വൈദീക ദിനത്തിലെ അമ്മച്ചി കിറ്റ്
വൈദീകനായ മകൻ എത്ര പ്രായമായാലും അമ്മ മനസ്സിൽ, തനിക്ക് പ്രിയപ്പെട്ട, ചേർത്തു പിടിക്കുന്ന മകനാണ്...
ഫാ.ജോൺസൺ പുത്തൻവീട്ടിൽ
ഇന്നലെയും ഇന്നും, അടുത്തും അകലെ നിന്നും പ്രാർത്ഥനയും ആശംസയായും ലഭിച്ച നല്ല ചിന്തകൾക്കും വാക്കുകൾക്കും നന്ദി. ഇന്ന് (ഓഗസ്റ്റ് 4) അമ്മച്ചി (അമ്മ) യുടെ നിർബന്ധത്താൽ വീട് സന്ദർശിക്കാൻ പോയിരുന്നു. അമ്മച്ചി എന്തൊക്കെയോ അവിടെ കരുതിവച്ചിരിക്കുന്നു. കൊണ്ടുവന്നു കൈയിലേൽപ്പിച്ചത് വാങ്ങിക്കൊണ്ടു പോന്നു. കാരണമത് അമ്മ മനസിന്റെ കരുത്തായിരുന്നു. എന്തൊക്കെയാണെന്ന് നോക്കിയില്ല, ഭക്ഷണ വസ്തുക്കൾ ആണ്.
പൗരോഹിത്യത്തിന്റെ ഇരുപത്തിയൊന്നാം വർഷത്തിലും വൈദികനായ മകനുവേണ്ടി മറ്റു മക്കളോടൊപ്പം കരുതിവെക്കുന്ന അമ്മ മനസ്സ് എല്ലാ വൈദിക ഭവനത്തിലും ഉണ്ടാവും. അമ്മച്ചിമാരുടെ കൈയ്യിൽ സൂക്ഷിക്കുന്ന ജപമാലയാണ് വൈദീകന്റെ വിളിയുടെയും ജീവിതത്തിന്റെയും കരുത്ത്. ഇന്നും ചേർത്തുപിടിച്ച്, എപ്പോഴും പ്രാർത്ഥിക്കണം, സൂക്ഷിക്കണം, എല്ലാവർക്കും നന്മയാകണം എന്നൊക്കെ ഓർമിപ്പിച്ചപ്പോൾ വൈദീക വിദ്യാർഥിയായിരുന്ന കാലത്തേക്ക് തിരിച്ചുപോയി. അതെ വൈദീകനായ മകൻ എത്ര പ്രായമായാലും അമ്മ മനസ്സിൽ, തനിക്ക് പ്രിയപ്പെട്ട, ചേർത്തു പിടിക്കുന്ന മകനാണ്.
ലഭിച്ച സന്ദേശങ്ങളിൽ ഹൃദ്യമായി തോന്നിയത് ‘വൈദിക വിദ്യാർത്ഥിയായ മകനോടൊപ്പം കുടുംബത്തിൽ അനുഗ്രഹമാകുന്ന വൈദീകന്റെ പിതാവും മാതാവും എന്നതുകൂടി ഓർക്കാം, അവർക്കുവേണ്ടി പ്രാർത്ഥിക്കാം’ എന്നതാണ്. നേരം സായം കാലമായി. ജപമാല പ്രാർത്ഥനയുടെ സമയമാകുന്നു. ഇന്നത്തെ ജപമാല വൈദീക രൂപീകരണത്തിന് മക്കളെ നൽകുന്ന മാതാപിതാക്കൾക്ക്, കുടുംബങ്ങൾക്ക്, കടന്നുപോയ വൈദികരുടെയും അവരുടെ മാതാപിതാക്കളുടെയും ആത്മാക്കൾക്കായി സമർപ്പിക്കാം.
ഇന്ന് ഞങ്ങളെ ഓർത്ത് പ്രാർത്ഥിച്ച എല്ലാവരെയും ജപമാലയിൽ പരിശുദ്ധ അമ്മയുടെ സമക്ഷം സമർപ്പിക്കുന്നു…