വിശ്വാസബോധ്യവും നിത്യജീവന്റെ വെളിച്ചവും ലഭിച്ചവരാണ് നമ്മൾ
വിശ്വാസബോധ്യവും നിത്യജീവന്റെ വെളിച്ചവും ലഭിച്ചവരാണ് നമ്മൾ
ജറെമിയ 2:1-3.7-8,12-13
മത്തായി 13:10-17
“സ്വര്‍ഗരാജ്യത്തിന്റെ രഹസ്യങ്ങള്‍ അറിയാനുള്ള വരം നിങ്ങള്‍ക്കാണു ലഭിച്ചിരിക്കുന്നത്. അവര്‍ക്ക് അതു ലഭിച്ചിട്ടില്ല”.
സ്നേഹമുള്ളവരെ, ക്രിസ്തുവിനോട് ശിഷ്യന്‍മാര്‍ ചോദിക്കുന്നു: ‘നീ അവരോട് ഉപമകള്‍ വഴി സംസാരിക്കുന്നതെന്തുകൊണ്ട്?’ ക്രിസ്തുവിന്റെ ഇതിനുള്ള മറുപടി ഓരോ ക്രിസ്ത്യാനിക്കും ഉള്ള മറുപടിയാണ്.
ക്രിസ്തു വളരെ വ്യക്തമായി എന്നോടും നിങ്ങൾ ഓരോരുത്തരോടും പറയുന്നു : “സ്വര്‍ഗരാജ്യത്തിന്റെ രഹസ്യങ്ങള്‍ അറിയാനുള്ള വരം നിങ്ങള്‍ക്കാണു ലഭിച്ചിരിക്കുന്നത്. അവര്‍ക്ക് അതു ലഭിച്ചിട്ടില്ല”. നോക്കുക, എത്രയോ ഭാഗ്യമുള്ളവരാണ് നമ്മൾ. ഇത്രയധികം, വിശ്വാസബോധ്യവും നിത്യജീവന്റെ വെളിച്ചവും ലഭിച്ചിട്ടും നമ്മൾ പലപ്പോഴും പതറിപ്പോകുന്നില്ലേ?
ക്രിസ്തു രഹസ്യങ്ങൾ ലഭിച്ചിരിക്കുന്ന നമ്മുടെ ഉത്തരവാദിത്വം, ലഭ്യമായ ക്രിസ്തു രഹസ്യങ്ങളെ മറ്റുള്ളവരിലേക്ക് പകരുകയാണ്. ഇതിനർത്ഥം, മതത്തിന്റെ പരിവർത്തനമല്ല, മറിച്ച് മനസിന്റെ പരിവർത്തനത്തിനായുള്ള പകർന്നുകൊടുക്കൽ. ഇന്ന്, നമ്മെ ഭരമേല്പിച്ചിരിക്കുന്ന വലിയ ദൗത്യവും ഇത് തന്നെയാണ്, ക്രിസ്തുവിനെ മറ്റുള്ളവരിലേക്ക് പകർന്നു കൊടുക്കുക.
പരിശുദ്ധ ഫ്രാൻസിസ് പാപ്പാ ക്രിസ്തുവിനെ മറ്റുള്ളവരിലേക്ക് പകർന്നു കൊടുക്കുന്നത്തിനായി നമ്മോട് പറയുന്നത് “ജീവിത സാക്ഷ്യം നൽകുക” എന്നാണ്. എന്റെ അനുദിന ജീവിതം ക്രിസ്തുവിനു സാക്ഷ്യം നൽകലാണോ എന്ന് ചിന്തിക്കുവാൻ യേശു നമ്മോട് ആവശ്യപ്പെടുന്നു. ഓരോ ക്രിസ്ത്യാനിയും വിളിക്കപ്പെട്ടിരിക്കുന്നത് സാക്ഷ്യം നൽകുന്നതിനാണ് എന്ന യാഥാർഥ്യം മറക്കാതിരിക്കാം.
യേശു പറയുന്ന ദൈവരാജ്യത്തിന്റെ രഹസ്യങ്ങൾ ഒരുവനിൽ ജ്ഞാനസ്നാനത്തിലൂടെ ലഭ്യമാകുന്ന കൃപാവരങ്ങൾ തന്നെയാണ്. ആ പരിശുദ്ധാത്മാവിന്റെ സാന്നിധ്യ അനുഭവം നിലനിറുത്തിയല്ലാതെ സ്വർഗ്ഗരാജ്യത്തിന്റെ രഹസ്യങ്ങൾ പങ്കുവയ്ക്കുവാൻ നമുക്ക് കഴിയില്ല. കാരണം, അത് ഒരു കൃപയാണ് – വിശ്വാസം കൊണ്ട് മാത്രം ലഭ്യമാകുന്ന കൃപ.
സ്നേഹമുള്ളവരെ, ക്രിസ്തുനാഥൻ നമുക്ക് നൽകുന്ന ഈ വലിയ ഉറപ്പിൽ, ഉറച്ച് വിശ്വസിക്കാം. നമുക്ക് നൽകപ്പെട്ടിരിക്കുന്നു വലിയ കൃപയെക്കുറിച്ച് ബോധ്യവും കൃതജ്ഞതയും ഉള്ളവരായിരിക്കാം. അങ്ങനെ, “സ്വര്‍ഗരാജ്യത്തിന്റെ രഹസ്യങ്ങള്‍ അറിയാനുള്ള വരം നിങ്ങള്‍ക്കാണു ലഭിച്ചിരിക്കുന്നത്” എന്ന ക്രിസ്തുവാക്യം പൂർണ്ണതയിൽ ജീവിക്കാം.