Kerala

വിദ്യാർത്ഥികളുടെ പൗരബോധം തളർത്താനുള്ള സി.ബി.എസ്.ഇ.യുടെ നിലപാടിനെതിരെ പ്രതിഷേധവുമായി കൊച്ചി രൂപതാ കെ.സി.വൈ.എം

സി.ബി.എസ്.ഇ.യുടെ ഈ വർഷത്തെ സിലബസ്സ് വിദ്യാഭ്യാസത്തിന്റെ അർത്ഥത്തെ തന്നെ ഇല്ലായ്മ ചെയ്യുന്നു...

ജോസ് മാർട്ടിൻ

കൊച്ചി: വിദ്യാർത്ഥികളുടെ പൗരബോധം തളർത്താനുള്ള സി.ബി.എസ്.ഇ.യുടെ നിലപാടിനെതിരെ കൊച്ചി രൂപതാ കെ.സി.വൈ.എം.ന്റെ പ്രതിഷേധം. കോവിഡ്-19 എന്ന കാരണം പറഞ്ഞ് പൗരത്വം, ജനാധിപത്യം, മതതരത്വം, ദേശീയത, ഭരണഘടന, പൗരാവകാശങ്ങൾ, ജനകീയ പ്രക്ഷോഭങ്ങൾ എന്നീ പാഠഭാഗങ്ങൾ ഒഴിവാക്കികൊണ്ടുള്ള സി.ബി.എസ്.ഇ.യുടെ ഈ വർഷത്തെ സിലബസ്സ് വിദ്യാഭ്യാസത്തിന്റെ അർത്ഥത്തെ തന്നെ ഇല്ലായ്മ ചെയ്യുന്ന കാര്യങ്ങളാണെന്ന് പ്രതിഷേധയോഗത്തിൽ അധ്യക്ഷത വഹിച്ച കെ.സി.വൈ.എം. കൊച്ചി രൂപത പ്രസിഡന്റ് ജോസ് പള്ളിപ്പാടൻ പറഞ്ഞു.

സ്വന്തം രാജ്യത്തെക്കുറിച്ചും, അതിന്റെ പ്രത്യേകതകളെക്കുറിച്ചും പഠിക്കാതെ എങ്ങനെയാണ് ഒരാളുടെ വിദ്യാഭ്യാസം പൂർണ്ണമാവുക? പൗരത്വം, ജനാധിപത്യം, മതതരത്വം, ദേശീയത, ഭരണഘടന, പൗരാവകാശങ്ങൾ, ജനകീയ പ്രക്ഷോഭങ്ങൾ എന്നിവ പഠിപ്പിക്കാതെ എങ്ങനെയാണ് പക്വതയുള്ള ഒരു പൗരനെ രൂപപ്പെടുത്തുക? വ്യക്തമായ രാഷ്ട്രീയ കാഴ്ചപ്പാടും, ചിന്താശക്തിയുമില്ലാത്ത രാഷ്ട്രീയ നപുംസകങ്ങളെ രൂപീകരിക്കാൻ മാത്രമേ ഇത്തരം മാറ്റങ്ങൾ ഉപകരിക്കൂ എന്നും, പക്വമായ ജനാധിപത്യ അവബോധമുള്ള ഒരു തലമുറയ്ക്ക് പകരം ചില രാഷ്ട്രീയ അനുയായികൾ മാത്രമായിരിക്കും വിദ്യാഭ്യാസം കഴിഞ്ഞ് 18 ആം വയസ്സിൽ വോട്ടേഴ്സ് ബൂത്തിലേക്കെത്തുകയെന്നും, വിലയിരുത്തിയ യോഗം രാജ്യത്തിന്റെ ഭാവിതന്നെ ഇല്ലാതാക്കുന്ന ഇത്തരം പ്രവർത്തനങ്ങളിൽ നിന്ന് അധികാരികൾ പിൻമാറേണ്ടതാണെന്നും ആവശ്യപ്പെട്ടു.

കെ.സി.വൈ.എം. കൊച്ചി രൂപതാ ഡയറക്ടർ ഫാ.മെൽറ്റസ് കൊല്ലശ്ശേരി, ജനറൽ സെക്രട്ടറി കാസി പൂപ്പന, ജോയിന്റ് ഡയറക്ടർ ഫാ.സനീഷ് പുള്ളിക്കപറമ്പിൽ, വൈസ് പ്രസിഡന്റുമാരായ മരിയ റോഷീൻ, സെൽജൻ കുറുപ്പശ്ശേരി, അനിൽ ചെറുതീയിൽ എന്നിവർ പ്രസംഗിച്ചു.

Show More

Leave a Reply

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker