വ്ളാത്താങ്കര സ്വര്‍ഗ്ഗാരോപിത മാതാ ദേവാലയം ടൂറിസം പദ്ധതിയുടെ നിര്‍മ്മാണോദ്ഘാടനം 22 ന്; സ്വാഗത സംഘം രൂപീകരിച്ചു
12 മാസം കൊണ്ട് പണി പൂര്‍ത്തീകരിക്കുമെന്ന് ടൂറിസം വകുപ്പ് അറിയിച്ചു...
അനിൽ ജോസഫ്
നെയ്യാറ്റിന്‍കര: നെയ്യാറ്റിന്‍കര രൂപതയിലെ പ്രസിദ്ധവും പുരാതനവുമായ തീര്‍ഥാടന കേന്ദ്രമായ വ്ളാത്താങ്കര സ്വര്‍ഗ്ഗാരോപിതമാതാ ദേവാലയത്തിന് സര്‍ക്കാര്‍ അനുവധിച്ച ടൂറിസം പദ്ധതികളുടെ നിര്‍മ്മാണോത്ഘാടനം 22-ന് നടക്കും. 22-ന് വൈകിട്ട് 5 ന് മന്ത്രി കടകം പളളി സുരേന്ദ്രന്‍ പദ്ധതികളുടെ നിര്‍മ്മാണോത്ഘാടനം നിര്‍വ്വഹിക്കും.
അന്ന് തന്നെ നെയ്യാറ്റിന്‍കര ബിഷപ്പ് ഡോ.വിന്സെന്റ് സാമുവല്‍ ദേവാലയത്തിന്റെ പ്രവേശന കവാടത്തിന് തറക്കല്ലിടും. പില്‍ഗ്രിം ടൂറിസം പദ്ധതിയില്‍ ഉള്‍പ്പെടുത്തി മള്‍ട്ടിപര്‍പ്പസ് ഹാള്‍, എടിഎം കൗണ്ടര്‍ , ഷോപ്പുകള്‍ എന്നിവ ഉള്‍പ്പെടുന്ന അമിനിറ്റി സെന്റെറായിട്ടായിരിക്കും നിര്‍മ്മാണം നടത്തുക. തിരുവനന്തപുരം കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഹാബിറ്റാറ്റ് ടെക്നോളജി ഗ്രൂപ്പിനാണ് നിര്‍മ്മാണ ചുമതല. പദ്ധതിയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ മേല്‍നോട്ടം ഡിസ്ട്രിക്ട് ടൂറിസം പ്രൊമോഷന്‍ കൗണ്‍സിലി(ഡിടിപിസി)നായിരിക്കും. 12 മാസം കൊണ്ട് പണി പൂര്‍ത്തീകരിക്കുമെന്ന് ടൂറിസം വകുപ്പ് അറിയിച്ചു.
നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനത്തിനായി നടന്ന സ്വാഗത സംഘം രൂപീകരണ യോഗം കെ.ആന്‍സലന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. പദ്ധതിയുടെ ആദ്യഘട്ടമായാണ് 91 ലക്ഷം രൂപ അനുവധിക്കുന്നതെന്നും, ഉടന്‍ അടിസ്ഥാന സൗകര്യ വികസനത്തിനായി കൂടുതല്‍ തുക പദ്ധതിയിലൂടെ അനുവദിക്കുമെന്നും അദ്ദേഹം പറഞ്ഞു. ചെങ്കല്‍ പഞ്ചായത്ത് പ്രസിഡന്‍റ് രാജ്കുമാര്‍ അധ്യക്ഷത വഹിച്ച പരിപാടിയില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് വി ആര്‍ സലൂജ, ഇടവക വികാരി മോണ്‍.വി പി ജോസ്, കുളത്തൂര്‍ പഞ്ചായത്ത് പ്രസിഡന്‍റ് ബെല്‍സി ജയചന്ദ്രന്‍, ടൂറിസം വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ഷാഹുല്‍ ഹമീദ്, സഹവികാരി ഫാ.ടോണി മാത്യു, എം ആര്‍ സൈമണ്‍, പഞ്ചായത്ത് അംഗങ്ങളായ ടി മിനി, പുഷ്പറാണി, രാജ്കുമാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
നെയ്യാറ്റിന്‍കര ബിഷപ്പ് ഡോ.വിന്സെന്റ് സാമുവല്‍, കെ ആന്‍സലന്‍ എംഎല്‍എ വി ആര്‍ സലൂജ, ബെല്‍സി ജയചന്ദ്രന്‍ എം ആര്‍ സൈമണ്‍ തുടങ്ങിയവര്‍ രക്ഷാധികാരികളായുളള 101 അംഗ സ്വാഗത സംഘം രൂപീകരിച്ചു.