“സദാ ജാഗരൂകരായിരിക്കുവിൻ” (ലൂക്കാ 12:32-48)
ഈ സുവിശേഷത്തെ മൂന്ന് ഭാഗമായി വ്യാഖ്യാനിക്കാം...
ആണ്ടുവട്ടത്തിലെ പത്തൊമ്പതാം ഞായർ
സുവിശേഷം വളരെ വ്യക്തമായി പറയുന്നുണ്ട് പ്രതീക്ഷിക്കാത്ത മണിക്കൂറിലാണ് മനുഷ്യപുത്രൻ വരിക എന്നത്. അവൻറെ വരവിനെ ഒരു ഭീഷണിയായിട്ടൊ അല്ലെങ്കിൽ ഒരു കണക്കെടുപ്പിന് വേണ്ടിയോ എന്ന രീതിയിൽ സുവിശേഷങ്ങൾ ചിത്രീകരിക്കുന്നില്ല. പക്ഷേ ഒരു കാര്യം വ്യക്തമാണ്. അവൻ ഉണർന്നിരിക്കുന്ന ഹൃദയങ്ങൾ അന്വേഷിക്കുന്നവനാണ്. സ്വന്തമാക്കപ്പെടുവാൻ ആഗ്രഹിക്കുന്ന ഒരു പ്രണയിനിയെ പോലെയാണ് എപ്പോഴും അവൻറെ വരവ്. അതു കൊണ്ട് തന്നെ സ്നേഹത്തിൻറെ ഭാഷയിൽ മാത്രമേ ആ വരവിനെ വ്യാഖ്യാനിക്കാൻ സാധിക്കു. പ്രാണേതാവിന്റെ വരവിന് വേണ്ടി രാത്രിയുടെ യാമങ്ങളിൽ പോലും ഉണർന്നിരിക്കുന്ന പ്രണയിനിയുടെ മനോവിചാരങ്ങളിലൂടെ വായിക്കേണ്ട വരികളാണ് ഇന്നത്തെ സുവിശേഷം.
സദാ ജാഗരൂകരായിരിക്കുവാൻ ആവശ്യപ്പെടുന്ന ഈ സുവിശേഷത്തെ മൂന്ന് ഭാഗമായി തിരിച്ചു നമുക്ക് വ്യാഖ്യാനിക്കാം.
ഒന്ന്: യജമാനന്റെ അഭാവമാണ് ഇവിടെ നമ്മൾ ശ്രദ്ധിക്കേണ്ടത്. എല്ലാം തന്റെ ഭൃത്യന്മാരെ ഏൽപ്പിച്ചിട്ട് അവൻ ഒരു യാത്രക്ക് പോകുകയാണ്. ദൈവം അങ്ങനെയാണ്. ഈ സൃഷ്ടിജാലങ്ങളെ മുഴുവൻ നമ്മെ ഏൽപ്പിച്ചിട്ട് അവൻ മാറിനിൽക്കുന്നു. ആദിയിൽ ഏദൻ തോട്ടത്തെ ആദമിന് ഏൽപ്പിച്ചത് പോലെ. അപ്പോൾ ഒരു കാര്യം വ്യക്തമാണ്. ഈ ചുറ്റും കാണുന്നതൊന്നും നമ്മുടെ സ്വന്തമല്ല. നമ്മൾ വെറും കാവൽക്കാർ മാത്രം. എന്തുകൊണ്ട് ദൈവം മാറിനിൽക്കുന്നു? എന്തുകൊണ്ടാണ് നമ്മൾക്ക് ഇവിടെ ദൈവത്തിൻറെ അഭാവം അനുഭവിക്കേണ്ടി വരുന്നത്? ദൈവത്തിൻറെ ഈ അഭാവമാണ് നമ്മുടെ സ്വാതന്ത്ര്യത്തിന്റെ ഗ്യാരണ്ടി. ദൈവം എപ്പോഴും നമ്മുടെ മുമ്പിൽ പ്രത്യക്ഷനായി നിൽക്കുകയോ ഒരു സൂപ്പർവൈസർ പോലെ എല്ലാ കാര്യങ്ങളിലും നമ്മുടെ പിന്നാലെ നടക്കുകയും ചെയ്യുകയാണെങ്കിൽ മനുഷ്യൻ എന്ന നിലയിൽ യഥാർഥമായ സ്വാതന്ത്ര്യം അനുഭവിക്കാൻ നമുക്ക് സാധിക്കുമോ? അങ്ങനെയാണെങ്കിൽ നമുക്ക് ദൈവത്തെ അനുസരിക്കാൻ സാധിക്കുമായിരിക്കും. പക്ഷേ സ്വതന്ത്രരായ മക്കളെപ്പോലെ അവനെ സ്നേഹിക്കാൻ സാധിക്കുമോ എന്ന് എനിക്ക് തോന്നുന്നില്ല. ദൈവം എന്തിന് മറഞ്ഞിരിക്കുന്നു എന്ന് ചോദിച്ചാൽ അത് നിൻറെ സ്വാതന്ത്ര്യത്തിന്റെ പൂർണതയ്ക്ക് വേണ്ടിയാണ് എന്നേ ഉത്തരമുള്ളൂ. ദൈവത്തിൻറെ അഭാവത്തെ മുൻനിർത്തി നിനക്ക് വേണമെങ്കിൽ അങ്ങനെയൊരു സത്യമില്ല എന്നു പറയാം. അല്ലെങ്കിൽ അവൻ എൻറെ ഇന്ദ്രിയങ്ങൾക്ക് അതീതൻ ആണെന്ന് പറയാം. എല്ലാം നിൻറെ സ്വാതന്ത്ര്യം. അതിനെ ദൈവം മറ്റെല്ലാത്തിനെക്കാൾ ഉപരിയായി ആദരിക്കുന്നു, ബഹുമാനിക്കുന്നു.
രണ്ട്: ‘രാത്രിയുടെ രണ്ടാം യാമത്തിലും മൂന്നാം യാമത്തിൽ പോലും ഭൃത്യന്മാർ ഒരുക്കമുള്ളവരായി യജമാനനെ സ്വീകരിക്കുന്നു’. ഭൃത്യന്മാർ പൂർണമായും യജമാനന് വേണ്ടി മാത്രം ജീവിക്കുന്നവരാണ്. അവർ അര മുറുക്കിയും വിളക്ക് കത്തിച്ചും ഇരിക്കുന്നു. സൂര്യൻ അസ്തമിച്ചാലും, സ്വന്തം നിഴലുകൾ പോലും അതിൻറെ പാട്ടിനു പോയാലും, നിരാശയുടെ ദൂതന്മാർ ഹൃദയ വാതിലിൽ വന്ന് നിരന്തരം മുട്ടിയാലും യജമാനനോടുള്ള സ്നേഹത്തിന്റെ കനൽ കെടാതെ സൂക്ഷിക്കുന്ന ഭൃത്യന്മാർ തളരുകയില്ല. അവർ ശ്രദ്ധയോടും സ്നേഹത്തോടും കൂടെ ജോലിയിൽ വ്യാപൃതരായിരിക്കും. കുറച്ചെ ചിലപ്പോൾ അവരുടെ കൈകളിൽ ഉള്ളതെങ്കിൽ തന്നെയും അതിൽ സ്നേഹം ചാലിച്ചു ചേർത്ത് അവർ കുടുംബത്തിനും സമൂഹത്തിനും രാജ്യത്തിനും വേണ്ടി അതിലുപരി ഈ പ്രപഞ്ചത്തിന് വേണ്ടി തന്നെ അരമുറുക്കി വിളക്കും കത്തിച്ച് ഇരിക്കും. നിൻറെ ചുറ്റുമുള്ള അന്ധകാരത്തെ പഴിക്കുന്നതിനേക്കാൾ എത്രയോ സുന്ദരമായിരിക്കും ഒരു മൺചിരാത് കത്തിച്ചു ഭവനത്തിന് ഉമ്മറപ്പടിയിൽ വയ്ക്കുകയാണെങ്കിൽ.
മൂന്ന്: ‘യജമാനൻ വരുമ്പോൾ ഉണർന്നിരിക്കുന്നവരായി കാണുന്ന ഭൃത്യന്മാർ ഭാഗ്യവാന്മാർ’. ഉള്ളിൽ സ്നേഹത്തിൻറെ തിരി കെടാതെ സൂക്ഷിക്കുന്നവർക്ക് മാത്രമേ ഇങ്ങനെ കാത്തിരിക്കുവാൻ സാധിക്കു. ഈ കാത്തിരിപ്പിൽ സമയത്തിന് ഒരു പ്രാധാന്യവുമില്ല. അവർ കൊതിയോടെ ഉറ്റുനോക്കുന്നത് കടന്നുവരുന്നവൻറെ സ്നേഹപൂർവ്വമായ ആലിംഗനത്തെ മാത്രമാണ്. ഈ കാത്തിരിക്കുന്നവരുടെ ഭാഗ്യമെന്നാൽ, കടന്നുവരുന്നവൻ അരമുറുക്കി അവരെ ഭക്ഷണത്തിനിരുത്തുകയും അടുത്ത് ചെന്ന് അവരെ പരിചരിക്കുകയും ചെയ്യും എന്നതാണ്. യജമാനൻ എന്ന സങ്കൽപം തന്നെ ഇപ്പോൾ തകിടം മറിയുകയാണ്. കടന്നുവരുന്നത് യജമാനനാണ്, പക്ഷേ ഭൃത്യരുടെ ആ സ്നേഹത്തിനു മുൻപിൽ യജമാനൻ ഇപ്പോൾ അവരുടെ ഭൃത്യനായി മാറുകയാണ്. ഓർക്കുക, ദൈവം നമ്മിലേക്ക് കടന്നു വരുന്നത് നമ്മെ ഭരിക്കുന്നതിന് വേണ്ടിയല്ല, നമ്മെ ശുശ്രൂഷിക്കുന്നതിനും നമ്മെ പരിചരിക്കുന്നതിനുമാണ്.
ദൈവത്തിന്റെ സ്വഭാവം എളിമയുടെയും ശുശ്രൂഷയുടെയുമാണ്. ഈ സുവിശേഷ ഭാഗത്തിൽ ‘സത്യമായി ഞാൻ നിങ്ങളോട് പറയുന്നു’ എന്ന ഫോർമുല ഉപയോഗിച്ചിരിക്കുന്നത് ദൈവം നമ്മെ പരിചരിക്കുന്നവനാണ് എന്ന സത്യം വെളിപ്പെടുത്തുന്നതിനു മാത്രമാണ്. ദൈവത്തെക്കുറിച്ച് യേശു വെളിപ്പെടുത്തുന്ന ഏറ്റവും സുന്ദരമായ ചിത്രമാണിത്. അതുകൊണ്ടു തന്നെയാണ് അവൻ അന്ത്യ അത്താഴത്തിനിടയിൽ ഒരു തൂവാല എടുത്ത് അരയിൽ കെട്ടി തന്റെ ശിഷ്യന്മാരുടെ കാലുകൾ കഴുകിയിട്ട് അവരോട് കല്പിച്ചത്; ‘നിങ്ങളും പരസ്പരം പാദങ്ങൾ കഴുകണം’. അതിനാൽ ഒരു കാര്യം നീ ഓർക്കണം. നീ ആരാധിക്കുന്ന നിൻറെ ദൈവം സകലതിന്റെയും അധിപനാണെങ്കിലും യജമാനത്വത്തിന്റെ കണികകൾ തീരെ ഇല്ലാത്തവനാണ്. അവൻ നിൻറെ ജീവിതത്തിലേക്ക് കടന്നുവരുന്നത് നിനക്കായി മേശ ഒരുക്കാനും നിന്നെ പരിചരിക്കുവാനുമാണ്. ഈ ദൈവത്തെയാണ് നീ സേവിക്കേണ്ടത്. എന്തെന്നാൽ നിനക്കുവേണ്ടി മാത്രം സേവകനായി മാറിയവനാണ് ഈ ദൈവം.
Good reflections. Thanks