വത്തിക്കാന്റെ മാധ്യമ വകുപ്പില്‍ രണ്ട് പുതിയ നിയമനങ്ങള്‍
വത്തിക്കാന്റെ മാധ്യമ വകുപ്പില്‍ രണ്ട് പുതിയ നിയമനങ്ങള്‍
ഫാ. വില്യം നെല്ലിക്കല്‍
വത്തിക്കാൻ സിറ്റി: വത്തിക്കാന്റെ മാധ്യമ വകുപ്പില്‍ രണ്ട് പുതിയ നിയമനങ്ങള്‍ കൂടി. വത്തിക്കാന്‍ മാധ്യമ വകുപ്പിന്റെ എഡിറ്റോറിയല്‍ ഡയറക്ടറായും വത്തിക്കാന്‍റെ ദിനപത്രമായ “ലൊസര്‍വത്തോരേ റൊമാനോ”യുടെ പത്രാധിപരായുമായാണ് പുതിയ നിയമനങ്ങൾ. ഡിസംബര്‍ 18-Ɔο തിയതി ചൊവ്വാഴ്ചയാണ് മാധ്യമ വകുപ്പിലെ പുതിയ നിയമനങ്ങള്‍ വത്തിക്കാന്‍ പ്രസിദ്ധപ്പെടുത്തിയത്.
1 ) മാധ്യമ വകുപ്പിന്റെ എഡിറ്റോറിയല്‍ ഡയറക്ടർ : വത്തിക്കാന്‍ മാധ്യമ വകുപ്പില്‍ ഇറ്റലിയിലെ അറിയപ്പെട്ട എഴുത്തുകാരനും മാധ്യമപ്രവര്‍ത്തകനുമായ “അന്ത്രയ തൊര്‍ണിയേലി”യെ വത്തിക്കാന്‍ മാധ്യമ വകുപ്പിന്റെ എഡിറ്റോറിയല്‍ ഡയറക്ടറായി / മുഖ്യപത്രാധിപരായി നിയമിച്ചു.
20 വര്‍ഷക്കാലമായി വത്തിക്കാന്‍ പ്രസിദ്ധീകരണങ്ങളുടെ അറിയപ്പെട്ട നിരൂപകനും, ലേഖകനുമായിരുന്നു അന്ത്രയാ തൊര്‍ണിയേലി. ഇറ്റലിയുടെ “ലാ സ്താംപാ” (La Stampa) ദിനപത്രത്തിന്‍റെ സ്ഥിരം ലേഖകനായും സേവനംചെയ്തിട്ടുള്ള ഇദ്ദേഹം ഇനി വത്തിക്കാന്‍ മാധ്യമങ്ങളുടെ ആകമാനം മുഖ്യപത്രാധിപരായി പ്രവര്‍ത്തിക്കും. 54 വയസ്സുകാരനായ തൊര്‍ണിയേലി ചരിത്രകാരനും നിരവധി ഗ്രന്ഥങ്ങളുടെ കര്‍ത്താവുമാണ്. മൂന്നു മക്കളുള്ള കുടുംബസ്ഥനായ അദ്ദേഹം തൊഴില്‍ കാര്യങ്ങള്‍ക്കായി റോമാനഗരം കേന്ദ്രീകരിച്ചും, കുടുംബത്തോടൊപ്പം മിലാനിലും പാര്‍ക്കുന്നു.
2 ) വത്തിക്കാന്‍ ദിനപത്ര പത്രാധിപർ: മുന്‍പത്രാധിപര്‍ ‘ജൊവാന്നി മരിയ വിയാന്‍’ പ്രായപരിധി എത്തി വിരമിക്കുന്നതിന്റെ ഒഴിവിലേയ്ക്ക് കോളെജ് അദ്ധ്യാപകനും, നിയമപണ്ഡിതനും, എഴുത്തുകാരനുമായ “അന്ത്രയാ മോന്ത”യെ വത്തിക്കാന്റെ ദിനപത്രം “ലൊസര്‍വത്തോരേ റൊമാനോ”യുടെ (L’Osservatore Romano) പത്രാധിപരായി നിയമിച്ചു.
അന്ത്രയാ മോന്ത കോളെജ് അദ്ധ്യാപകനും, അറിയപ്പെടുന്ന എഴുത്തുകാരനും, യൂണിവേഴ്സിറ്റി തലത്തിലുള്ള മതാദ്ധ്യാപകനുമാണ്. 2018-ലെ ദുഃഖവെള്ളിയാഴ്ച പാപ്പാ ഫ്രാന്‍സിസ് നയിച്ച റോമിലെ കൊളോസിയത്തിലെ വിഖ്യാതമായ കുരിശിന്റെ വഴിയുടെ പ്രാര്‍ത്ഥനകള്‍ യുവജനങ്ങളെ പങ്കെടുപ്പിച്ചുകൊണ്ട് ഒരുക്കിയത് അന്ത്രയാ മോന്തയായിരുന്നു. “അവെനീരെ” (Avvenire) ദിനപത്രം, കത്തോലിക്കാസംസ്ക്കാരം (La Civiltà Cattolica) മാസിക എന്നിങ്ങനെയുള്ള അറിയപ്പെടുന്ന കത്തോലിക്ക പ്രസിദ്ധീകരണങ്ങളുടെ ലേഖകനുമായ 52 വയസ്സുള്ള അന്ത്രയാ മോന്ത കുടുംബത്തോടൊപ്പം റോമാനഗരത്തിലാണ് താമസിക്കുന്നത്.