Kerala

വെട്ടുകാട് ക്രിസ്തുരാജ തിരുനാളിന് ഭക്തി നിര്‍ഭരമായ തുടക്കം

വെട്ടുകാട് ക്രിസ്തുരാജ തിരുനാളിന് ഭക്തി നിര്‍ഭരമായ തുടക്കം

അനിൽ ജോസഫ്

തിരുവനന്തപുരം: ദക്ഷിണ ഭാരതത്തിലെ പ്രധാന തീര്‍ഥാടന കേന്ദ്രമായ വെട്ടുകാട് ക്രിസ്തുരാജ തിരുനാളിന് ഭക്തി നിര്‍ഭരമായ തുടക്കം. ഇന്നി 10 നാളുകള്‍ ക്രിസ്തുരാജന്‍റെ സ്തുതികളിലും പ്രാര്‍ത്ഥനകളിലും വെട്ടുകാട് ഭക്തി നിര്‍ഭരമാവും.

തിരുനാളിന്‍റെ ആരംഭ ദിവ്യബലിക്ക് തിരുവനന്തപുരം ലത്തീന്‍ അതിരൂപതാ സഹായ മെത്രാന്‍ ഡോ.ആര്‍. ക്രിസ്തുദാസ് മുഖ്യ കാര്‍മ്മികത്വം വഹിച്ചു.

വൈകിട്ട് 6-ന് ഇടകവ വികാരി ഫാ.ജോസഫ് ബാസ്റ്റിന്‍ അള്‍ത്താരയില്‍ കൊടിയേറ്റിനുളള കൊടിയുടെ ആശീര്‍വാദ കര്‍മ്മം നിര്‍വ്വഹിച്ചു. തുടര്‍ന്ന്, ബാന്‍ഡ് മേളത്തിന്‍റെയും മുത്തുക്കുടകളുടെയും താലപ്പൊലിയുടെയും മാലാഖ കുഞ്ഞുങ്ങളുടെയും അകമ്പടിയില്‍ 6 ബാലികമാര്‍ ചേര്‍ന്ന്, കൊടിയേറ്റിനുളള കൊടിയുമായി ദേവാലയത്തില്‍ നിന്ന് പ്രദക്ഷിണമാരംഭിച്ചു.

തുടര്‍ന്ന്, പ്രദക്ഷിണത്തിനിടെ ക്രിസ്തുരാജ പാദപീഠത്തില്‍ കൊടി സമര്‍പ്പിച്ച് ഇടവക വികാരി വീണ്ടും പ്രാര്‍ഥന നടത്തി. കൊടിയേറ്റ് ചടങ്ങുകള്‍ക്കായി പ്രത്യേകം തയ്യാറാക്കിയ വേദിയുടെ മുന്നില്‍ കൊടിയേറ്റിനുളള കൊടി സ്ഥാപിച്ചതോടെ വൈവിധ്യമാര്‍ന്ന കലാ പ്രകടനങ്ങള്‍ക്ക് തുടക്കമായി.

കേരളത്തെ പിടിച്ച് കലുക്കിയ പ്രളയം മുതല്‍ കഴിഞ്ഞ വര്‍ഷം തിരുവനന്തപുരം ജില്ലയെ ദുഖത്തിലാഴ്ത്തിയ ഓഖി വരെ ദൃശ്യാവിഷ്കരണത്തിലൂടെ പ്രേക്ഷകരുടെ മുന്നിലേക്കെത്തി. ആര്‍ച്ച് ബിഷപ് ഡോ. എം സൂസപാക്യം, കവടിയാര്‍ കൊട്ടാരത്തിലെ ലക്ഷ്മിഭായി തമ്പുരാട്ടി, പാളയം ഇമാം സുഹൈബ് തുടങ്ങിയരുടെ സന്ദേശങ്ങള്‍ സ്ക്രീനില്‍ തെളിഞ്ഞു. വെട്ടുകാട് ഇടവക ഗായക സംഘത്തിന്‍റെ ഗാനങ്ങളില്‍ നിറയെ ക്രിസ്തുരാജന്‍ നിറഞ്ഞു നിന്നു.

തുടര്‍ന്ന്, ബിഷപ് ഡോ.ആര്‍. ക്രിസ്തുദാസ് ക്രിസ്തുരാജ പ്രതിജ്ഞ തീര്‍ഥാടകര്‍ക്ക് ചൊല്ലിക്കൊടുത്തു. രാത്രി 8.45-നു ഇടവക വികാരി ഫാ.ജോസഫ് ബാസ്റ്റില്‍ വെട്ടുകാട് മാദ്രെ ദെ ദേവൂസ് തീര്‍ഥാടന ദേവാലയത്തിന്‍റെ 76- ാം തിരുനാളിന്‍റെ കൊടിയേറ്റ് കര്‍മ്മം നിര്‍വ്വഹിച്ചു.

പുതിയ ദേവാലയം നിര്‍മ്മിച്ച ശേഷം നടക്കുന്ന തിരുനാളെന്ന പ്രത്യേകതയും ഇക്കൊല്ലത്തെ തിരുനാളിനുണ്ട്. പുതിയ ദേവാലയത്തിന്‍റെ ഭാഗമായി പൂര്‍ണ്ണമായും കല്ലില്‍ തീര്‍ത്ത കൊടി മരത്തിലാണ് ഇത്തവണ കൊടിയേറ്റ് കര്‍മ്മം നടന്നത്.

ഇനി 10 നാള്‍ പ്രാര്‍ത്ഥനാ മുഖരിതമാവും അനന്തപുരിയിലെ വെട്ടുകാട് പ്രദേശം. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, മുന്‍ മന്ത്രിമാരായ വി.എസ്. ശിവകുമാര്‍, സുരേന്ദ്രന്‍ പിളള, തിരുവനന്തപുരം മേയര്‍ വി. കെ.പ്രകാശ്, സി.ദിവാകരന്‍ എം.എല്‍.എ. തുടങ്ങിയവര്‍ ചടങ്ങുകളില്‍ പങ്കെടുത്തു.

Show More

Leave a Reply

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker