വൈദികന്റെ കൊലപാതകത്തിൽ ഞെട്ടിത്തരിച്ച് ജന്മനാട്
വൈദികന്റെ കൊലപാതകത്തിൽ ഞെട്ടിത്തരിച്ച് ജന്മനാട്
പെരുമ്പാവൂർ: ഫാ. സേവ്യർ തേലക്കാട്ടിന്റെ കൊലപാതകത്തിൽ ഞെട്ടിത്തരിച്ച് ജന്മനാടായ കൂവപ്പടി ചേരാനല്ലൂർ ഗ്രാമം. ബാല്യ, കൗമാരങ്ങൾ ചെലവിട്ട ചേരാനല്ലൂരിലെ ഓരോ നിവാസിയും അച്ചനെ വേദനയോടെ സ്മരിക്കുന്നു. ഫാ. സേവ്യറിന്റെ പിതാവ് പരേതനായ തേലക്കാട് പൗലോസ് കണ്ണൂർ വെള്ളാട് കരിമ്പൻചാലിലേക്കു കുടിയേറിയിരുന്നു. പൗലോസ്–ത്രേസ്യാമ്മ ദമ്പതികളുടെ രണ്ടാമത്തെ മകനാണ് ഫാ. സേവ്യർ.
അദ്ദേഹത്തിന്റെ ചെറുപ്പത്തിൽ പൗലോസിന്റെ പിതാവ് ശൗരുവും അമ്മ അന്നവും ചേർന്നു ഫാ. സേവ്യറെ ചേരാനല്ലൂരിലേക്കു കൊണ്ടു വന്നു. ചേരാനല്ലൂർ ചർച്ച് യു.പി. സ്കൂളിലും കൂവപ്പടി ഗണപതി വിലാസം ഹൈസ്കൂളിലും വിദ്യാഭ്യാസം പൂർത്തിയാക്കി. വൈദിക സേവന കാലത്തു ചേരാനല്ലൂർ പള്ളിയിലെ ആരാധന സയബന്ധമായ കാര്യങ്ങൾക്കും മറ്റു പരിപാടികൾക്കും അതുപോലെ നാട്ടിലെ പൊതുപരിപാടികളിലും ഫാ. സേവ്യർ തേലക്കാട്ട് മുടങ്ങാതെ പങ്കെടുക്കുമായിരുന്നു.
ആർച്ച് ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ അനുശോചിച്ചു
കൊച്ചി: മലയാറ്റൂർ തീർഥാടന കേന്ദ്രം റെക്ടർ ഫാ. സേവ്യർ തേലക്കാട്ടിന്റെ മരണവാർത്ത ഏറെ ദുഃഖിപ്പിക്കുന്നുവെന്നു വരാപ്പുഴ ആർച്ച് ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ. എറണാകുളം – അങ്കമാലി അതിരൂപതാ ആസ്ഥാനമന്ദിരത്തിൽ മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി, സഹായമെത്രാൻ മാർ ജോസ് പുത്തൻവീട്ടിൽ എന്നിവരെ സന്ദർശിച്ച് അനുശോചനം അറിയിച്ചു. റെക്ടർ എന്ന നിലയിൽ മലയാറ്റൂർ തീർഥാടനകേന്ദ്രത്തിനു വേണ്ടി ഫാ. സേവ്യർ അർപ്പണബോധത്തോടെ ചെയ്ത സേവനങ്ങൾ മറക്കാനാവില്ല – ആർച്ച് ബിഷപ് പറഞ്ഞു.