ശ്രീലങ്കയില്‍ മരിച്ചവര്‍ക്ക് ഐക്യദാര്‍ഢ്യവുമായി മദര്‍ തെരേസ ദേവാലയം
ശ്രീലങ്കയില്‍ മരിച്ചവര്‍ക്ക് ഐക്യദാര്‍ഢ്യവുമായി മദര്‍ തെരേസ ദേവാലയം
അനിൽ ജോസഫ്
മാറനല്ലൂര്‍: ശ്രീലങ്കയില്‍ ഈസ്റ്റര്‍ ദിനത്തില്‍ ഐഎസ് ഭീകരരുടെ ആക്രമണത്തില്‍ മരിച്ചവര്‍ക്ക് ഐക്യദാഢ്യം പ്രഖ്യാപിച്ച് മേലാരിയോട് വിശുദ്ധ മദര്‍ തെരേസ ദേവാലയത്തില്‍ പ്രാര്‍ത്ഥനാദിനം ആചരിച്ചു. കേരള കത്തോലിക്കാസഭയും ഭാരതസഭയും ഞായറാഴ്ച ശ്രീലങ്കയിലെ മരിച്ചവര്‍ക്ക് വേണ്ടി പ്രാര്‍ത്ഥനാ ദിനം ആചരിക്കണമെന്ന പ്രഖ്യാപിച്ചിരുന്നു.
ദിവ്യബലിയില്‍ മരിച്ചവര്‍ക്ക് വേണ്ടി പ്രത്യേക പ്രാര്‍ത്ഥന ക്രമീകരിച്ചിരുന്നു. ദേവാലയത്തിന് മുന്നില്‍ ഒരുമിച്ചുകൂടിയ വിശ്വാസികള്‍ ശ്രീലങ്കയില്‍ മരിച്ചവരുടെ ചിത്രങ്ങള്‍ക്കു മുന്നില്‍ മെഴുകുതിരി തെളിയിച്ച് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു.
പ്രാര്‍ത്ഥന ദിനാചരണം ഇടവക വികാരി ഫാ.ജോണി കെ.ലോറന്‍സ് ഉദ്ഘാടനം ചെയ്തു. ഈസ്റ്റര്‍ ദിനത്തിലെ ക്രൂരകൃത്യത്തിനെതിരെ പ്രാര്‍ത്ഥന ആയുധമാക്കണമെന്ന് ഫാ.ജോണി കെ.ലോറന്‍സ് പറഞ്ഞു. ശ്രീലങ്കയില്‍ സമാധാനം ഉണ്ടാവാന്‍ വ്യക്തിപരമായും കുടുംബങ്ങളിലും പ്രാര്‍ത്ഥനകൾ ഉയരണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സഹവികാരി ഫാ.അലക്സ് സൈമണ്‍, ഇടവക കൗണ്‍സില്‍ സെക്രട്ടറി സജി ജോസ്, എ.ക്രിസ്തുദാസ് തുടങ്ങിയവര്‍ സംസാരിച്ചു.
വെക്കേഷന് സ്കൂളിന്റെ സമാപന റാലി ഒഴിവാക്കി ശ്രീലങ്കന്‍ ജനതയുടെ ദു:ഖത്തില്‍ പങ്ക് ചേര്‍ന്ന് കൊണ്ട് വിശ്വാസികള്‍ പോസ്റ്ററുകളും പ്ലക്കാര്‍ഡുകളും പിടിച്ച് മൗന റാലിയും നടത്തി.
മാറനല്ലൂര്‍ സെന്റ് പോള്‍സ് ദേവാലയത്തിലെ എല്‍.സി.വൈ.എം.ന്റെ നേതൃത്വത്തില്‍ നടന്ന പ്രാര്‍ത്ഥനാ സംഗമം സഹവികാരി ഫാ.അലക്സ് സൈമണ്‍ ഉദ്ഘാടനം ചെയ്തു.