ശ്രീലങ്കയിലെ ഭീകരാക്രമണം; വേളാങ്കണ്ണി പളളിയുടെ സുരക്ഷ വര്‍ദ്ധിപ്പിച്ചു
ശ്രീലങ്കയിലെ ഭീകരാക്രമണം; വേളാങ്കണ്ണി പളളിയുടെ സുരക്ഷ വര്‍ദ്ധിപ്പിച്ചു
അനിൽ ജോസഫ്
വേളാങ്കണ്ണി: ഈസ്റ്റര്‍ ദിനത്തില്‍ ശ്രീലങ്കയിലുണ്ടായ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ വേളാങ്കണ്ണി പളളിയുടെയും കുരിശടികളുടെയും സുരക്ഷ വര്‍ദ്ധിപ്പിച്ചു. വേളാങ്കണ്ണിയില്‍ തീര്‍ത്ഥാടകര്‍ ധാരാളമായി എത്തുന്ന പ്രധാന ബസലിക്കയുടെ പ്രവേശന കവാടത്തില്‍ മെറ്റല്‍ഡിക്ടെക്ടറും പളളിയുടെ മറ്റ് കവാടങ്ങളില്‍ സായുധ സേനയെയുമാണ് വിന്യസിച്ചിരിക്കുന്നത്.
ഔര്‍ ലേഡി ടാങ്ക്, താഴത്തെയും മുകളിലത്തെയും ബസലിക്കകള്‍, മോര്‍ണിംഗ് സ്റ്റാര്‍ പളളി, നടുത്തിട്ട് പളളി എന്നിവിടങ്ങളിലാണ് സുരക്ഷ ശക്തമാക്കിയത്. കൂടാതെ, പളളിയുടെ പരിസരത്ത് തമിഴ്നാട് പോലീസിലെ വല്‍ സായുധ പോലീസും നിലയുറപ്പിച്ചിട്ടുണ്ട്. വേളാങ്കണ്ണിയില്‍ വിശേഷ ദിവസങ്ങളില്‍ മാത്രം പ്രവര്‍ത്തിച്ചിരുന്ന പോലീസ് ഔട്ട് പോസ്റ്റ് സുരക്ഷ ശക്തമാക്കിയതിന്റെ പശ്ചാത്തലത്തില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്നുണ്ട്. നാഗപട്ടണം എസ്.പി. യ്ക്കാണ് വേളാങ്കണ്ണി പളളിയുടെയും പരിസരത്തെയും സുരക്ഷയുടെ ചുമതല.
എല്ലാ ദിവസവും രാവിലെ 9 മുതല്‍ രാത്രി 10 മണിവരെ മാത്രമാണ് ഇപ്പോള്‍ പ്രധാന ബസലിക്കയില്‍ തീര്‍ഥാടകര്‍ക്ക് പ്രവേശനം അനുവദിച്ചിരിക്കുന്നത്. കൂടാതെ, കുര്‍ബാനകള്‍ നടക്കുന്ന സമയത്ത് പളളിക്കുളളിലും പരിസരത്തും പ്രത്യേക നിരീക്ഷണവും പോലീസ് നടത്തുന്നുണ്ട്. അതുപോലെതന്നെ, നിരീക്ഷണ ക്യാമറകളുടെ സംവിധാനവും 3 കിലോമീറ്റര്‍ ചുറ്റളവില്‍ ശക്തമാക്കിയിട്ടുണ്ട്. തമിഴ്നാട് ഇന്റെലിജെന്‍സും സ്ഥിതിഗതികള്‍ നിരീക്ഷിക്കുന്നുണ്ട്.
കഴിഞ്ഞ ദിവസം പളളി അധികാരികളുടെയും പോലീസിന്റെയും സംയുക്ത യോഗം വേളാങ്കണ്ണിയില്‍ കൂടിയിരുന്നു. എന്നാല്‍, സുരക്ഷശക്തമാക്കിയതിന്റെ പേരിൽ തീര്‍ത്ഥാടകര്‍ക്ക് മറ്റ് അസൗകര്യങ്ങളൊന്നും ഉണ്ടാകില്ലെന്ന് വേളാങ്കണ്ണി റെക്ടര്‍ ഫാ.എ.എം.എ.പ്രഭാകര്‍ അറിയിച്ചു. വേനലവധിയായതിനാല്‍ കേരളത്തില്‍ നിന്നുള്‍പ്പെടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ആയിരക്കണക്കിന് തീര്‍ത്ഥാടകരാണ് വേളാങ്കണ്ണിയിലേക്ക് എത്തികൊണ്ടിരിക്കുന്നത്.