ആണ്ടുവട്ടം പതിമൂന്നാം ഞായർ
ഒന്നാം വായന: ജ്ഞാനം – 1,13-15, 2, 23-24
രണ്ടാം വായന: 2 കൊറിന്തോസ് – 8,7.9.13-15
സുവിശേഷം: വി.മാർക്കോസ് – 5,21-43
ദിവ്യബലിയ്ക്ക് ആമുഖം
ദീർഘകാലം ആരോഗ്യത്തോടെ ഈ ഭൂമിയിൽ ജീവിക്കണമെന്നും, മരണശേഷം ദൈവത്തോടൊപ്പം ആയിരിക്കണമെന്നതും നമ്മുടെ ആഗ്രഹമാണ്. തീർച്ചയായും ദൈവാനുഗ്രഹം ഉണ്ടങ്കിലെ ഇതു സാധിക്കുകയുള്ളു. ഈ അനുഗ്രഹം സാധ്യമാക്കുന്നത് നമ്മുടെ വിശ്വാസമാണ്. ഇന്നത്തെ ഒന്നാം വായനയും സുവിശേഷവും നമ്മെ പഠിപ്പിക്കുന്നതും അതുതന്നെയാണ്. രക്തസ്രാവക്കാരി സ്ത്രീയെ സുഖപ്പെടുത്തിയ, ജയ്റോസിന്റെ മകളെ ഉയർപ്പിച്ച യേശു ഇന്ന് നമ്മുടെ മദ്ധ്യേ സന്നിഹിതനാണ്. ആ യേശുവിനെ സ്പർശിക്കുവാനായി നമ്മുടെ പാപങ്ങൾ ഏറ്റ്പറഞ്ഞ് നമുക്കൊരുങ്ങാം.
ദൈവവചന പ്രഘോഷണകർമ്മം
യേശുവിൽ സ്നേഹം നിറഞ്ഞ സഹോദരി സഹോദരന്മാരെ,
സുപ്രധാനങ്ങളായ രണ്ട് അത്ഭുതങ്ങൾ ഇന്നത്തെ സുവിശേഷത്തിൽ കാണാം.
ഒന്നാമത്തേത്: യേശു രക്തസ്രാവക്കാരി സ്ത്രീയെ സുഖപ്പെടുത്തുന്നു. അക്കാലത്തെ സൗഖ്യപ്പെടാത്ത രോഗം, മതപരമായ നിയമമനുസരിച്ച് ആ സ്ത്രീ അശുദ്ധമാണ്, സാധാരണ കുടുംബ ജീവിതം നയിക്കുവാൻ അവൾക്ക് സാധിക്കുകയില്ല. ദേവാലയത്തിൽ നിന്നും പൊതു സമൂഹത്തിൽ നിന്നും അവൾ മാറിനിൽക്കണം. രക്തം ജീവനുമായി ബന്ധപ്പെട്ടതാണ്. അമിതമായ രക്തസ്രാവം അവളെ മരണോന്മുഖയാക്കിയിരുന്നു. ചികിത്സക്കായി അവൾ കൈവശമുള്ളതെല്ലാം ചിലവഴിക്കുകയും ധാരാളം വൈദ്യന്മാരെ കാണുകയും ചെയ്തു. അക്കാലത്തെ വൈദ്യന്മാർ പ്രധാനമായും ഗ്രീക്ക് (വിജാതിയ) പുരോഹിതന്മാരായിരുന്നു. അവർക്കൊന്നും അവളെ സൗഖ്യമാക്കുവാൻ സാധിച്ചില്ല. യേശുവിന്റെ വസ്ത്രത്തിൽ സ്പർശിച്ച് കൊണ്ട് അവൾ സൗഖ്യം പ്രാപിക്കുന്നു.
വലിയൊരു ജനസമൂഹം തിങ്ങിനെരുങ്ങി പിൻതുടർന്ന യേശുവിനെ സ്വാഭാവികമായും ധാരാളം ആളുകൾ സ്പർശിച്ചിരിക്കും എന്നാൽ അവർക്കും യേശുവിനും ഒന്നും സംഭവിക്കുന്നില്ല. എന്നാൽ ആ സ്ത്രീ വിശ്വാസത്തോടുകൂടി യേശുവിന്റെ വസ്ത്രത്തിൽ സ്പർശിച്ചപ്പോൾ അവൾ സൗഖ്യയാക്കെപ്പെടുന്നു. യേശുവിലുള്ള വിശ്വാസം അവളെ രക്ഷിച്ചു.
രണ്ടാമത്തെ അത്ഭുതം: യേശു ജായ്റോസിന്റെ മകളെ ഉയിർത്തെഴുന്നേൽപ്പിക്കുന്നതാണ്
വി.യോഹന്നാന്റെ സുവിശേഷത്തിൽ ലാസർ മരിച്ചുവെന്ന് കേട്ടപ്പോഴും യേശു പറയുന്നത് ” അവൻ ഉറങ്ങുകയാണന്നാണ്”. മാനുഷിക കാഴ്ചപ്പാടിലെ “മരണം” ദൈവീക കാഴ്ചപ്പാടിലെ “ഉറക്കമാണ് ” പുനരുത്ഥാനത്തിന് മുൻപുള്ള ഉറക്കം.
യേശു ആ ബാലികയുടെ കൈയ്ക്ക് പിടിച്ചുകൊണ്ട് “ബാലികേ എഴുന്നേൽക്കുക” എന്ന് പറയുന്നു. സുവിശേഷത്തിൽ അവൾക്ക് പന്ത്രണ്ട് വയസ്സ് പ്രായമുള്ളതായിട്ടാണ് പറയുന്നത്. അക്കാലത്തെ യഹൂദ പാരമ്പര്യമനുസരിച്ച് പന്ത്രണ്ടാം വയസ്സിൽ ഒരുവൾ ശാരീരക പക്വതവന്ന് വിവാഹ ജീവിതത്തിലേയ്ക്ക് പ്രവേശിക്കുവാൻ തയാറാകുന്ന സമയമാണ്. ആരംഭത്തിൽ തന്നെ അവസാനികേണ്ട അവളുടെ ജീവിതത്തിന് ഈ അത്ഭുതത്തിലൂടെ യേശു പരിപൂർണ്ണത നൽകുന്നു.
ഈ രണ്ട് അത്ഭുതങ്ങളിലും പൊതുവായ ചിലകാര്യങ്ങളുണ്ട്:
1) രക്തസ്രാവക്കാരി സ്ത്രീ പന്ത്രണ്ട് വർഷം രോഗിയായിരുന്നു. ആ ബാലികയ്ക്ക് പ്രായം പന്ത്രണ്ട് വയസ്സ്. പന്ത്രണ്ട് എന്ന സംഖ്യയ്ക്ക് പഴയ നിയമത്തിലും പുതിയ നിയമത്തിലും വലിയ പ്രാധാന്യമുണ്ട്. തന്റെ അത്ഭുതങ്ങളിലൂടെ ഇസ്രായേലിലെ പന്ത്രണ്ട് ഗോത്രങ്ങൾക്കും താൻ ജീവന്റെയും, പുനരുത്ഥാനത്തിന്റെയും കർത്താവാണന്ന് യേശു വെളിപ്പെടുത്തുന്നു.
2) രണ്ടാമത്തെ പൊതുവായഘടകം വിശ്വാസമാണ്. രക്തസ്രാവക്കാരിയായ സ്ത്രീയുടെ ഭാഗത്ത് നിന്നും, ജായ്റോസിന്റെ ഭാഗത്ത് നിന്നും വിശ്വാസത്തിലൂന്നിയ ആദ്യ നീക്കം ഉണ്ടാകുന്നു. യേശു അതിനോട് അനുകൂലമായി പ്രതികരിക്കുന്നു.
3) മൂന്നാമത്തെ പൊതു ഘടകം സ്പർശനമാണ്. രക്ത സ്രാവക്കാരി യേശുവിന്റെ വസ്ത്രത്തിൽ സ്പർശിക്കുന്നു. യേശു മൃതയായ ബാലികയെ സ്പർശിക്കുന്നു.
യേശുവിന്റെ സ്പർശനത്തിലൂടെ സൗഖ്യപ്പെടുവാൻ നാമും ആഗ്രഹിക്കാറുണ്ട്. നമ്മുടെ സമ്പത്തും, സമയവും, പ്രതീക്ഷയും അവസാനിച്ച് നിരാശരാകുമ്പോൾ രക്ത സ്രാവക്കാരിയുടെ വിശ്വാസം നമുക്ക് മാതൃകയാക്കാം. തന്റെ മകൾ മരിച്ചു എന്നു കേട്ടിട്ടുപോലും യേശുവിന്റെ വാക്കുകളെ വിശ്വസിച്ച ജായ്റോസിൽ നിന്ന് നമുക്ക് പഠിക്കാം. ഇന്ന് യേശു നമ്മോടും പറയുന്നത് ഇപ്രകാരമാണ് “ഭയപ്പെടേണ്ട വിശ്വാസിക്കുക മാത്രം ചെയ്യുക”.
ആമേൻ