വിവേകത്തോടും, നിഷ്കളങ്കതയോടും കൂടി വിശ്വാസം സംരക്ഷിക്കുക
വിവേകത്തോടും, നിഷ്കളങ്കതയോടും കൂടി വിശ്വാസം സംരക്ഷിക്കുക
ഹോസി 14:2-10
മത്താ 10:16-23
“നിങ്ങള്‍ സര്‍പ്പങ്ങളെപ്പോലെ വിവേകികളും പ്രാവുകളെപ്പോലെ നിഷ്‌കളങ്കരുമായിരിക്കുവിന്‍.”
നന്മതിന്മകൾ നിറഞ്ഞ ലോകത്തിൽ ജീവിക്കുമ്പോൾ നന്മകൾ മാത്രം ജീവിതത്തിൽ സ്വീകരിക്കാനായി ‘സർപ്പങ്ങളെ പോലെ വിവേകികളും പ്രാവുകളെ പോലെ നിഷ്കളങ്കരും’ ആയിരിക്കണമെന്ന് കർത്താവ് നമ്മെ അറിയിക്കുകയാണ്. വിവേകത്തോടും, നിഷ്കളങ്കയോടും കൂടി നന്മതിന്മയെ തിരിച്ചറിഞ്ഞു നന്മ മാത്രം ജീവിതത്തിൽ ഉൾക്കൊള്ളുക എന്ന ഓർമ്മപ്പെടുത്തൽ.
സ്നേഹമുള്ളവരെ, വിവേകവും, നിഷ്കളങ്കതയും മുതൽകൂട്ടാക്കി ജീവിച്ചാൽ മാത്രമേ നന്മ നിറഞ്ഞ ജീവിതം കാഴ്ചവെക്കാനായി നമുക്ക് സാധിക്കുകയുള്ളു. വിശ്വാസത്തിന് കോട്ടം തട്ടുന്ന തരത്തിലുള്ള പ്രശ്നങ്ങൾ നേരിടുമ്പോൾ വിവേകത്തോടും, നിഷ്കളങ്കതയോടും കൂടി തീരുമാനങ്ങൾ എടുത്ത് ആഴത്തിലുള്ള വിശ്വാസത്തിനുടമയാകുക.
കർത്താവായ ക്രിസ്തുനാഥൻ നൽവചനങ്ങളിലൂടെയും, പ്രവർത്തിയിലൂടെയും നമ്മെ പഠിപ്പിച്ചത് ആഴത്തിലുള്ള ഒരു വിശ്വാസജീവിതം തന്നെയാണ്. ദൈവത്തിൽ മാത്രം ആശ്രയിച്ച് ജീവിക്കുമ്പോൾ വിവേകത്തോടും, നിഷ്കളങ്കതയോടും കൂടി പ്രശ്നങ്ങൾ പരിഹരിക്കാനായി സാധിക്കും. സാമൂഹിക പ്രശ്നങ്ങൾ കാണാതിരിക്കേണ്ടെന്നോ, പ്രതികരിക്കേണ്ടെന്നോ അല്ല പറയുന്നത്, മറിച്ച് നാമും ദൈവവുമായുള്ള ബന്ധം മുറുകെ പിടിച്ചുകൊണ്ട് ആഴത്തിലുള്ള വിശ്വാസത്തിലാവണം നമ്മുടെ പ്രതികരണം.
ആയതിനാൽ, സര്‍പ്പങ്ങളെപ്പോലെ വിവേകികളും പ്രാവുകളെപ്പോലെ നിഷ്‌കളങ്കരുമായിരുന്നുകൊണ്ട്, പ്രശ്നങ്ങൾ പരിഹരിച്ചു ജീവിക്കാനായി പരിശ്രമിക്കാം.
സ്നേഹനാഥ, വിവേകത്തോടും, നിഷ്കളങ്കതയോടുംകൂടി ജീവിക്കാനുള്ള അനുഗ്രഹം നൽകണമെന്ന് അങ്ങയോട് ഞങ്ങൾ പ്രാർത്ഥിക്കുന്നു.