വിശ്വാസിയും വിശ്വാസികളുടെ പ്രാർത്ഥനയും
ജോസ് മാർട്ടിൻ
വിശുദ്ധ കുർബാനയിൽ ദൈവജനത്തിന്റെ സജീവ പങ്കാളിത്തം പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഉൾക്കൊള്ളിച്ചിട്ടുള്ളതാണ് വിശ്വാസികളുടെ പ്രാർത്ഥന. പലപ്പോഴും തങ്ങളുടെ ഭാഷാ മികവ് തെളിയിക്കാനുള്ള വേദിയായി മാറിപോകുന്നുണ്ട് ഈ പ്രാർത്ഥനകൾ. സാധാരണ വിശ്വാസികൾക്ക് ഉൾകൊള്ളാനും, മനസ്സിലാക്കാനും സാധിക്കാത്ത കഠിനമായ പദപ്രയോഗങ്ങൾ കൊണ്ട് ആലങ്കാരിക മികവോടെയാണ് പലരും വിശ്വാസികളുടെ പ്രാർത്ഥന ചൊല്ലുന്നത്.
എന്താണ് വിശ്വാസികളുടെ പ്രാർത്ഥന
ആദിമ സഭയിൽ വളരെ സജീവമായി ചൊല്ലിയിരുന്ന പ്രാർത്ഥനയാണ് വിശ്വാസികളുടെ പ്രാർത്ഥന (Prayer of the Faithful /Universal Prayer). മധ്യശതകങ്ങളിൽ ദിവ്യബലിയിൽ ജനങ്ങളുടെ പങ്കാളിത്തം കുറഞ്ഞപ്പോൾ വിശ്വാസികളുടെ പ്രാർത്ഥനയും ഇല്ലാതായി. ആരാധനക്രമത്തിൽ ജനങ്ങളുടെ സജീവ പങ്കാളിത്തം ഉറപ്പുവരുത്തുന്നതിന് വേണ്ടി രണ്ടാം വത്തിക്കാൻ കൗൺസിലിന്റെ പരിഷ്കരണത്തിൽ വിശ്വാസികളുടെ പ്രാർത്ഥന പുന:സ്ഥാപിച്ചു. ‘സുവിശേഷ വായനയ്ക്കും, പ്രസംഗത്തിനും ശേഷം ഞായറാഴ്ചകളിലും കടമുള്ള തിരുനാളുകളിലും വിശ്വാസികളുടെ പ്രാർത്ഥന ഉൾപ്പെടുത്തണം’ എന്ന് നിർദേശിക്കുന്നു (ദിവ്യപൂജ പൊതുനിർദേശം നമ്പർ 69).
ആരോടാണ് പ്രാർത്ഥിക്കേണ്ടത്?
ക്രിസ്തുവിനോടോ, പിതാവിനോടോ ആണ് പ്രാർത്ഥിക്കേണ്ടത്. മാതാവിന്റെയോ, വിശുദ്ധരുടെയോ മാധ്യസ്ഥം വിശ്വാസികളുടെ പ്രാർത്ഥനയിൽ ഉപയോഗിക്കുന്നില്ല.
അഞ്ച് അപേക്ഷകളാണ് പൊതുവെ നിർദ്ദേശിച്ചിട്ടുള്ളത്: നിയോഗങ്ങളുടെ ക്രമം
1. തിരുസഭയുടെ ആവശ്യങ്ങൾക്കുവേണ്ടി
2. ഭരണാധികാരികൾക്കും ലോക രക്ഷയ്ക്കും വേണ്ടി
3. ഏതെങ്കിലും വിധത്തിൽ വിഷമം അനുഭവിക്കുന്നവർക്ക് വേണ്ടി
4. വിശ്വാസ സമൂഹത്തിന് വേണ്ടി
5. രൂപതാധ്യക്ഷനു വേണ്ടി
സമർപ്പിക്കുന്ന നിയോഗങ്ങൾ വിവേകപൂർവകമായും, സംക്ഷിപ്തമായും എഴുതപ്പെട്ടവയും, എല്ലാവരുടെയും പ്രാർത്ഥന പ്രകടിപ്പിക്കുന്നതും ആയിരിക്കണം (ദിവ്യപൂജ പൊതു നിർദേശം, നമ്പർ 70, 71).
വിശ്വാസികളുടെ പ്രാർത്ഥന എപ്രകാരം നടത്തണം
പുരോഹിതൻ തന്റെ സ്ഥാനത്തുനിന്നു കൊണ്ടോ, വചന പീഠത്തിൽ നിന്നുകൊണ്ടോ ഈ പ്രാർത്ഥനകൾക്ക് നേതൃത്വം നൽകും.
ദൈവജനത്തിന്റെ പ്രതിനിധി പുരോഹിതൻ അൾത്താര നോക്കിനിൽക്കുമ്പോൾ ഇടതുവശത്തുള്ള പീഠത്തിൽ നിന്നുകൊണ്ട് അപേക്ഷകൾ ഉച്ചരിക്കുന്നു. ദൈവജനം ഓരോ അപേക്ഷകളുടെയും അവസാനം, ‘കർത്താവെ ഞങ്ങളുടെ പ്രാർത്ഥന കേൾക്കണമേ’ പ്രത്യുത്തരിച്ചുകൊണ്ട് ഈ അപേക്ഷകളിൽ പങ്കുകൊള്ളുന്നു. അപേക്ഷകളുടെ അവസാനം വൈദികൻ കൈകൾ വിരിച്ച് സമാപന പ്രാർത്ഥന ചൊല്ലുന്നു. അപ്പോൾ ജനങ്ങൾ ‘ആമേൻ’ എന്ന് പ്രത്യുത്തരിക്കുന്നതോടെ വിശ്വാസികളുടെ പ്രാർത്ഥനകൾ അവസാനിക്കുന്നു (ദിവ്യബലിയുടെ പൊതു നിർദേശം നമ്പർ 138)
ഹായ് ഓട്ടോ ഡ്രൈവേഴ്സ് നേതൃത്വം നൽകുന്ന ഒരു കുർബാനക്കുള്ള ആമുഖം, വിശ്വാസികളുടെ പ്രാർത്ഥന എന്നിവയുടെ ഒരു മോഡൽ ഇട്ടു തരുമോ pls അത്യാവശ്യം ആണ്