Kazhchayum Ulkkazchayum

സമാന്തര രേഖകള്‍ കൂട്ടിമുട്ടുമ്പോള്‍…?

സമാന്തര രേഖകള്‍ കൂട്ടിമുട്ടുമ്പോള്‍...?

കാഴ്ചയും ഉള്‍കാഴ്ചയും

 സമാന്തര രേഖകള്‍ കൂട്ടിമുട്ടുകയില്ല. ഗണിതശാസ്ത്രം നമ്മെ പഠിപ്പിക്കുന്ന തത്വമാണ്. നാം ജീവിക്കുന്ന കാലഘട്ടത്തിലെ ഉള്‍പ്പിരിവുകള്‍ – സമാന്തര രേഖകള്‍ക്കു കൂട്ടിമുട്ടാമെന്ന് നമ്മെ പഠിപ്പിക്കുകയാണ്.
കാലം ഗതിമാറി ഒഴുകുകയാണ്…
മരണ കവാടത്തിലേക്ക്…
നട്ടുച്ചയ്ക്ക് പാതിരാത്രിയും പാതിരാത്രിയില്‍ നട്ടുച്ചയും അതിവിദൂരഭാവിയില്‍ നമുക്കു പ്രതീക്ഷിക്കാം.

മനുഷ്യന്‍റെ ആര്‍ഭാടവും ധൂര്‍ത്തും അമിതാസക്തിയും പ്രപഞ്ചത്തെയും പ്രകൃതി വിഭവങ്ങളെയും പ്രകൃതിയെയും അമിതമായി ചൂഷണം ചെയ്യുകയാണ്; കൊളളയടിക്കുകയാണ്. എനിക്കു ശേഷം പ്രളയം എന്നാണ് ഇന്നിന്‍റെ മുദ്രാവാക്യം. നാമിന്ന് നമ്മള്‍ സൃഷ്ടിച്ച ഒരു ദൂഷിത വലയത്തിലാണ്. അനുഭവങ്ങളില്‍ നിന്ന് പാഠം പഠിക്കണമെന്നത് പഴമൊഴി. നാം നമ്മെ സ്വയം വിമര്‍ശിക്കാനും ആത്മശോധനയ്ക്കും വിധേയമാക്കേണ്ട കാലം അതിക്രമിച്ചു കഴിഞ്ഞു…

ആധിപത്യം പുലര്‍ത്താന്‍, വെട്ടിപ്പിടിക്കാന്‍, കീഴടക്കാന്‍, ബോധപൂര്‍വ്വം നാം നന്‍മയെ തിന്‍മയെന്നു വിളിച്ചു. സൃഷ്ടിയെക്കാള്‍ നാം സംഹാരത്തിന് മുന്‍ഗണന നല്‍കി. വെളിച്ചത്തെക്കാള്‍ ഇരുളിനെയാണ് സ്നേഹിക്കാന്‍ താല്‍പര്യം. അളമുട്ടിയാല്‍ ചേരയും കൊത്തും പഴമൊഴി ഫലമണിയുന്നു.

ഋതുഭേദങ്ങളിലെ പ്രകടമായ വ്യത്യാസം… ഭയാനകം. പ്രകൃതി നമ്മെ വേട്ടയാടാന്‍ തുടങ്ങിക്കഴിഞ്ഞു. ദുരന്തങ്ങളുടെ ഘോഷയാത്ര ആരംഭിച്ചു കഴിഞ്ഞു. നിലയ്ക്കാത്ത നിലവിളിയും കണ്ണുനീരും കബന്ധങ്ങളും… പ്രകൃതിയുടെ സന്തുലിതാവസ്ഥ താറുമാറാക്കിയതിന്‍റെ സമ്മാനം…

പരിസ്ഥിതി പഠനങ്ങളും ശാസ്ത്രത്തിന്‍റെ മുന്നറിയിപ്പുകളും സ്വാര്‍ത്ഥതാല്‍പര്യത്തിനു വേണ്ടി നാം അവഗണിച്ചു. ആത് മഹത്യാപരമായ നിസ്സംഗതയാണ് ഇന്നിന്‍റെ ശാപം. വെളിച്ചം സുഖമാണ്, ദുഃഖമല്ലാ എന്നു പറയുവാന്‍ ദിശാബോധമുളള, പ്രതിബദ്ധതയുളള, ഒരു സംസ്കാരം – നാളത്തെ തലമുറയുടെ സുസ്ഥിതിക്കു വേണ്ടി നാം ക്രീയാത്മകമാം വിധം വളര്‍ത്തിയെടുത്തേ മതിയാവൂ.

നമ്മുടെ വികലമായ കാഴ്ചപ്പാടുകള്‍ക്കും മനോഭാവങ്ങള്‍ക്കും സ്ഥായിയായ മാറ്റം അനിവാര്യമാണ്. അമാന്തിക്കരുത്.

Show More

Leave a Reply

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker