വെളിയംകോട് വിശുദ്ധ കുരിശിന്‍റെ ദേവാലയം ആശീർവദിച്ചു
അനിൽ ജോസഫ്
മാറനല്ലൂര്‍: നെയ്യാറ്റിന്‍കര ലത്തീന്‍ രൂപതക്ക് കീഴിലെ പുന:ര്‍നിര്‍മ്മാണം നടത്തിയ വെളിയംകോട് വിശുദ്ധ കുരിശിന്‍റെ ദേവാലയം ആശീര്‍വദിച്ചു. ആശീര്‍വാദ കര്‍മ്മങ്ങള്‍ക്ക് നെയ്യാറ്റിന്‍കര രൂപതാ ബിഷപ് ഡോ.വിന്‍സെന്‍റ് സാമുവല്‍ മുഖ്യ കാര്‍മ്മികത്വം വഹിച്ചു.
ദേവാലയങ്ങള്‍ വിശ്വാസത്തിന്‍റെ പ്രതീകങ്ങളായി വളരുമ്പേഴാണ് തീഷ്ണതയുളള വിശ്വാസ സമൂഹം ഉണ്ടാകുന്നതെന്ന് ബിഷപ് ആശീര്‍വാദകര്‍മ്മങ്ങള്‍ക്ക് മുഖ്യ കാര്‍മ്മികത്വം വഹിച്ച് പറഞ്ഞു. ഒരു നാടിന്‍റെ വിശ്വാസ സാക്ഷ്യത്തിന്‍റെ പ്രതീകമാണ് ദേവാലയമെന്നും ബിഷപ് കൂട്ടിച്ചേര്‍ത്തു.
വിദേശ മിഷണറിമാരുടെ പ്രവത്തന ഫലമായി രൂപപ്പെട്ട വിശ്വാസ സമൂഹത്തിന് 1900- ല്‍ ഫാ.ഡമിഷന്‍ ഒ.സി.ഡി.യാണ് ഓലപ്പുരയില്‍ ആദ്യ ദേവാലയം പണികഴിപ്പിച്ചത്. തുടര്‍ന്ന്, 1974-ല്‍ ഫാ.മൈക്കിള്‍ പുതിയ ദേവാലയം സ്ഥാപിക്കുകയും സ്ഥലപരിമിതി മൂലം 2013- ൽ ഫാ.സണ്ണി വേലംപറമ്പില്‍ പുതിയ ദേവാലയത്തിനുളള പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുകയുമായിരുന്നു.
തുടര്‍ന്നെത്തിയ ഫാ.ബെന്‍ബോസിന്‍റെ കഠിന പ്രയത്നവും വിശ്വാസ തീഷ്ണതയുമാണ് പുതിയ ദേവാലയത്തിന്‍റെ പ്രവര്‍ത്തനള്‍ സജീവമാക്കുകയും, മനോഹരമായ ദേവാലയം പണി പൂർത്തികരിച്ച് നാടിന് സമര്‍പ്പിക്കപ്പെടുന്നതിന് ഇടയായതും.
ദേവാലയ ആശീര്‍വാദ കര്‍മ്മങ്ങള്‍ക്ക് രൂപതാ വികാരി ജനറല്‍ മോണ്‍. ജി. ക്രിസ്തുദാസ്, എപ്പിസ്കോപ്പല്‍ വികാരി മാരായ മോണ്‍.വി.പി. ജോസ്, മോണ്‍.റൂഫസ് പയസലീന്‍, രൂപതാ ചാന്‍സിലര്‍ ഡോ.ജോസ് റാഫേല്‍, ജൂഡിജ്യല്‍ വികാര്‍ ഡോ.സെല്‍വരാജന്‍, ഇടവക വികാരി ഫാ.ബെന്‍ബോസ് തുടങ്ങിയവര്‍ പങ്കെടുത്തു.