ആഗമനകാലം രണ്ടാം ഞായര്‍
ഒന്നാം വായന : ബാറൂക്ക് 5:1-9
രണ്ടാംവായന : ഫിലി. 1:4-6, 8-11
സുവിശേഷം : വി. ലൂക്ക 3:1-6
ദിവ്യബലിക്ക് ആമുഖം
യേശുവിനു വഴിയൊരുക്കുവാന്‍ വന്ന സ്നാപക യോഹന്നാന്‍റെ രംഗപ്രവേശമാണ് ഇന്നത്തെ സുവിശേഷത്തിന്‍റെ കേന്ദ്ര ബിന്ദു. സന്തോഷത്തിന്‍റെയും ആനന്ദത്തിന്‍റെയും സമയം സമാഗതമായെന്ന് പഴയ നിയമ വായന നമ്മെ പഠിപ്പിക്കുമ്പോള്‍ ആ സമയത്തിനായി നാം എങ്ങനെയാണ് ഒരുങ്ങേണ്ടതെന്ന് പ്രവാചകന്മാര്‍ നമ്മെ പഠിപ്പിക്കുന്നു. തിരുവചനം ശ്രവിക്കാനും ദിവ്യബലി അര്‍പ്പിക്കാനുമായി നമുക്കൊരുങ്ങാം.
ദൈവവചന പ്രഘോഷണ കര്‍മ്മം
യേശുവില്‍ സ്നേഹം നിറഞ്ഞ സഹോദരി സഹോദരന്മാരെ,
“ജെറുസലേം, നീ ദുഃഖത്തിന്‍റെയും പീഡനത്തിന്‍റെയും വസ്ത്രം മാറ്റി ദൈവത്തില്‍ നിന്നുളള മഹത്വത്തിന്‍റെ സൗന്ദര്യം എന്നേക്കുമായി അണിയുക” എന്ന വാക്യത്തോടെയാണ് ബാറൂക്ക് പ്രവാചകന്‍റെ പുസ്തകത്തില്‍ നിന്നുളള ഒന്നാം വായന ആരംഭിക്കുന്നത്. ഈ വാക്യത്തില്‍ “ജെറുസലേം” എന്ന പേരിനു പകരം തൽസ്ഥാനത്ത് നമ്മു ഓരോരുത്തരുടെയും പേരു ചേര്‍ത്ത് ഈ വാക്യം വായിച്ചാല്‍ (ഉദാ…) ഈ ആഗമനകാലം രണ്ടാം ഞായറിന്‍റെ മുഖ്യ സന്ദേശം നമുക്കു മനസിലാകും. ബാബിലോണിയന്‍ പ്രവാസത്തിനു ശേഷം കരച്ചിലിന്‍റെയും ദുരിതത്തിന്‍റെയും വിലാപ ഗീതത്തിന്‍റെയും നാളുകള്‍ കഴിഞ്ഞുപോയെന്നും ഇനി വരുന്നത് സന്തോഷത്തിന്‍റെ ദിനങ്ങളാണെന്നും പ്രവാചകന്‍ പറയുന്നതുപോലെ, നമ്മുടെ ജീവിതത്തിലും ഉത്കണ്ഠയുടെയും വിലാപത്തിന്‍റെയും നാളുകള്‍ കഴിഞ്ഞു പോയെന്നും തിരുപ്പിറവിയുടെ സന്തോഷത്തിന്‍റെ നാളുകള്‍ വരുന്നെന്നും തിരുസഭ നമ്മോടും പറയുന്നു.
സുവിശേഷത്തില്‍ നാം കാണുന്ന സ്നാപക യോഹന്നാനാകട്ടെ തനിക്ക് 600 വര്‍ഷം മുമ്പ് ജീവിച്ചിരുന്ന ഏശയ്യ പ്രവാചകന്‍റെ വാക്കുകളുടെ പൂര്‍ത്തീകരണമാണ് (ഏശയ്യ 40:3-5). നമ്മുടെ ശ്രദ്ധയാകര്‍ഷിക്കുന്നത് ഇന്നത്തെ സുവിശേഷം ആരംഭിക്കുന്ന രീതിയാണ്. വി. ലൂക്കാ സുവിശേഷകന്‍ തിബോരിയൂസ്, ഹെറോദേസ്, പീലാത്തോസ്, പീലിപ്പോസ്, ലിസാനിയോസ് എന്നീ രാഷ്ട്രീയ ഭരണാധികാരികളെയും അന്നാസ്, കൈയഫാസ് തുടങ്ങിയ ആത്മീയ ഭരണാധികാരികളെയും അവരുടെ സ്ഥലങ്ങളും കാലവും എടുത്തു പറയുന്നു. ബൈബിള്‍ പണ്ഡിതന്മാര്‍ ഈ യാഥാര്‍ഥ്യത്തെ പല രീതിയില്‍ വ്യാഖ്യാനിക്കുന്നു. ചിലര്‍ പറയുന്നത് യേശു ഒരു ചരിത്ര പുരുഷനാണെന്ന സത്യം വ്യക്തമാക്കാന്‍ ലൂക്കാ സുവിശേഷകന്‍ അക്കാലത്തെ ചരിത്ര രചനാ രീതി അനുസരിച്ച് സമയവും സ്ഥലവും ഭരണാധികാരികളുടെ പേരും ഭരണ വര്‍ഷവും എടുത്തു പറയുന്നുവെന്നാണ്.
രണ്ടാമത്തെ വ്യാഖ്യാനം ഇപ്രകാരമാണ്: കൊട്ടാരങ്ങളിലും അധികാര കേന്ദ്രങ്ങളിലും വിഹരിക്കുന്നവരുടെ പേരുകള്‍ ആദ്യം പരാമര്‍ശിക്കുന്നുണ്ടെങ്കിലും ദൈവത്തിന്‍റെ അരുളപ്പാടുണ്ടായത് അവിടെയൊന്നുമല്ല, മറിച്ച് മരുഭൂമിയില്‍, അതും ലളിത ജീവിതം നയിക്കുന്ന സാധാരണക്കാരനായ സ്നാപക യോഹന്നാനിലാണെന്ന ഒരു വലിയ ആത്മീയ യാഥാര്‍ഥ്യം ഈ വിവരണത്തിലൂടെ വ്യക്തമാക്കുന്നു. നമുക്ക് ദൈവാനുഭവങ്ങള്‍ ഉണ്ടാകുന്നത് ജീവിതത്തിലെ അധികാരത്തിന്‍റെയും സമ്പത്തിന്‍റെയും ശക്തിയുടെയും മേഖലയിലല്ല, മറിച്ച് ഇവയില്‍ നിന്നെന്നാം മാറി “ജീവിതത്തിന്‍റെ മരുഭൂമി” അവസ്ഥയിലാണ്. നാം ഏറ്റവും കൂടുതല്‍ ദൈവത്തെ വിളിച്ചപേക്ഷിക്കുന്നതും ദൈവസ്വരം ശ്രവിക്കുന്നതും ഒറ്റപ്പെടലിന്‍റെയും വരള്‍ച്ചയുടെതുമായ “മരുഭൂമി അനുഭവം” ജീവിതത്തിലുണ്ടാകുമ്പോഴാണ്.
മൂന്നാമത്തെ വ്യാഖ്യാനം ഇപ്രകാരമാണ്: ഇന്നത്തെ സുവിശേഷം ആധുനിക ലോകത്തെ സഭയെ കാണിക്കുന്നു. ഈ ലോകത്തിന്‍റെ അധികാരികളും അധികാരങ്ങളും ഉണ്ടെങ്കിലും സഭ ആശ്രയിക്കുന്നത് അവരിലല്ല. മറിച്ച്, ഈ ലോകം “മരുഭൂമിയായി” കാണുന്ന പ്രവര്‍ത്തന മേഖലകളിലാണ് യേശുവും അവന്‍റെ സഭയും തന്‍റെ ശക്തി പ്രകടമാക്കുന്നത്.
മരുഭൂമിയില്‍ വിളിച്ചു പറയുന്നവന്‍റെ സ്വരമാണ് ഈ ആഴ്ചയിലെ നമ്മുടെ വഴികാട്ടി. “താഴ്വരകള്‍ നികത്തപ്പെടും, കുന്നും മലയും നികത്തപ്പെടും. വളഞ്ഞ വഴികള്‍ നേരെ ആക്കപ്പെടും” എന്നീ വചനങ്ങള്‍ യാത്ര ചെയ്തിട്ടുളള, വ്യത്യസ്ത സ്ഥലങ്ങള്‍ കണ്ടിട്ടുളള നമുക്കെല്ലാം സുപരിചിതമാണ്. എന്നാല്‍ നമ്മുടെ ആത്മീയ ജീവിതത്തില്‍, പ്രത്യേകിച്ചും കുടുംബത്തിലും സൗഹൃദങ്ങളിലും ജോലി സ്ഥലത്തും ഇടവകയിലും വിദ്യാലയങ്ങളിലും കലാലയങ്ങളിലുമുളള ബന്ധങ്ങള്‍ക്കിടയിലെ പാതകള്‍ നേരെ ആക്കാനും അങ്ങനെ ദൈവവുമായുളള നമ്മുടെ ബന്ധം പുനസ്ഥാപിക്കാനും പ്രവാചകന്‍ ആഹ്വാനം ചെയ്യുന്നു. ആത്മീയ മേഖലയിലെ “നികത്തലും, നിരത്തലും, നേരെയാക്കലും, മൃദുവാക്കലും” അത്ര എളുപ്പമുളള കാര്യമല്ല. നമുക്ക് സഹായം ആവശ്യമുണ്ട്. ആഗമനകാലത്തെ പ്രാര്‍ഥനയും ധ്യാനവും കുമ്പസാരവും ഈ പ്രക്രീയയില്‍ നമ്മെ സഹായിക്കുന്നു. പ്രവാചകന്‍റെ വാക്കുകള്‍ അനുസരിച്ച് നമുക്കും നമ്മുടെ ജീവിതത്തിലെ പാതകൾ നേരെയാക്കാം.
ആമേന്‍