ക്ലിന്റൺ എൻ.സി. ഡാമിയൻ
വിഴിഞ്ഞം: കേരളത്തിൽ നടത്തുന്ന അജപാലന സന്ദർശനത്തിന്റെ ഭാഗമായി തിരുവനന്തപുരം ലത്തീൻ അതിരൂപതയിലെത്തിയ വത്തിക്കാൻ സ്ഥാനപതിയും പരിശുദ്ധ പിതാവിന്റെ പ്രതിനിധിയുമായ ആർച്ച് ബിഷപ്പ് ജ്യാൻബാറ്റിസ്റ്റ ദിക്വാത്രോ വിഴിഞ്ഞം ഇടവക സന്ദർശിച്ചു. അദ്ദേഹത്തെ രാവിലെ 6.45-ന് വിഴിഞ്ഞം ജംഗ്ഷനിൽ ഇടവക ജനങ്ങൾ പിതാവിനെ സ്വീകരിക്കുകയും, ബൈക്ക് റാലിയുടെ അകമ്പടിയോടെ തുറന്ന ജീപ്പിൽ ദേവാലയ പരിസരത്തേയ്ക്ക് ആനയിച്ചു.
ഇടവക വികാരിയുടെ നേതൃത്വത്തിൽ ഇടവക കമ്മിറ്റിയംഗങ്ങളും ഭക്തസംഘടനങ്ങളും യുവജന സംഘടനങ്ങളും വത്തിക്കാൻ സ്ഥാനപതിയെയും, തിരുവനന്തപുരം ലത്തീൻ അതിരൂപത മെത്രാപ്പോലീത്ത ഡോ.സൂസപാക്യം പിതാവിനെയും, സഹായമെത്രാൻ ഡോ.ക്രിസ്തുദാസ് പിതാവിനെയും ദേവാലയത്തിൽ സ്വീകരിച്ചു.
തുടർന്ന്, നടന്ന പൊന്തിഫിക്കൽ ദിവ്യബലിയിൽ ആർച്ച് ബിഷപ്പ് സൂസപാക്യം മുഖ്യ കാർമ്മികനായി. ആർച്ച് ബിഷപ്പ് ജ്യാൻബാറ്റിസ്റ്റ ദിക്വാത്രോ ദൈവവചനപ്രഘോഷണ കർമ്മം നടത്തി. ദൈവവചനപ്രഘോഷണ സംഗ്രഹം മലയാളത്തിൽ ക്രിസ്തുദാസ് പിതാവ് നൽകി. ഇടവക വികാരി ഫാ.ജസ്റ്റിൻ ജൂഡിൻ വിഴിഞ്ഞം ഇടവകയിലെയ്ക്ക് കടന്നു വന്ന വത്തിക്കാൻ സ്ഥാനപതിയ്ക്ക് ഇടവകയുടെ പേരിൽ നന്ദി അർപ്പിച്ചു. കൂടാതെ, വള്ളത്തിന്റെ ചെറിയ രൂപം സമ്മാനമായി നൽകി. തുടർന്ന്, ആർച്ച് ബിഷപ്പ് ജ്യാൻബാറ്റിസ്റ്റ ദിക്വാത്രോ നടത്തിയ മറുപടി പ്രസംഗത്തിൽ മലയാളത്തിൽ ‘നന്ദി’ എന്നു പറഞ്ഞത് ഇടവകജനം കരഘോത്തോടെയാണ് സ്വീകരിച്ചത്.
തുടർന്ന്, നാളെ പിറന്നാൾ ആഘോഷിക്കുന്ന ആർച്ച് ബിഷപ്പ് സൂസപാക്യം പിതാവിന് ന്യുൻഷ്യോ പൂക്കൾ നൽകി ആശംസകളും അർപ്പിച്ചു. ദിവ്യബലിക്ക് ശേഷം, വിഴിഞ്ഞം ഹാർബറിൽ നിന്നും മെത്രാൻമാരോടൊപ്പം അദ്ദേഹം കടൽയാത്ര നടത്തി. നിർദ്ദിഷ്ട തുറമുഖ പദ്ധതി പ്രദേശവും കോവളം തീരവും ബോട്ടിൽ സന്ദർശിച്ച് ഉച്ചയോടെ അദ്ദേഹം പൂന്തുറ ഇടവകയിലേയ്ക്ക് പോയി.