ശുശ്രൂഷയും സ്നേഹവും (ലൂക്കാ 10:38-42)
യേശുവിന്റെ പാദത്തിങ്കൽ ഇരിക്കുന്ന മറിയത്തിന്റെ ചിത്രം സാമീപ്യം ആഗ്രഹിക്കുന്ന സൗഹൃദ ചിത്രമാണ്...
ആണ്ടുവട്ടത്തിലെ പതിനാറാം ഞായർ
ആത്മീയജീവിതം അതിന്റെ യോഗാത്മകമായ തലത്തിൽ എത്തുന്നത് ദൈവത്തിനുവേണ്ടി ഞാൻ എന്തുചെയ്യണം എന്ന ഉത്കണ്ഠയിൽ നിന്നല്ല, അവൻ എനിക്കായി എന്തുചെയ്യുന്നു എന്ന വിസ്മയത്തിൽ നിന്നാണ്. ഇതാണ് നമ്മുടെ ഓരോരുത്തരുടെയും പ്രതീകമായ ബഥാനിയായിലെ രണ്ട് സഹോദരിമാരിലൂടെ സുവിശേഷകൻ വ്യക്തമാക്കുന്നത്. ദൈവത്തെ ഒരു കടമയായി കാണുന്നതിനു പകരം, അഭിനിവേശമായി അനുഭവിക്കാനുള്ള ക്ഷണമാണിത്.
യേശുവിനെ അടുത്തറിയുന്നവർക്കെ മർത്തായെപോലെ അവനെ സേവിക്കാൻ പറ്റൂ. ആ അറിവ് സ്നേഹമാണ്. ആ സ്നേഹം പൂർണാത്മാവോടുകൂടിയുള്ള ശ്രദ്ധയാണ്. ആ ശ്രദ്ധ പിന്നീട് ശീലമാകും. പക്ഷെ, നിത്യത ഒരു ശീലമല്ല. അത് ആവർത്തിക്കപ്പെടുന്ന അത്ഭുതമാണ്. ബഥാനിയായിലെ മറിയം അനുഭവിക്കുന്നത് ആ അത്ഭുതമാണ്. അവൾ യേശുവിന്റെ പാദത്തിങ്കൽ ഇരുന്ന് അവന്റെ വാക്കുകളും മൗനവും ആസ്വദിക്കുന്നു.
ദാസരെയല്ല, സുഹൃത്തുക്കളെ തേടുന്ന ദൈവമാണ് യേശു. തന്റെ കൂടെയുള്ളവർ തനിക്കുവേണ്ടി വലിയ കാര്യങ്ങൾ ചെയ്യണമെന്ന് അവൻ ആഗ്രഹിക്കുന്നില്ല. മറിച്ച്, അവർക്കായി വലിയ കാര്യങ്ങൾ ചെയ്യുന്നവനാണവൻ. ഞാൻ ദൈവത്തിനായി എന്തു ചെയ്യുന്നു എന്നതല്ല ഇവിടെ വിഷയം, ദൈവം എനിക്കായി എന്തു ചെയ്യുന്നു എന്നതാണ്. ഇതാണ് വിശ്വാസത്തിന്റെ കാതൽ. ഈ വിശ്വാസത്തിൽ തകിടംമറിച്ചിലുകൾ ഉണ്ടാകുമ്പോഴാണ് നമ്മൾ ദൈവത്തെയും മതത്തെയും സംരക്ഷിക്കാനായി ഹിംസയുടെ മാർഗ്ഗങ്ങൾ സ്വീകരിക്കുന്നത്.
“മറിയം നല്ല ഭാഗം തെരഞ്ഞെടുത്തിരിക്കുന്നു”. അതായത്, അവൾ ഹൃദയത്തിൽ നിന്നും ഹൃദയത്തിലേക്ക് ഒരു കിളിവാതിൽ തുറന്നിരിക്കുന്നു. അവളിൽ നിന്നും ദൈവത്തിലേക്ക് ഒരു ഒറ്റയടിപാത ഉണ്ടാക്കിയിരിക്കുന്നു. അവളുടെ മിഴികളിൽ നിന്നും സ്വർഗ്ഗത്തിലേക്ക് ഒരു പ്രകാശരശ്മിയെ എയ്തുവിട്ടിരിക്കുന്നു. അവളുടെ മുഖത്തുനിന്ന് സ്ത്രൈണത സ്വർഗീയപൗരുഷത്തെ ആലിംഗനം ചെയ്യുന്നു. ഇതാണ് ആത്മീയതയിലെ യോഗാത്മകത (Mystical experience); ദൈവത്തോടൊപ്പം ആയിരിക്കുക.
യേശുവിന്റെ പാദത്തിങ്കൽ ഇരിക്കുന്ന മറിയത്തിന്റെ ചിത്രം സാമീപ്യം ആഗ്രഹിക്കുന്ന സൗഹൃദ ചിത്രമാണ്. സ്നേഹിതനാണ് ദൈവം. ഒരു സ്നേഹിതന് നൽകേണ്ട ആദ്യനന്മയാണ് ശ്രവണം; അവനെ കേൾക്കുക. അത് ധ്യാനമാണ്, മിഴിയുറപ്പിക്കലാണ്. അവനാൽ ശ്രദ്ധിക്കപ്പെടുന്നു എന്ന അവബോധമാണ്. അതുതന്നെയാണ് പ്രാർത്ഥനയും. ഞാനല്ല, അവൻ എന്നെ നോക്കുന്നു എന്ന ബോധമാണ് പ്രാർത്ഥന. അപ്പോൾ അവന്റെ നോട്ടത്തിൽ നിന്ന് ഞാൻ എന്നെത്തന്നെ വായിക്കും. എന്നിട്ട് ആ കണ്ണുകളുടെ ഉൾക്കടലിലേക്ക് ഞാൻ ഊളിയിടും.
“മര്‍ത്താ, മര്‍ത്താ, നീ പലതിനെക്കുറിച്ചും ഉത്‌കണ്‌ഠാകുലയും അസ്വസ്ഥയുമായിരിക്കുന്നു” (v.41). യേശു ശുശ്രൂഷകളെ എതിർക്കുകയാണോ? അല്ല. ശുശ്രൂഷകളെയല്ല, ഉത്കണ്ഠയുടെയും അസ്വസ്ഥതയുടെയും വ്യാപനത്തെയാണ്. “ഒന്നുമാത്രമേ ആവശ്യമുള്ളൂ” (v.42). അത് എന്താണെന്ന് അവൻ പറയുന്നില്ല. പക്ഷെ ഒരു കാര്യം വ്യക്തമാണ്, അവന്റെ പാദത്തിങ്കൽ ഇരുന്ന് അവനെ ശ്രവിച്ചാൽ ജീവിതത്തിന്റെ സത്തയെ നമ്മൾ തിരിച്ചറിയും. ക്ഷണികവും ശാശ്വതവും തമ്മിലുള്ള വ്യത്യാസത്തെ മനസ്സിലാക്കുന്ന ആത്മീയ തീർത്ഥാടകരായി മാറും നമ്മൾ.
ആവശ്യമുള്ള ആ ഒരേയൊരു കാര്യം എന്താണ്? ആഴമുള്ള ഒരു ജീവിതം, സ്നേഹബന്ധങ്ങളുള്ള ഒരു ജീവിതം. നോക്കുക, മനുഷ്യബന്ധങ്ങൾക്കപ്പുറം ഭൂമിയിൽ നിത്യതയില്ല. സ്നേഹത്തിൽ നിന്ന് അകന്ന് നിത്യജീവനുമില്ല.
ശുശ്രൂഷയുടെയും സ്നേഹത്തിന്റെയും പ്രതീകങ്ങളായ മർത്തായും മറിയവും പരസ്പര വിരുദ്ധമാണെന്ന് കരുതരുത്, അവരുടെ മനോഭാവം പരസ്പര പൂരകമാണ്. മർത്തായ്ക്ക് മറിയത്തെ കൂടാതെ ഒന്നും ചെയ്യാൻ കഴിയില്ല, കാരണം എല്ലാ ശുശ്രൂഷകൾക്കും ഒരു ഉറവിടമുണ്ട്, അത് ഹൃദയത്തെ മഹത്തരമാക്കുന്ന സ്നേഹമാണ്. അതുപോലെതന്നെ മറിയത്തിനും മർത്തായെ കൂടാതെ ഒന്നും ചെയ്യാൻ സാധിക്കില്ല. കാരണം, ശുശ്രൂഷകളിലേക്ക് വിവർത്തനം ചെയ്യാൻ സാധിക്കാത്ത ദൈവസ്നേഹം വെറും വാചാലത മാത്രമാണ്. മർത്താ എന്ന ശുശ്രൂഷകയും മറിയം എന്ന സ്നേഹിതയും ദൈവസ്നേഹത്തിലേക്കുള്ള രണ്ട് വഴികളാണ്. ആത്മീയജീവിതത്തിൽ രണ്ടും ആവശ്യമാണ്. കാരണം ഒരൊറ്റ കൽപ്പനയുടെ രണ്ട് ധ്രുവങ്ങളാണവ: “നീ നിന്റെ ദൈവമായ കര്‍ത്താവിനെ, പൂര്‍ണഹൃദയത്തോടും പൂര്‍ണാത്‌മാവോടും പൂര്‍ണശക്‌തിയോടും പൂര്‍ണമനസ്സോടും കൂടെ സ്‌നേഹിക്കണം; നിന്റെ അയല്‍ക്കാരനെ നിന്നെപ്പോലെയും” (10: 27).