വൈദീകരും സന്യസ്തരും ജാഗ്രതൈ
ഒരു ചാരിറ്റി ഫണ്ട് തരാനായി ഞങ്ങൾ ആഗ്രഹിക്കുന്നു എന്ന് പറഞ്ഞു കൊണ്ടാണ് പുതിയ സംഘം പ്രവർത്തിക്കുന്നത്...
സ്വന്തം ലേഖകൻ
തിരുവനന്തപുരം: കൊറോണാക്കാലം ലോകത്തെ മുഴുവൻ വലിയ പ്രതിസന്ധിയിലാക്കിയിട്ടും, ആ പ്രതിസന്ധിയെ തന്നെ ഫ്രോഡ് പ്രവർത്തനങ്ങൾക്കായി ഉപയോഗിക്കുന്ന ഒരു സംഘം ലോകത്തിന്റെ പല ഇടങ്ങളിലുമായി പ്രവർത്തിക്കുന്നുണ്ട്. കൊറോണയുടെ വരവോടെ കഷ്ടതയിലായിരിക്കുന്ന പ്രദേശത്തിന് സാമ്പത്തിക സഹായം നൽകാൻ ആഗ്രഹിക്കുന്നു, ഒരു ചാരിറ്റി ഫണ്ട് തരാനായി ഞങ്ങൾ ആഗ്രഹിക്കുന്നു എന്ന് പറഞ്ഞു കൊണ്ടാണ് പുതിയ സംഘം പ്രവർത്തിക്കുന്നത്. ഇപ്പോൾ ഈ സംഘങ്ങൾ ലക്ഷ്യമിട്ടിരിക്കുന്നത് വൈദീകരെയും സന്യാസ സമൂഹങ്ങളെയുമാണ്. കേരളത്തിന്റെ പലയിടങ്ങളിലുമുള്ള വൈദീകരെ ഇവർ സമീപിച്ചിട്ടുണ്ട്.
ഇവരുടെ പ്രവർത്തന രീതി ആരെയും ഒരുനിമിഷം ഭ്രമിപ്പിക്കും, അറിയാതെ വിശ്വസിച്ച് പോവുകയും ചെയ്യും. പ്രധാനമായും വാട്ട്സ്ആപ്പ്, മെസ്സഞ്ചർ എന്നിവയിലൂടെയാണ് നിങ്ങളെ സമീപിക്കുക. എങ്ങനെയാണ് നമ്പറുകൾ സംഘടിപ്പിക്കുകയെന്നാൽ രൂപതാ ഡിറക്ടറിയിൽ നിന്നോ, രൂപതാ വെബ്സൈറ്റിൽ നിന്നോ ആയിരിക്കും. അതുകൊണ്ടുതന്നെ കൃത്യമായും വൈദീകരെ ബോധ്യപ്പെടുത്താൻ കഴിയുന്ന രീതിയിൽ അവർ കാര്യങ്ങൾ അവതരിപ്പിക്കുകയും ചെയ്യും. ഇതിനോടകം തന്നെ കേരളത്തിലെ പത്തിൽ അധികം വൈദീകരെ ഇവർ സമീപിച്ചിട്ടുണ്ട്.
കഴിഞ്ഞ വർഷവും പ്രളയവുമായി ബന്ധപ്പെട്ട് ഈ സംഘം പല വൈദികരെയും സമീപിക്കുകയും ചിലർക്കൊക്കെ പണം നഷ്ടമാവുകയും ചെയ്തിരുന്നു, സംഭവിച്ചതിലെ നാണക്കേട് കാരണം ആരും പുറത്ത് പറഞ്ഞിരുന്നില്ല. എന്നാൽ, ഇത്തവണയും ഈ സംഘം പ്രവർത്തനം ആരംഭിച്ചു എന്നറിഞ്ഞതോടെ ചിലരെങ്കിലും സഹോദര വൈദീകരോട് ഇതിനു പിന്നിലെ ചതി വെളിപ്പെടുത്തിയിട്ടുണ്ട്. പറ്റിക്കപ്പെടാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക.