സംസ്ഥാനത്തെ ജയിലുകളില്‍ വിശുദ്ധവാര ശുശ്രൂഷകള്‍ തടയരുത്; കെ.എൽ.സി.എ.
കേരള ലാറ്റിൻ കാത്തലിക് അസോസിയേഷൻ മുഖ്യമന്ത്രിക്ക് കത്ത് നൽകി...
ജോസ് മാർട്ടിൻ
കൊച്ചി: സംസ്ഥാനത്തെ ജയിലുകളില്‍ വർഷങ്ങളായി നടത്തിവന്നിരുന്ന വിശുദ്ധ വാര തിരുകർമ്മങ്ങൾ തടസ്സപ്പെടുത്തരുതെന്നാവശ്യപ്പെട്ട് കേരള ലാറ്റിൻ കാത്തലിക് അസോസിയേഷൻ മുഖ്യമന്ത്രിക്ക് കത്ത് നൽകി.
തിരുകർമ്മങ്ങൾ തടസ്സപ്പെടുത്തുന്ന തരത്തിൽ ഉണ്ടായി എന്ന് പറയപ്പെടുന്ന നിർദ്ദേശങ്ങൾ പുന:പരിശോധിക്കണമെന്ന് കെ.എൽ.സി.എ. കത്തിൽ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു.
കത്തോലിക്ക സഭയുടെ ജയില്‍ മിനിസ്ട്രിയുടെ ഭാഗമായി നടന്നുവന്നിരുന്ന വിശുദ്ധവാര തിരുകർമ്മങ്ങൾ ഇത്തവണ ജയില്‍ ഡിജിപി യുടെ വകുപ്പ് തലത്തിലുള്ള നിര്‍ദ്ദേശം മുഖേനെ വിലക്കിയിരിക്കുന്നു എന്നതാണ് പരാതി.
ശിക്ഷാവിധികളിലൂടെ കുറ്റവാളികളില്‍ പരിവര്‍ത്തനം ഉണ്ടാക്കുക എന്നത് ഇന്ത്യയുടെ ക്രിമിനല്‍ നിയമ സംഹിതയുടെ ഭാഗമായിത്തന്നെ വിവക്ഷിക്കുന്ന കാര്യമാണ്. അത്തരത്തിലുള്ള കാര്യങ്ങള്‍ക്ക് വിവിധ ആത്മീയ സന്നദ്ധ സംഘടനകള്‍ ജയിലുകളില്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ ഉപകാരപ്രദമാണ്.
അതുകൊണ്ട് ജയിലുകളില്‍ ദിവ്യകാരുണ്യം ഉള്‍പ്പെടെയുള്ള ആത്മീയ ആവശ്യങ്ങള്‍ വിലക്കിയ നടപടി അടിയന്തിരമായി പുന:പരിശോധിച്ച് ഈ വിശുദ്ധവാരത്തിലും തിരുക്കര്‍മ്മങ്ങള്‍ ജയിലുകളില്‍ തുടരുന്നതിന് നിര്‍ദ്ദേശം നല്‍കി നടപടിയെടുക്കണമെന്ന് സംസ്ഥാന പ്രസിഡന്റ് ഷെറി ജെ.തോമസ്, ജനറൽ സെക്രട്ടറി ബിജു ജോസി, ആധ്യാത്മിക ഉപദേഷ്ടാവ് മോൺ.ജോസ് നവാസ് എന്നിവർ സംയുക്തമായി നൽകിയ കത്തിൽ ആവശ്യപ്പെട്ടു. കത്തിന്റെ പകർപ്പ് ജയിൽ ഡി.ജി.പി. ക്കും നൽകിയതായി ജനറൽ സെക്രട്ടറി ബിജു ജോസി അറിയിച്ചു.