Daily Reflection

വിനയം നന്മയുടെ ചവിട്ടുപടി

വിനയം നന്മയുടെ ചവിട്ടുപടി

1 രാജാ. – 21:1-16

മത്താ. – 5:38-42

“വലത്തു കരണത്തടിക്കുന്നവന് മറ്റേ കരണംകൂടി കാണിച്ചുകൊടുക്കുക.” 

വിനയം കൊണ്ട് നന്മയെ വിജയിക്കണമെന്ന് യേശുക്രിസ്തു പഠിപ്പിക്കുകയാണ്. വീണ്ടുവിചാരമില്ലാത്ത പ്രതികരണത്തിലൂടെ നേടാൻ കഴിയുന്ന ഒന്നല്ല നന്മയുടെ വിജയം. പകരത്തിനു പകരമെന്ന തത്വം മാറ്റി വലതുകരണത്തടിക്കുന്നവന് മാറുകരണം കൂടി കാണിച്ചുകൊടുക്കണമെന്ന നന്മയുടെ തത്വമാണ് നമ്മുടെ ജീവിതത്തിൽ  സ്വീകരിക്കേണ്ടത്. അക്ഷരാർത്ഥത്തിൽ വായിക്കുന്നതിനേക്കാളുപരി വരികൾക്കിടയിലൂടെ വായിക്കേണ്ട വചനഭാഗമാണിത്. അതായത്, വിനയംകൊണ്ടും ക്ഷമ കൊണ്ടും പ്രശ്നങ്ങൾ പരിഹരിക്കുകയെന്നർഥം.

സ്നേഹമുള്ളവരെ, വളരെയധികം ബുദ്ധിമുട്ടുള്ള ഒരു കാര്യമാണ് വിനയത്തോടുകൂടി പ്രശ്നങ്ങൾ പരിഹരിക്കുകയെന്നത്‍. പലപ്പോഴും നാം മറന്നുപോകുന്ന ഒരു കാര്യമാണ് വിനയത്തോടു കൂടിയുള്ള   പ്രശ്നപരിഹാരത്തിന് കൂടുതൽ ഉറപ്പുണ്ട് എന്നുള്ളത്. തൊട്ടതിനും, പിടിച്ചതിനും പ്രകോപിതരായി പ്രശ്നങ്ങൾ കൂട്ടാതെ, വിനയത്തോടുകൂടി പ്രശ്നങ്ങൾ പരിഹരിക്കുമ്പോൾ സമാധാനം നിലനിൽക്കും.

ക്രിസ്തുനാഥൻ നമുക്ക് കാണിച്ചു തന്നത് വിനയത്താലുള്ള പ്രതികരണവും,   ക്ഷമയാലുള്ള   സ്‌നേഹവുമായിരുന്നു. തന്റെ മുഖത്ത് കാർക്കിച്ചു തുപ്പിയവർക്ക് നേരെ ക്രിസ്തു കാർക്കിച്ചു തുപ്പിയില്ല.  കുറ്റക്കാരനല്ലായിരുന്നിട്ടും കുറ്റക്കാരനാക്കി കുരിശുചുമപ്പിച്ചവരോടും,   ചാട്ടവാറാൽ ശരീരം  കീറിമുറിച്ചവരോടും, മുൾക്കിരീടം തലയിൽ ചാർത്തി പരിഹാസ്യനാക്കിയവരോടും വെറുപ്പ് കാണിച്ചില്ല, മറിച്ച്, അതെല്ലാം സഹിച്ച്  വിനയത്തോടും, ക്ഷമയോടും കൂടി  അവരെ സ്നേഹിക്കുകയാണ് ചെയ്തത്. തന്റെ ഒരു കരണത്തടിച്ചവന് മാറുകരണം കാണിച്ചുകൊടുത്തു എന്നതാണ് “പിതാവേ ഇവർ ചെയ്യുന്നത് ഇവർ അറിയുന്നില്ല; ഇവരോട് ക്ഷമിക്കണമേ” എന്ന പ്രാർത്ഥനയിലൂടെ ക്രിസ്തു ചെയ്തത്.

ക്രിസ്തു പഠിപ്പിച്ചത് ജീവിതത്തിൽ പ്രാവർത്തികമാക്കാൻ ക്രിസ്തുവിന്റെ അനുയായികളായ നാം ബാദ്ധ്യസ്ഥരാണ്. ഒരു കരണത്ത് അടിക്കുന്നവന് മറ്റേ കരണം കൂടി കാണിച്ചു കൊടുത്ത്  ജീവിക്കാനായി വിളിക്കപ്പെട്ടവരാണെന്ന് സാരം. സഹോദരങ്ങളിൽനിന്നും  അടിവാങ്ങികൂട്ടണമെന്നല്ല  ഇതിനർത്ഥം. പ്രശ്നങ്ങൾ പ്രതികാര മനോഭാവത്തോടുകൂടിയോ, വീണ്ടുവിചാരമില്ലാത്ത പ്രകോപനത്തിൽകൂടിയോ പരിഹരിക്കാൻ ശ്രമിക്കാതെ,  വിനയത്തോടും, ക്ഷമയോടും കൂടി പരിഹരിക്കണമെന്നാണ് ക്രിസ്തുനാഥൻ പഠിപ്പിക്കുന്നത്. ആയതിനാൽ, വിനയത്തിൽകൂടിയും, ക്ഷമയിൽകൂടിയും  നാമും സഹോദരങ്ങൾ തമ്മിലുമുള്ള പ്രശ്നങ്ങൾ പരിഹരിച്ച് ജീവിക്കുവാനായി പരിശ്രമിക്കാം.

കാരുണ്യവാനായ ദൈവമേ, അങ്ങ് പഠിപ്പിച്ചതുപോലെ വിനയത്തോടും വിവേകത്തോടും ജീവിതത്തിലുണ്ടാകുന്ന  പ്രശ്നങ്ങൾ പരിഹരിക്കാൻ ഞങ്ങളെ അനുഗ്രഹിക്കണമെന്ന് അങ്ങയോട് ഞങ്ങൾ പ്രാർത്ഥിക്കുന്നു.

Show More

Leave a Reply

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker