കൊച്ചി: എല്ലാ മതവിഭാഗങ്ങളോടും സാഹോദര്യത്തിന്റെയും സമന്വയത്തിന്റെയും സന്ദേശം പങ്കുവയ്ക്കുന്നുവെന്നതാണു കേരള കത്തോലിക്കാസഭയുടെ തനിമയും നന്മയുമെന്നു രാജ്യസഭാ ഡെപ്യൂട്ടി ചെയർമാൻ പ്രഫ. പി.ജെ. കുര്യൻ അഭിപ്രായപ്പെട്ടു. മതേതരരാജ്യത്തു കത്തോലിക്കാസഭയുടെ പ്രസക്തി കൂടുതൽ തിരിച്ചറിഞ്ഞു മുന്നോട്ടു പോകേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കെ.സി.ബി.സി.യുടെ ആസ്ഥാന കാര്യാലയവും കേരളത്തിലെ ലത്തീൻ, മലബാർ, മലങ്കര സഭകളുടെ പൊതു അജപാലനകേന്ദ്രവുമായ പാലാരിവട്ടം പാസ്റ്ററൽ ഓറിയന്റേഷൻ സെന്ററിന്റെ (പി.ഒ.സി.) സുവർണ ജൂബിലി സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഹൈന്ദവ, ക്രൈസ്തവ, ഇസ് ലാം വിശ്വാസികൾക്ക് ഒരുമിച്ചു പാർക്കാനാവുന്ന വിശാലമായ സാമൂഹ്യപശ്ചാത്തലമാണു കേരളത്തെ മനോഹരമാക്കുന്നത്. ഈ സാഹോദര്യത്തിന്റെ സന്ദേശമാണു കാലങ്ങളായി സഭ പങ്കുവയ്ക്കുന്നത്. സഭ, സഭയ്ക്കു വേണ്ടി മാത്രമല്ല, സമൂഹത്തിനു വേണ്ടിക്കൂടിയാണെന്ന അവബോധം വളർത്തിയെടുക്കേണ്ടതുണ്ടെന്നും പി.ജെ. കുര്യൻ അഭിപ്രായപ്പെട്ടു.
കെ.സി.ബി.സി. പ്രസിഡന്റ് ആർച്ച്ബിഷപ് ഡോ. എം. സൂസപാക്യം അധ്യക്ഷത വഹിച്ചു. അൻപതു വർഷക്കാലം പി.ഒ.സി.യെ വളർത്തിയ എല്ലാവരെയും നന്ദിയോടെ ഓർക്കുന്നതാണു ജൂബിലി ആഘോഷമെന്ന് അദ്ദേഹം പറഞ്ഞു.
കേരളസഭയുടെ എല്ലാ ഘടകങ്ങളെയും ക്രിയാത്മകമായി സമന്വയിപ്പിച്ചതിന്റെ ചരിത്രമാണു പിഒസിയുടേതെന്നു സീറോ മലബാർ സഭാ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി അനുഗ്രഹപ്രഭാഷണത്തിൽ പറഞ്ഞു. ബഹുമാന്യമായതിനെ തച്ചുടയ്ക്കാനുള്ള പ്രവണതകളിൽ ജാഗ്രത പാലിക്കണമെന്നും സ്വത്വബോധം അഭിമാനത്തോടെ നാം ഏറ്റുപറയണമെന്നും അനുഗ്രഹപ്രഭാഷണം നടത്തിയ സീറോ മലങ്കര സഭാ മേജർ ആർച്ച്ബിഷപ് കർദിനാ ൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാബാവ ഓർമിപ്പിച്ചു.
കർദിനാൾ മാർ ജോർജ് ആലഞ്ചേരി സ്മരണിക പ്രകാശനം നടത്തി. പി.ഒ.സി. പ്രഥമ ഡയറക്ടർ ഫാ. ജോസഫ് കണ്ണത്ത് ആദ്യപ്രതി ഏറ്റുവാങ്ങി. കെ.സി.ബി.സി. സെക്രട്ടറി ജനറൽ ആർച്ച്ബിഷപ് മാർ മാത്യു മൂലക്കാട്ട്, വൈസ് പ്രസിഡന്റ് ബിഷപ് യൂഹാനോൻ മാർ ക്രിസോസ്റ്റം, തിരുവനന്തപുരം പാളയം ഇമാം വി.പി. ഷുഹൈബ് മൗലവി, സ്വാമി നന്ദാത്മജാനന്ദ, പിഒസി ഡയറക്ടർ റവ. ഡോ. വർഗീസ് വള്ളിക്കാട്ട്, പ്രോഗ്രാം കണ്വീനർ ഫാ. ജോളി വടക്കൻ, റവ. ഡോ. മാത്യു ജേക്കബ് തിരുവാലിൽ എന്നിവർ പ്രസംഗിച്ചു.
ആർച്ച്ബിഷപ് എം. സൂസപാക്യത്തിന്റെ മുഖ്യകാർമികത്വത്തിൽ അർപ്പിച്ച കൃതജ്ഞതാബലിയിൽ കേരളത്തിലെ മൂന്നു റീത്തുകളിൽനിന്നുള്ള കത്തോലിക്കാ മെത്രാന്മാരും വൈദികരും സഹകാർമികരായിരുന്നു.
“കേരളസഭ ഇന്നലെ, ഇന്ന്, നാളെ” എന്ന വിഷയത്തിൽ നടന്ന സെമിനാറിൽ ജേക്കബ് പുന്നൂസ്, ഫാ. സേവ്യർ കുടിയാംശേരി എന്നിവർ പ്രബന്ധാവതരണം നടത്തി. ബിഷപ് മാർ ജോസഫ് പാംബ്ലാനി മോഡറേറ്ററായിരുന്നു.
കേരളത്തിലെ 32 രൂപതകളിൽനിന്നുള്ള പ്രതിനിധികളും കെ.സി.ബി.സി. ഭാരവാഹികളും ഉൾപ്പെടെ അഞ്ഞൂറോളം പേർ രണ്ടു ദിവസത്തെ ജൂബിലി സമാപനാഘോഷങ്ങളിൽ പങ്കെടുത്തു. ഫാ. സ്റ്റാൻലി മാതിരപ്പിള്ളി, ഫാ. ജോസ് കരിവേലിക്കൽ, ഫാ. സാജു കുത്തോടിപുത്തൻപുരയിൽ, ഫാ. സെബാസ്റ്റ്യൻ കുറ്റിയാനിക്കൽ, ഫാ. ജോഷി മയ്യാറ്റിൽ എന്നിവർ നേതൃത്വം നൽകി.
Related