Synod

സിനഡും സഭയുടെ സിനഡാത്മകതയും

സഭയുടെ ചരിത്രത്തിൽ മറ്റൊരു നാഴികക്കല്ലായി മാറാൻ സാധ്യതയുള്ള ഒരു സൂനഹദോസാണിത്...

മാർട്ടിൻ N ആന്റണി

ആത്മവിമർശനാത്മകമായ രണ്ടു ചോദ്യങ്ങളിലൂടെയാണ് ഫ്രാൻസിസ് പാപ്പാ ഈ മാസം പത്താം തീയതി (10/10/2021) സഭയുടെ സൂനഹദോസാത്മകതയെ (സിനഡാത്മകത – Synodality) കുറിച്ചു സിനഡിനു മുന്നൊരുക്കമായുള്ള ദിവ്യബലിയിലെ വചനപ്രഘോഷണം അവസാനിപ്പിക്കുന്നത്:
1) ഈ സൂനഹദോസിന്റെ പാത തുറക്കുമ്പോൾ “നമ്മൾ” – പാപ്പാ (പരിശുദ്ധ പിതാവ്), മെത്രാന്മാർ, പുരോഹിതന്മാർ, സന്യസ്തർ, അല്മായർ – എന്ന ക്രൈസ്തവ സമൂഹം ദൈവത്തിന്റെ ശൈലി ഉൾക്കൊണ്ട് ചരിത്രത്തിലൂടെ സഞ്ചരിക്കുകയും മാനവികത പങ്കുവയ്ക്കുകയും ചെയ്യുന്നവരാണോ?
2) സാഹസികമായ ഒരു യാത്രയ്ക്ക് തയ്യാറാണോ നമ്മൾ, അതോ അജ്ഞാതമായതിനോട് ഭയമുള്ളവരാണോ, അല്ലെങ്കിൽ ‘ഇതുകൊണ്ട് ഒരു കാര്യവുമില്ല’, ‘ഇത് എപ്പോഴും ഇങ്ങനെയാണ്’ എന്ന ഒഴികഴിവുകളിൽ അഭയം തേടുന്നവരാണോ? ഒരു ആത്മീയ യാത്രയ്ക്കുള്ള ആഹ്വാനമാണിത്. അതെ, പരസ്പരം കണ്ടുമുട്ടാനും ശ്രവിക്കാനും തിരിച്ചറിയാനുമുള്ള യാത്ര.

വീണ്ടും ഒരു സൂനഹദോസിന്റെ ചൂടിലേക്ക് കത്തോലിക്ക സഭ നടക്കുവാൻ തുടങ്ങുന്നു. സഭയുടെ ചരിത്രത്തിൽ മറ്റൊരു നാഴികക്കല്ലായി മാറാൻ സാധ്യതയുള്ള ഒരു സൂനഹദോസാണിത്. കാരണം, ഇതിന്റെ വിഷയം തന്നെ വിപ്ലവാത്മകമാണ്; “കത്തോലിക്കാ സഭയുടെ സൂനഹദോസാത്മകതയെ കുറിച്ചുള്ള സൂനഹദോസ്” (Synod on the Synodality of the Catholic Church). ഈ സൂനഹദോസിനെ കുറിച്ച് ഒത്തിരി അനുമാനങ്ങളും വ്യാഖ്യാനങ്ങളും അർത്ഥതലങ്ങളുമെല്ലാം ഇപ്പോൾ അന്തരീക്ഷത്തിൽ നിറഞ്ഞുനിൽക്കുകയാണ്. എന്താണ് സൂനഹദോസ്? എന്താണ് സൂനഹദോസാത്മകത (സിനഡാത്മകത)?

എന്താണ് സൂനഹദോസ്?

സൂനഹദോസ് – അത്ര പെട്ടെന്ന് പിടിതരാത്ത ഒരു പദമാണിത്. കത്തോലിക്കാസഭയുടെ അതിരുകൾക്കുള്ളിൽ കിടന്നു കറങ്ങുന്ന ഒരു പദം. ഇതൊരു മലയാളവൽക്കരിച്ച ഗ്രീക്ക് പദമാണ്. കൂടെ അഥവാ ഒന്നിച്ച് എന്നർത്ഥം വരുന്ന σύν (syn) എന്ന ഉപസർഗ്ഗവും വഴി, പാത എന്നീ അർത്ഥങ്ങളുള്ള ὁδός (hodos) എന്ന നാമവും കൂടിച്ചേർന്ന ഒരു സങ്കലിത പദമാണ് synὁδός (Syn-hodos) അഥവാ സുനഹദോസ്. പദനിഷ്പത്തി പ്രകാരം ഒന്നിച്ചുള്ള യാത്ര, അല്ലെങ്കിൽ ഒന്നിച്ച് ഒരേ വഴിയിൽ എന്നാണ് അർത്ഥം. പക്ഷേ പിന്നീട് ഇതിന് വൈദികാദ്ധ്യക്ഷന്മാരുടെ ആലോചനാസഭയെന്നും പട്ടക്കാരും മേൽപ്പട്ടക്കാരും അടങ്ങിയ പരമാധികാര സഭയെന്നും അർത്ഥമാനങ്ങൾ ലഭിക്കുകയും അങ്ങനെയാകുകയും ചെയ്തു എന്നതാണ് യാഥാർത്ഥ്യം. ശരിയാണ്, പ്രായോഗികമായി പറഞ്ഞാൽ സുനഹദോസ് ഒരു ഉപദേശക സമിതിയാണ്. ആനുകാലികമായ പ്രശ്നങ്ങൾ ചർച്ച ചെയ്ത് പരിശുദ്ധ പിതാവിന് അഭിപ്രായങ്ങളും ഉപദേശങ്ങളും നൽകുന്ന ഒരു സമിതിയാണിത്. അപ്പോഴും ഓർക്കണം പാപ്പായ്ക്ക് മുകളിലല്ല ഈ സമിതി എന്ന കാര്യം.

എന്താണ് സൂനഹദോസാത്മകത?

ഒരു ആശയമെന്ന നിലയിൽ സൂനഹദോസാത്മകത (Synodality) അർത്ഥമാക്കുന്നത് കൂട്ടായ്മയെയാണ്. സഭയിലെ എല്ലാ അംഗങ്ങളും ക്രിസ്തുവിന്റെ മൗതീകശരീരമായി ഒത്തുചേരുന്ന രീതിയാണിത്. ഇവിടെ ഒരു അപകടസാധ്യതയുണ്ട്, ഒത്തുചേരലിനെ ഒരു ജനാധിപത്യ സംസ്‌കാരമായി ചിലർ കരുതും. പക്ഷേ, സൂനഹദോസാത്മകത എന്ന തത്വത്തെ നിർവചിച്ചിരിക്കുന്നത് ക്രിസ്തുവിന്റെ ശരീരത്തിന്റെ കൂട്ടായ്മയിലും ദൈവജനത്തിന്റെ പ്രേക്ഷിത യാത്രയിലുമുള്ള പരിശുദ്ധാത്മാവിന്റെ പ്രവർത്തനമായിട്ടാണ്.

എന്താണ് ഫ്രാൻസിസ് പാപ്പാ സൂനഹദോസാത്മകത എന്ന പദം കൊണ്ട് ഉദ്ദേശിക്കുന്നത്?

സൂനഹദോസ് എന്ന പദത്തിന്റെ വാചികമായ അർത്ഥമാണ് ഉദ്ദേശിക്കുന്നത്. മുന്നിലേക്ക് ഇനി നമുക്ക് ഒന്നിച്ച് യാത്ര ചെയ്യാം എന്നാണ് പാപ്പ ആഹ്വാനം ചെയ്യുന്നത്. എന്തിനാണ് ഈ യാത്ര? പരസ്പരം കണ്ടുമുട്ടാനും ശ്രവിക്കാനും തിരിച്ചറിയാനും. ആരുടെയും സ്വരത്തെ അവഗണിക്കാതെ, എല്ലാ സ്വരങ്ങളെയും ചേർത്തുനിർത്തി അതിൽ നിന്നും നല്ല സ്വരങ്ങളെ തിരിച്ചറിഞ്ഞു സഭയെന്ന ദൈവജനത്തെ മനോഹരമായ സാക്ഷ്യങ്ങളുടെ സിംഫണിയായി മാറ്റാമെന്നാണ് പാപ്പാ സ്വപ്നം കാണുന്നത്. ഇവിടെയാണ് Sensus Fidei അഥവാ വിശ്വാസികളുടെ അവബോധം എന്ന സങ്കല്പം കടന്നുവരുന്നത്. സഭയിൽ ശ്രവിക്കപ്പെടേണ്ട സ്വരങ്ങൾ പുരോഹിത ഗണങ്ങളുടേത് മാത്രമാകരുത്, മറിച്ച് അല്മായരുടേതും മുഴങ്ങി കേൾക്കണം എന്ന അർത്ഥം സുനഹദോസാത്മകത എന്ന പദത്തിന് പാപ്പാ നൽകുന്നുണ്ട്. അതുകൊണ്ടാണ് പാപ്പാ പറയുന്നത്; “നമ്മുടെ ഹൃദയസ്വരങ്ങളെ ഉയർത്താതെ ചില നിശ്ചയദാർഢ്യങ്ങളിൽ നമ്മെത്തന്നെ പൂട്ടിയിടരുത്. സുനിശ്ചിതമായ പലതുമാണ് നമ്മെ അടച്ചിടുന്നത്. നമുക്ക് പരസ്പരം ശ്രവിക്കാം”.

വിശ്വാസികളായ നമുക്ക് എന്ത് ചെയ്യാൻ സാധിക്കും?

പലരെ സംബന്ധിച്ചും ഇത് ഒരു വിരോധാഭാസമായ ചോദ്യമായി അനുഭവപ്പെടാം. പലരും ഞായറാഴ്ച കത്തോലിക്കരാണ്. പൂർണ്ണമായും സഭയുടെ പ്രവർത്തനങ്ങളിൽ മുഴുകിയിട്ടുള്ള ഒരുകൂട്ടം ഇവിടെയുണ്ട് എന്ന കാര്യം തമസ്കരിക്കുന്നില്ല. അതുപോലെതന്നെ മതാധ്യാപകരുണ്ട്, പാസ്റ്ററൽ കൗൺസിൽ അംഗങ്ങളുണ്ട്, വ്യത്യസ്ത ഭക്തസംഘടനകളിൽ പ്രവർത്തിക്കുന്ന അർപ്പണബോധമുള്ളവരുണ്ട്, ഇടയ്ക്കിടെ ആരാധനക്രമങ്ങളിൽ പങ്കെടുക്കുന്നവരുണ്ട്, സംശയാലുക്കളുണ്ട്, ആത്മീയവാദികളുണ്ട്, ധാർമികവാദികളുണ്ട്, ഒപ്പം ചെറിയൊരു കൂട്ടം വർഗീയവാദികളുമുണ്ട്. അതുകൊണ്ടുതന്നെ വിശ്വാസികൾ എന്ന് പറയുമ്പോൾ എല്ലാം തികഞ്ഞവർ എന്നർത്ഥം ഇവിടെ വരുന്നില്ല. അപ്പോഴും ഒരു കാര്യം ഓർക്കണം, ദൈവജനമാണ് സഭ. അവിടെ പരസ്പരം ഉത്തരവാദിത്വം ഏറ്റെടുക്കാനുള്ള പ്രതിബദ്ധത എല്ലാവർക്കുമുണ്ട്. സംസാരിക്കാനുള്ള അവകാശമെന്നതുപോലെ കേൾക്കാനുള്ള കടമയുമുണ്ട്.

വ്യക്തമായ ഒരു ചക്രവാളവും ലക്ഷ്യവുമുള്ള ഈ സുനഹദോസ് – യാത്രയിൽ സ്വയം അറിയിക്കുന്നതിനും മനസ്സിലാക്കുന്നതിനും സ്ഥാനം നേടുന്നതിനും എല്ലാവർക്കും അവസരങ്ങളുണ്ട്. എന്തെങ്കിലും സംഭവിച്ചു കഴിയുമ്പോൾ ഞങ്ങൾ നിർദ്ദേശങ്ങൾ നൽകാം എന്ന് പറയുന്നതിൽ കാര്യമില്ല. നിർദേശങ്ങൾക്കു വേണ്ടി കാത്തിരിക്കാൻ ഇനി സമയവുമില്ല. ഉള്ളിൽ നിന്നും വരുന്നത് പരിശുദ്ധാത്മാവിന്റെ ശബ്ദമാണെന്നുറപ്പുണ്ടെങ്കിൽ ഉച്ചത്തിൽ വിളിച്ചു പറയേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. കാരണം, അല്മായ – സന്യസ്ത – പൗരോഹിത്യ വ്യത്യാസമില്ലാതെ ഒന്നിച്ചുള്ള ഒരു യാത്രയാണ് ഈ സൂനഹദോസിലൂടെ സഭ ഉദ്ദേശിക്കുന്നത്. അതുകൊണ്ട്, വിശ്വാസികൾ നിലപാടുകളില്ലാത്ത കാഴ്ചക്കാരാണ് എന്ന് സ്വയം കരുതരുത്. അതുപോലെതന്നെ കാഴ്ചപ്പാടുകൾ എന്ന പേരിൽ വിഘടന-വിദ്വേഷത്തിന്റെ കളകൾ സഭയ്ക്കുള്ളിൽ വിതക്കുകയും ചെയ്യരുത്.

ഉപസംഹാരം

“കൂട്ടായ്മ, പങ്കാളിത്തം, ദൗത്യം” ഈ മൂന്ന് മൂല്യങ്ങളാണ് സൂനഹദോസാത്മകതയുടെ തൂണുകളായി പാപ്പാ നിശ്ചയിച്ചിരിക്കുന്നത്. പരസ്പരം കണ്ടുമുട്ടാനും ശ്രവിക്കാനും പങ്കുവയ്ക്കാനുമുള്ള വിളിയാണത്. ഒന്നിച്ചൊരു യാത്രയാണ് ഈ സുനഹദോസ്. ഈ യാത്രയിൽ നമ്മൾ പരസ്പരം സംസാരിക്കും, വഴിയിൽ നമ്മൾ സ്വയം ചോദിക്കും, അവസാനം നമ്മൾ പറയും ഞങ്ങളിൽ മാറ്റം സംഭവിച്ചു എന്ന്. അതുകൊണ്ടാണ് ഫ്രാൻസിസ് പാപ്പ പറയുന്നത് ആത്മീയവിവേചന യാത്രയാണ് ഈ സുനഹദോസ് എന്ന്. ഇതൊരു സഭ കൺവെൻഷനോ രാഷ്ട്രീയ സമ്മേളനമോ പഠന കോൺഫറൻസോ അല്ല. ഇത് ദൈവകൃപയുടെ അനുഭവമാണ്. പരിശുദ്ധാത്മാവ് പകർന്നു നൽകുന്ന രോഗശാന്തിയാണത്. അതിനാൽ നമുക്ക് നമ്മെത്തന്നെ ശൂന്യമാക്കാം, ലൗകികമായതിൽ നിന്നും നമ്മെത്തന്നെ മോചിപ്പിക്കാം, നമ്മുടെ ഹൃദയ വാതിലുകളെ പുതിയ ചക്രവാളത്തിലേക്ക് തുറന്നിടാം.

Show More

Leave a Reply

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker