സാമൂവേൽ കൂടലിന് പിന്തുണയുമായി സന്യാസിനികളോട് കേസുകൾ പിൻവലിക്കാൻ പറയുന്ന മറുനാടന് സന്യാസിനിയുടെ മറുപടി
ക്ഷമിക്കാം ക്ഷമിക്കാം എന്ന് പറഞ്ഞ് പിന്നോട്ടില്ല. നിയമത്തിന്റെ വഴിയേ മുന്നോട്ട് തന്നെ...
“സാമൂവേൽ കൂടലിന് എതിരെയുള്ള നിയമനടപടികളിൽ നിന്ന് കന്യാസ്ത്രീകൾ പിന്തിരിയണം എന്ന് മറുനാടൻ ഷാജൻ…” എന്ന തലക്കെട്ടോടെയാണ് സിസ്റ്റർ തന്റെ പ്രതികരണം മുഖപുസ്തകത്തിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്.
‘ഈനാംപേച്ചിക്ക് മരപ്പെട്ടി കൂട്ട്’ എന്ന പഴഞ്ചൊല്ല് ഉദ്ധരിച്ച് തുടങ്ങുന്ന പോസ്റ്റിൽ മറുനാടൻ ഷാജന് കൃത്യമായ മറുപടി നൽകുന്നുണ്ട് സി.സോണിയ തെരേസ്. ക്ഷമയുടെ വക്താക്കളാണെന്ന് സന്യാസിനികളെ ഓർമ്മിപ്പിക്കുമ്പോൾ, കന്യാസ്ത്രീകൾ ക്ഷമിക്കണം എന്ന് ഉപദേശിക്കുമ്പോൾ ക്രിസ്തുവിന്റെ കരണത്തടിച്ച ഒരുവനോട് “നീയെന്തിന് എന്നെ അടിച്ചു” എന്ന് ചോദിച്ച ക്രിസ്തുവിന്റെ കാര്യം കൂടി ഓർക്കണമെന്നും പോസ്റ്റിൽ പറയുന്നു. കൂടാതെ, സെപ്റ്റംബർ ആദ്യവാരം സാമൂവേൽ യൂറ്റ്യൂബിൽ സാമുവേൽ കൂടൽ ഇട്ട വീഡിയോ കാണുവാനായിട്ട് ഉപദേശിക്കുന്നുമുണ്ട്.
അതുപോലെതന്നെ, “ഞാൻ ബോബിയുടെ ഭർത്താവാണ്, അതിനാൽ ഭർത്താവ് എന്ന നിലയിൽ എന്റെ ഭാര്യയെ സംരക്ഷിക്കേണ്ടത് എന്റെ കടമയാണ് എന്ന്…” എന്ന ഷാജന്റെ തന്നെ വാക്കുകളെ ഓർമ്മിപ്പിച്ചുകൊണ്ട് സാമൂവേൽ കൂടലിന് വേണ്ടിയുള്ള ഷാജന്റെ വക്കാലത്തിനെ “ലജ്ജാകരം” എന്ന് ആക്ഷേപിക്കുന്നുണ്ട്.
ഒടുവിൽ, ഇമ്മാതിരി ഞരമ്പുരോഗികളോട് “ക്ഷമിക്കാം ക്ഷമിക്കാം എന്ന് പറഞ്ഞ് പിന്നോട്ടില്ല. നിയമത്തിന്റെ വഴിയേ മുന്നോട്ട് തന്നെ…” എന്ന നിലപാടാണ് സന്യാസിനികൾ എടുത്തിരിക്കുന്നതെന്ന ഉറച്ച താക്കീതോടെയാണ് പോസ്റ്റ് അവസാനിക്കുന്നത്.
ഫെയ്‌സ് ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം:
സാമൂവേൽ കൂടലിന് എതിരെയുള്ള നിയമനടപടികളിൽ നിന്ന് കന്യാസ്ത്രീകൾ പിന്തിരിയണം എന്ന് മറുനാടൻ ഷാജൻ…
മറുനാടൻ ഷാജൻ സാമുവേൽ കൂടലിന് വേണ്ടി വക്കാലത്തുമായി വന്നത് കണ്ടു… നല്ല തമാശയാണ് കേട്ടോ… ഏതായാലും ഈനാംപേച്ചിക്ക് മരപ്പെട്ടി കൂട്ട് എന്ന പഴഞ്ചൊല്ല് പോലുണ്ട്…🤨 ആദ്യം തന്നെ ഒരു സത്യം പറയാം. ഒന്നേകാൽ വർഷം മുമ്പ് ആയതിനാൽ 300 ൽ ഒതുങ്ങി. ഇന്നായിരുന്നെങ്കിൽ കേസുകളുടെ എണ്ണം അതിലും കൂടുമായിരുന്നു. ഒരു പക്ഷേ കേരളത്തിൽ മാത്രമായിരിക്കില്ല… സാമുവേൽ കൂടലിന് എന്തോ ഭാഗ്യമുണ്ടായി എന്ന് ആശ്വസിക്കാം…😉
പിന്നെ മറുനാടൻ ഷാജനോട്… 2020 സെപ്റ്റംബർ ആദ്യവാരം യൂറ്റ്യൂബിൽ സാമുവേൽ കൂടൽ ഇട്ട വീഡിയോ താങ്കൾ കേട്ടിരുന്നുവോ…? ഇന്ന് താങ്കൾക്ക് വോയിസ് മെസേജ് അയച്ചിരിക്കുന്ന ആ “നിഷ്കു” ഒന്നും അല്ലന്നേ അന്ന് ഞങ്ങളെ നിന്ദിച്ചത്. സത്യത്തിൽ ഇന്നും ഒരു പശ്ചാത്താപവും ഇല്ല സാമുവേൽ കൂടലിന്റെ വാക്കുകളിൽ… കയ്യിൽ നിന്ന് കുറച്ചു കാശും പോയി, പിന്നെ കേരളത്തിന്റെ അങ്ങേയറ്റം മുതൽ ഇങ്ങേയറ്റം വരെ ഓടി മടുത്തതിന്റെ ഒരു ഖേദം മാത്രമല്ലേ ഈ വിലാപം…? സത്യത്തിൽ കേസുകളിൽ നിന്ന് ഒന്ന് ഊരി കിട്ടാനുള്ള അടവുകൾ മാത്രം…
പിന്നെ ഷാജൻ നിങ്ങളെപ്പോലുള്ള ഓൺലൈൻ മാധ്യമ മേലാളൻമാർ സ്വന്തം കീശ നിറക്കാനായിട്ട് വായിൽ വരുന്നതെല്ലാം വിളിച്ചു പറഞ്ഞിട്ട് അവസാനം കേസ് ആയി കഴിയുമ്പോൾ അയ്യോ ഞങ്ങളോട് ക്ഷമിക്കണം… ഞങ്ങളോട് പൊറുക്കണം… കർത്താവ് അങ്ങനെയല്ലേ പഠിപ്പിച്ചിരിക്കുന്നത് എന്ന് പറഞ്ഞിട്ട് കാര്യമില്ല. ക്രിസ്തുവിന്റെ കരണത്തടിച്ച ഒരുവനോട് “നീയെന്തിന് എന്നെ അടിച്ചു” എന്ന് ചോദിച്ച ക്രിസ്തുവിന്റെ കാര്യം കൂടി ഒന്ന് ഓർക്കുന്നത് നല്ലതാണ്…😇
സോഷ്യൽ മീഡിയകളിൽ കൂടി പാറിപ്പറക്കുന്ന മെസേജുകളും യൂറ്റ്യൂബിലെ വീഡിയോകളും നിഷ്കളങ്കരായ അനേകായിരങ്ങൾക്ക് എത്ര മാത്രം മാനസിക ബുദ്ധിമുട്ടും വേദനയും വരുത്തിയിട്ടുണ്ട് എന്ന് നിങ്ങളിൽ ആരെങ്കിലും ഒരു പ്രാവശ്യം എങ്കിലും ചിന്തിച്ചിട്ടുണ്ടോ…? കഴിഞ്ഞവർഷം ഷാജൻ്റെ ഭാര്യയെ ആരോ എന്തോ പറഞ്ഞപ്പോൾ വേദനയും വികാരവും നിറഞ്ഞ് ഷാജൻ ഇറക്കിയ വീഡിയോ ഇന്നും എൻ്റെ ഓർമ്മയിലുണ്ട്. അതിലെ ഒരു വാചകം ഇങ്ങനെ ആയിരുന്നു: “ഞാൻ ബോബിയുടെ ഭർത്താവാണ്, അതിനാൽ ഭർത്താവ് എന്ന നിലയിൽ എന്റെ ഭാര്യയെ സംരക്ഷിക്കേണ്ടത് എന്റെ കടമയാണ് എന്ന്…” ആ ഷാജൻ തന്നെ കന്യാസ്ത്രീകൾ ക്ഷമിക്കണം എന്ന് പറഞ്ഞ് വക്കാലത്തുമായ് വന്നിരിക്കുന്നത് ലജ്ജാകരം തന്നെയാണ്…
പറഞ്ഞ വാക്കും എറിഞ്ഞ കല്ലും ഒരുപോലെയാണ്… പ്രത്യേകിച്ച് സോഷ്യൽ മീഡിയയിൽ കൂടിയും യൂറ്റ്യൂബിൽ കൂടിയും ഇറക്കുന്ന വീഡിയോകൾ. കൂടലിൻ്റെ വീഡിയോ ഇന്നും സോഷ്യൽ മീഡിയയിൽ കിടന്ന് കറങ്ങുന്നുണ്ട് എന്നത് അയാൾക്ക് പോലും അറിയില്ലായിരിക്കാം. കൂടലിൻ്റെ സിസ്റ്റത്തിൽ നിന്ന് ആ വീഡിയോ ഡിലീറ്റ് ചെയ്താലും ലോകത്തിൻ്റെ നാന്നാ ഭാഗത്തുള്ളവരുടെ സിസ്റ്റത്തിൽ നിന്ന് ആ വീഡിയോകൾ ആര് ഡിലീറ്റ് ചെയ്യും? വേണ്ട, സിസ്റ്റങ്ങളിൽ ഉള്ളത് അവിടെ കിടക്കട്ടെ. ഈ വീഡിയോ കണ്ടവരുടെ മനസുകളിൽ നിന്ന് എന്ത് മായാജാലം കാട്ടിയാണ് ആ ചിന്തകളെ ഡിലീറ്റ് ചെയ്യാൻ കഴിയുന്നത്..?
കേരളത്തിൻ്റെ തെരുവുകളിൽ നിന്ദനങ്ങൾ ഏറ്റ ഞങ്ങൾ സന്യസ്തരുടെ നൊമ്പരങ്ങൾ നിങ്ങളെപ്പോലെയുള്ള ഓൺലൈൻ മേലാളൻമാർക്ക് എങ്ങനെ മനസ്സിലാക്കാൻ കഴിയും..? ഇന്ത്യയിലെ ഒരു ലക്ഷത്തിൽ പരം വരുന്ന സന്യസ്തരുടെ മാതാപിതാക്കളും സഹോദരങ്ങളും ബന്ധുക്കളും അനുഭവിച്ച വേദനയ്ക്കും നിന്ദനങ്ങൾക്കും ആര് പരിഹാരം കാണും..?
അഭിപ്രായ സ്വാതന്ത്ര്യം എന്ന് പറയുന്നത് വായിൽ വരുന്നത് കോതയ്ക്ക് പാട്ട് എന്നതു പോലെ ആകരുത്… അഭിപ്രായ സ്വാതന്ത്ര്യം മറ്റുള്ളവരെ നിന്ദിക്കുന്നതിന് വേണ്ടി പ്രയോഗിക്കുമ്പോൾ ഇന്ത്യൻ പൗരൻമാർക്ക് അവകാശപ്പെട്ട മറ്റ് ചില അവകാശങ്ങൾ കൂടിയുണ്ട് എന്നത് മറക്കരുത്, അതായത് നിയമത്തിൻ്റെ വഴി… കഴിഞ്ഞ കുറെ ഏറെ വർഷങ്ങൾ നിശബ്ദമായി സഹിക്കുകയും ക്ഷമിക്കുകയും ചെയ്തവരാണ് കേരളത്തിലെ സന്യസ്തർ. അതിൻ്റെ ഒക്കെ ഫലമാണ് ഇന്ന് സോഷ്യൽ മീഡിയയിൽ കൂടിയും ഓൺലൈൻ മാധ്യമങ്ങളിൽ കൂടിയും പടച്ചു വിടുന്ന നിന്ദനങ്ങൾ. കഴിഞ്ഞ രണ്ട് ദിവസം മുമ്പ് കേരളത്തിലെ ഒരു വനിതാ മന്ത്രിയെ സോഷ്യൽ മീഡിയ വഴി നിന്ദിച്ചു എന്ന് പറഞ്ഞ് ഒരാളെ അറസ്റ്റ് ചെയ്ത വാർത്ത പത്രങ്ങളിൽ ഞങ്ങൾ കണ്ടിരുന്നു. അപ്പോൾ കേരളത്തിൽ നിയമങ്ങൾ ഒന്നും ഇല്ലാഞ്ഞിട്ടല്ല കേട്ടോ… നിയമം നടപ്പിലാക്കണമെങ്കിൽ പാർട്ടിക്കാരോ സിനിമാക്കാരോ ഒക്കെ ആകണം എന്ന് മാത്രം.
എനിക്ക് ലക്ഷങ്ങൾ നഷ്ടമായി എന്ന് വിലപിക്കുന്ന സാമുവേൽ കൂടലിന്റെ ആ ശബ്ദം പലർക്കും ഒരു പാഠമാകട്ടെ… ഞങ്ങൾ സന്യസ്തർക്ക് ഒരു തിടുക്കവും ഇല്ലെന്നേ… പതിയെ മതി, വേകുവോളം ഇരിക്കാമെങ്കിൽ എന്തേ ആറുവോളം ഇരിക്കാൻ പറ്റത്തില്ലേ..!! ഇനി മുതൽ ഞങ്ങൾ ക്രൈസ്തവ സന്യസ്തരുടെ നിലപാടുകളിലും അല്പം മാറ്റങ്ങൾ ഒക്കെ വന്നിട്ടുണ്ട്. അതായത് ക്ഷമിക്കാം ക്ഷമിക്കാം എന്ന് പറഞ്ഞ് പിന്നോട്ടില്ല. നിയമത്തിന്റെ വഴിയേ മുന്നോട്ട് തന്നെ…😉
സ്നേഹപൂർവ്വം,
സി.സോണിയ തെരേസ് ഡി.എസ്.ജെ.