സ്വന്തം ലേഖകന്
ഷിക്കാഗോ: അമേരിക്കയിലെ മലയാളി കത്തോലിക്ക സമൂഹത്തിന് അഭിമാനമായി രണ്ടു ഡീക്കൻമാർ വൈദികപട്ടം സ്വീകരിക്കുന്നു. ഡീക്കൻ കെവിൻ മുണ്ടയ്ക്കൽ, ഡീക്കൻ രാജീവ് വലിയവീട്ടിൽ എന്നിവരാണ് പൗരോഹിത്യം സ്വീകരിക്കുന്നത്.
സീറോ മലബാർ രൂപതാംഗമായ ഡീക്കൻ കെവിൻ മുണ്ടയ്ക്കലിന്റെ പൗരോഹിത്യ സ്വീകരണം ശനിയാഴ്ച നടക്കുമ്പോൾ പുതിയൊരു ചരിത്രംകൂടി രചിക്കപ്പെടും. സീറോ മലബാർ രൂപതയ്ക്കു വേണ്ടിയുള്ള ആദ്യ തദ്ദേശീയ വൈദികൻകൂടിയാകും അദ്ദേഹം. പതിനെട്ട് വർഷങ്ങൾ പിന്നിട്ട ഷിക്കാഗോ സീറോ മലബാർ രൂപതയ്ക്കു സുവർണ നിമിഷമാണിത്.
ന്യൂജഴ്സിയിലെ സോമർസെറ്റ് സെന്റ് തോമസ് സീറോ മലബാർ ദേവാലയത്തിൽ ഉച്ചകഴിഞ്ഞ് 2.30-നാണ് ചടങ്ങുകൾ. രൂപതാധ്യക്ഷൻ മാർ ജേക്കബ് അങ്ങാടിയത്ത് വൈദികപട്ടം നൽകും. സഹായമെത്രാൻ മാർ ജോയ് ആലപ്പാട്ട്, രൂപതയിലെ വിവിധ ഇടവകകളിൽനിന്നുള്ള വൈദികർ എന്നിവരും സഹകാർമികരാകും.
മേയ് ആറിന് രാവിലെ 10.30-ന് മാതൃഇടവകയായ ബ്രോങ്ക്സ് സെന്റ് തോമസ് സീറോ മലബാർ ദേവാലയത്തിൽ ഫാ. കെവിൻ മുണ്ടയ്ക്കലിന്റെ മുഖ്യകാർമികത്വത്തിൽ ദിവ്യബലിയർപ്പിക്കും.
ബ്രോങ്ക്സ് ഇടവകയിലെ കൈക്കാരനും ചമ്പക്കുളം മുണ്ടയ്ക്കൽ കുടുംബാംഗവുമായ ടോമിന്റെയും വത്സയുടെയും മൂന്നു മക്കളിൽ രണ്ടാമനായ കെവിൻ ജനിച്ചതും വളർന്നതും ന്യൂയോർക്കിലാണ്. ബ്രയാൻ, മാർട്ടിൻ എന്നിവരാണ് സഹോദരങ്ങൾ. ന്യൂജഴ്സിയിൽ ഹൈസ്കൂളിൽ പഠിക്കുമ്പോൾ ജീസസ് യൂത്ത് സംഘടിപ്പിച്ച ധ്യാനത്തിൽ പങ്കെടുത്തതാണ് വഴിത്തിരിവായതെന്ന് ഡീക്കൻ കെവിൻ പറയുന്നു. ജീസസ് യൂത്തും അതിലെ അംഗങ്ങളുമായുള്ള ബന്ധവും പൗരോഹിത്യത്തിലേക്കുള്ള പാതയിൽ നിർണായക പങ്കുവഹിച്ചു. സഹോദരർ രണ്ടു പേരും ജീസസ് യൂത്തിൽ സജീവമാണ്.
ഡീക്കൻ രാജീവ് വലിയവീട്ടിലിന്റെ പൗരോഹിത്യ സ്വീകരണം ജൂണിൽ നടക്കും. ഷിക്കാഗോ രൂപതാംഗമാണ്. ജൂൺ രണ്ടിന് റ്റാമ്പ സെന്റ് പോൾസ് കത്തോലിക്കാ ദേവാലയത്തിലാണു ചടങ്ങുകൾ.
ചങ്ങനാശേരി വലിയവീട്ടിൽ ജോർജിന്റെയും കുമരകം സ്വദേശിനി വിമല മക്കോറയുടെയും മകനായ ഡീക്കൻ രാജീവ് വലിയവീട്ടിലും ജീസസ് യൂത്തിന്റെ സജീവ പ്രവർത്തകനായിരുന്നു.
Related