ഒരുകാലത്ത് മുഴങ്ങി കേട്ട ഒരു മുദ്രാവാക്യമായിരുന്നു “ശാസ്ത്രം ജയിച്ചു മനുഷ്യൻ തോറ്റു”. എന്നാൽ ഇന്ന് പുതിയൊരു മുദ്രാവാക്യം രൂപപ്പെട്ടു വരികയാണ്, “ശാസ്ത്രവും മനുഷ്യനും” ഒരുമിച്ച് തോറ്റു…തോറ്റു കൊണ്ടേയിരിക്കുന്നു. ബുദ്ധിയും, യുക്തിയും, ചിന്താശക്തിയുമുള്ള മനുഷ്യൻ തോൽക്കുകയോ? സത്യം, ധർമ്മം, നീതി, വിചാരം, വികാരം ഇവയുടെ ഉടമയായ മനുഷ്യൻ തോൽക്കുകയോ? പ്രപഞ്ചത്തെയും, പ്രാപഞ്ചിക രഹസ്യങ്ങളെയും, ദൈവത്തെയും വെല്ലുവിളിക്കാൻ കെൽപ്പുള്ള മനുഷ്യൻ തോൽക്കുകയോ? നമ്മിൽ ഉണ്ടാക്കുന്ന വലിയ ഭയം, അമ്പരപ്പ് (സന്ത്രാസം) ഇന്ന് കണ്ടമാനം ഭയാനകമായിരിക്കുന്നു. ശാസ്ത്രം മനുഷ്യന്റെ കൈകളിലെ “കളിപ്പാട്ടമായി” മാറിയപ്പോൾ (മാറ്റിയപ്പോൾ) ബുദ്ധിക്ക് വേണ്ടത്ര വികാസം പ്രാപിക്കാത്ത ഒരു കുട്ടി (മുതിർന്നവരും) കണ്ണിൽ കാണുന്നതെല്ലാം തച്ചുടച്ച് തരിപ്പണമാക്കുന്നത് പോലെ അവന്റെ തന്നെ നേട്ടങ്ങളായ ശാസ്ത്രത്തെ ഹിംസക്കുവേണ്ടി, നാശത്തിനു വേണ്ടി, സംഹരിക്കാൻ വേണ്ടി വിനിയോഗിക്കാൻ തുടങ്ങിയപ്പോൾ “ശാസ്ത്രവും തോൽക്കാൻ” വിധിക്കപ്പെട്ടിരിക്കുകയാണ്.
ചിന്താശക്തിയും, യുക്തിയും, ദീർഘവീക്ഷണവുമുള്ളവനുമാണ് മനുഷ്യൻ എന്ന് ഇനി എത്രകാലം മനുഷ്യകുലത്തിന് അഭിമാനിക്കാൻ കഴിയും…? ശാസ്ത്രത്തിന്റെ സംഭാവന (ശാസ്ത്രജ്ഞരുടെ) നിരാകരിക്കുന്നില്ല; പക്ഷേ ഇരിക്കുന്ന കൊമ്പ് മുറിക്കുന്ന “സംസ്കാരം” അധമമാണ്. ഒരു “തീക്കൊള്ളി”കൊണ്ട് ഒരു വനം നശിപ്പിക്കാൻ കഴിയും. എന്നാൽ, ഒരുകോടി തീപ്പെട്ടിക്കോലുകൾ ചേർത്തുവച്ചാൽ ഒരു വനം പോയിട്ട് ഒരു മരം ഉണ്ടാക്കാൻ കഴിയുമോ?? മറ്റുള്ളവരെ കൊന്നൊടുക്കാൻ സ്വന്തം വീട്ടിൽ വിഷപാമ്പിനെ വളർത്തുന്ന പ്രവണത അംഗീകരിക്കാനാവില്ല. മനുഷ്യനെ മരണമില്ലാത്തവനാക്കാനുള്ള പരീക്ഷണ, നിരീക്ഷണങ്ങൾ നടത്തുന്ന ജീവശാസ്ത്രവും, വൈദ്യശാസ്ത്രവും നടത്തുന്ന പരീക്ഷണശാലയുടെ രണ്ടാം നിലയിൽ ജീവനെ നശിപ്പിക്കാനുള്ള പരീക്ഷണവും ധൃതഗതിയിൽ നടക്കുന്നതിന്റെ തിക്തഫലമാണ് നാമിന്ന് അനുഭവിക്കുന്ന “മരണഭീതി”…!
മനുഷ്യന്റെ അധമ മനസ്സുകൾ “ആയുധപ്പുര”കളാക്കിമാറ്റുന്ന ഭരണവും, ഭരണാധിപന്മാരും ഇന്നിന്റെ ശാപമാണ്. ദൈവത്തെയും സനാതന മൂല്യങ്ങളെയും തിരസ്കരിക്കുന്ന ആർദ്രതയില്ലാത്ത, വിചാര വികാരങ്ങളില്ലാത്ത “യന്ത്രമനുഷ്യ”രായി ലോകരാഷ്ട്രങ്ങൾ മാറിക്കൊണ്ടിരിക്കുന്നതിന്റെ തിക്തഫലമാണ് നാമിന്ന് അഭിമുഖീകരിക്കുന്നത്. “മുട്ടനാടുകളെ തമ്മിലടിപ്പിച്ച്” ചോര കുടിച്ചു രമിക്കുന്ന “ചെന്നായ്ക്കളുടെ” മനസ്സും മനോഭാവവും മാറ്റിയേ മതിയാകൂ. നാമിപ്പോൾ “വിലയ്ക്കു വാങ്ങിയ ദുരന്ത”മാണ് അനുഭവിക്കുന്നത്. ദൈവത്തെ തള്ളിപറഞ്ഞാൽ, നിരാകരിച്ചാൽ, മനസ്സാക്ഷിക്കുത്ത് കൂടാതെ എത്ര വലിയപാതകവും, ക്രൂരതയും, നാശവും പ്രാവർത്തികമാക്കാൻ കഴിയുമെന്ന “അജണ്ട” നാം വിസ്മരിക്കരുത്.
ജീവനെ സ്നേഹിക്കാത്ത, മാനിക്കാത്ത, പരിപോഷിപ്പിക്കാത്ത ദുരവസ്ഥ നിന്ദ്യമാണ്. വളരുകയും വളർത്തുകയും ചെയ്യുന്ന ജീവന്റെ സംസ്കാരമാണ് നമുക്കുണ്ടാകേണ്ടത്. അമ്മയുടെ ഗർഭപാത്രത്തെ “ശവപ്പറമ്പാക്കി മാറ്റി” ജീവന്റെ തുടിപ്പുകളെ വെട്ടിമുറിക്കുന്ന (അബോർഷൻ- ഗർഭച്ഛിദ്രം) തിന്റെ പരിണിതഫലമാണ് ഈ ദുരന്തത്തിന്റെ ബാക്കിപത്രമെന്ന് വരികൾക്കിടയിലൂടെ വായിച്ചെടുക്കാൻ “സുബോധ”മുള്ള ആർക്കും കഴിയുമെന്ന് ചിന്തിച്ചാൽ അത്ഭുതപ്പെടാനാകുമോ? പ്രപഞ്ചത്തെയും പ്രകൃതിയെയും സ്വാർത്ഥലാഭത്തിനു വേണ്ടി ചൂഷണം ചെയ്യുന്ന, ധൂർത്തടിക്കുന്ന നാം ഈ നില തുടർന്നാൽ ഭാവിയിൽ കുടിവെള്ളത്തിനു വേണ്ടി, ശുദ്ധവായുവിനുവേണ്ടി നിലവിളിക്കുന്ന “ഒരു ദുരന്ത നാടകത്തിന് ” സാക്ഷ്യം വഹിക്കേണ്ടി വരും!!!
സന്ത്രാസം = വലിയ ഭയം, അമ്പരപ്പ്