനങ്ങൾക്ക് ഏർപ്പെടുത്തിയിട്ടുള്ള തീരദേശപരിപാലന വിജ്ഞാപനത്തിലെ നിയന്ത്രണങ്ങൾ പൂർണമായും ഒഴിവാക്കുക എന്നീ ആവശ്യങ്ങളും നിവേദനത്തിലുണ്ട്.
പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുമായും കെ.ആർ.എൽ.സി.സി. സംഘം വിഷയം ചർച്ച ചെയ്തു. എം.എൽ.എ.മാരായ ജോൺ ഫെർണാണ്ടസ്, ഹൈബി ഈഡൻ, ടൈസൻ മാസ്റ്റർ, എം. വിൻസെന്റ് എന്നിവരും കൂടിക്കാഴ്ചകളിൽ പങ്കെടുത്തു. കെ.ആർ.എൽ.സി.സി. വൈസ് പ്രസിഡന്റ് ഷാജി ജോർജ്, ജനറൽ സെക്രട്ടറി ഫാ. ഫ്രാൻസിസ് സേവ്യർ താന്നിക്കാപ്പറമ്പിൽ, സെക്രട്ടറി ആന്റണി ആൽബർട്ട്, ’കടൽ’ ഡയറക്ടർ ഫാ. അന്റോണിറ്റോ പോൾ, ജനറൽ സെക്രട്ടറി ജോസഫ് ജൂഡ് എന്നിവർ നിവേദക സംഘത്തിലുണ്ടായിരുന്നു.
Related