വധശിക്ഷയില്‍ നിന്ന് ഒഴിവാക്കിയെങ്കിലും ആസിയയുടെ ജയിൽശിക്ഷാമോചനം ഇനിയും അകലെ, ഇസ്ലാമിക തീവ്രവാദികൾക്ക് കീഴടങ്ങി ഭരണകൂടം
വധശിക്ഷയില്‍ നിന്ന് ഒഴിവാക്കിയെങ്കിലും ആസിയയുടെ ജയിൽശിക്ഷാമോചനം ഇനിയും അകലെ, ഇസ്ലാമിക തീവ്രവാദികൾക്ക് കീഴടങ്ങി ഭരണകൂടം
സ്വന്തം ലേഖകൻ
ഇസ്ലാമാബാദ്: മതനിന്ദയാരോപിച്ച കുറ്റത്തിന്റെ വധശിക്ഷയില്‍ നിന്ന് പാക്കിസ്ഥാന്‍ സുപ്രീംകോടതി മോചിപ്പിച്ച ആസിയ ബീബിയുടെ ജയിൽമോചനം ഇനിയും അകലെ. ഇസ്ലാമിക തീവ്രവാദികൾക്ക് കീഴടങ്ങി ഭരണകൂടം തീരുമാനം മരവിപ്പിക്കുകയായിരുന്നു.
പ്രധാനമന്ത്രി ഇമ്രാന്‍ സുപ്രീംകോടതി വിധിയെ ആദ്യം സ്വാഗതം ചെയ്തുവെങ്കിലും അതിരുവിട്ടു തുടങ്ങിയ പ്രതിക്ഷേധം നിയന്ത്രിക്കുക അസാധ്യമാകും എന്ന് മനസിലാക്കിയതിനാൽ നിലപാട് മാറ്റി എന്നാണ് പ്രാഥമിക നിഗമനം. തുടർന്ന്, പ്രതിഷേധക്കാരെ അടിച്ചമര്‍ത്തില്ലായെന്നും അറസ്റ്റ് ചെയ്തവരെ വിട്ടയക്കുമെന്നും ടിഎല്‍പിക്കു ഭരണകൂടം ഉറപ്പ് നല്‍കുകയും ചെയ്തു.
അതുപോലെതന്നെ, ആസിയയ്ക്ക് പാക്കിസ്ഥാന് പുറത്ത് ആശ്രയം ഒരുക്കുവാൻ വിവിധ രാജ്യങ്ങൾ പ്രകടിപ്പിച്ച ആഗ്രഹത്തിനും തിരിച്ചടി നൽകിക്കൊണ്ട്, ആസിയായെ രാജ്യത്തിന് പുറത്തു വിടാന്‍ അവസരം നിഷേധിച്ച് “നോ എക്സിറ്റ് ലിസ്റ്റി”ല്‍ ഉള്‍പ്പെടുത്താനുള്ള നടപടികൾ എടുക്കാമെന്ന് ഇസ്ളാമിക പാര്‍ട്ടിയായ തെഹരീക് ഇ-ലബായിക് പാകിസ്ഥാന് (TLP) ഇമ്രാന്‍ ഖാന്‍ ഭരണകൂടം ഉറപ്പ് എഴുതിക്കൊടുത്തുവെന്നാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
ആസിയയുടെ മോചനത്തിന് എതിരെ തെരുവിലിറങ്ങിയ ഇസ്ലാമിക തീവ്രവാദികള്‍ 120 കോടി ഡോളറിന്റെ, അതായത് 8600 കോടി രൂപയോളം നഷ്ടം പ്രക്ഷോഭങ്ങളിലൂടെ ഉണ്ടാക്കിയെന്നാണ് വിലയിരുത്തല്‍. ഇപ്പോഴും, ആസിയായുടെ മോചനത്തിനായി ഉപവാസവും പ്രാര്‍ത്ഥനയുമായി കഴിയുകയാണ് പാക്കിസ്ഥാനിലെ ക്രൈസ്തവ സമൂഹം.
അതേസമയം, ആസിയയ്ക്കുവേണ്ടി കോടതിയില്‍ ഹാജരായ അഭിഭാഷകന്‍ സൈഫ് ഉല്‍ മുലൂക് പ്രാണരക്ഷാര്‍ത്ഥം യൂറോപ്പിലേക്കു കടന്നിരിക്കുകയാണ്. ആസിയയ്ക്കു വേണ്ടി നിയമയുദ്ധം തുടരേണ്ടതിനാല്‍ താന്‍ ജീവിച്ചിരിക്കേണ്ടതുണ്ടെന്നു അദ്ദേഹം പറഞ്ഞതായി വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു.