ലോഗോസ് പാസ്റ്ററൽ സെന്റർ ആക്രമണം; പോലീസ് അക്രമികൾക്കൊപ്പം കേരളാ ലാറ്റിൻകാത്തലിക് അസോസിയേഷൻ
ലോഗോസ് പാസ്റ്ററൽ സെന്റർ ആക്രമണം; പോലീസ് അക്രമികൾക്കൊപ്പം കേരളാ ലാറ്റിൻകാത്തലിക് അസോസിയേഷൻ
നെയ്യാറ്റിൻകര: ലോഗോസ് പാസ്റ്ററൽ സെന്റർ ആക്രമണം നടന്ന് ഒരു ദിവസം പിന്നിടുമ്പോഴും പോലീസ് കേസ് രജിസ്റ്റർ ചെയ്യാത്തത് ദുരൂഹമാണെന്ന് കേരളാ ലാറ്റിൻകാത്തലിക് അസ്സോസിയേഷൻ. പൂട്ടികിടന്ന ഗേറ്റ് തല്ലിതകർത്ത് മണിക്കൂറോളം വിദ്യാർത്ഥികളെ അക്രമികൾ ഭീഷണിയുടെ മുൾമുനയിൽ നിർത്തിയിരുന്നു.
കെട്ടിടത്തിന്റെ ജന്നൽ ചില്ലുളും അടിച്ച് തകർത്തു അർദ്ധരാത്രിയിൽ ഇത്രയും ഭീകരാവസ്‌ഥ ഉണ്ടായിട്ടും കേസെടുക്കാത്ത പോലീസ് ആക്രമണത്തിന് കൂട്ടു നിൽക്കുന്ന നിലപാടാണ് സ്വീകരിക്കുന്നതെന്നും കെ.എൽ.സി.എ. കുറ്റപ്പെടുത്തി. അക്രമം നടക്കുമ്പോൾ നെയ്യാറ്റിൻകര എസ്.ഐ. സംഭവ സ്‌ഥലത്ത് ഉണ്ടായിരുന്നു. എന്നിട്ടും സംഭവത്തെ വഴിതിരിച്ച് വിടാനുളള ശ്രമമാണ് ഉണ്ടാകുന്നത്.
സംഭവം നടന്ന ദിവസം തന്നെ ലോഗോസിന്റെ ഡയറക്‌ടർ ഡോ. സെൽവരാജൻ ഡി.വൈ.എസ്.പി.ക്കും എസ്.ഐ.ക്കും പരാതി നൽകിയിരുന്നു. എന്നാൽ സംഭവ സ്‌ഥലത്ത് വരാനോ ദൃക്‌സാക്ഷികളുടെ മെഴിയെടുക്കാനോ പോലീസ് ശ്രമിച്ചിട്ടില്ല. വർഗ്ഗീയ വാദികൾക്കും ക്രിമിനലുകൾക്കും കൂട്ടു നിൽക്കുന്ന പോലീസിന്റെ നിലപാട് നാടിന്റെ ക്രമസമാധാനം തകർക്കുമെന്നും കെ.എൽ.സി.എ. പറഞ്ഞു.
ലോഗോസ് അടിച്ച് തകർത്ത കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവന്നില്ലെങ്കിൽ കേരളാ ലാറ്റിൻ കാത്തലിക് അസോസിയേഷൻ പ്രത്യക്ഷ – പരോക്ഷ സമരങ്ങളുമായി മുന്നോട്ട് പോകുമെന്ന് കെ.എൽ.സി.എ. നെയ്യാറ്റിൻകര രൂപതാ പ്രസിഡന്റ് ഡി. രാജു പറഞ്ഞു.
അതേ സമയം ലോഗോസ് പാസ്റ്ററൽ സെന്റർ ആക്രമണം ക്രൈംബ്രാഞ്ച് അന്വേഷിക്കണമെന്ന് നെയ്യാറ്റിൻകര രൂപതാ വികാരി ജനറൽ മോൺ. ജി. ക്രിസ്‌തുദാസ് പറഞ്ഞു . അക്രമം നടക്കുമ്പോൾ നോക്കി നിന്ന നെയ്യാറ്റിൻകര പോലീസ് നീതി നടപ്പിലാക്കില്ല. കേസന്വേഷിക്കാൻ ചുമതലപെട്ടവർ ഉറങ്ങുന്ന അവസ്‌ഥയാണുളളത്. രൂപതയുടെ അധ്യാത്‌മിക കേന്ദ്രത്തിന്റെ പ്രധാന കവാടം തകർത്താണ് അക്രമികൾ കോമ്പൗണ്ടിൽ പ്രവേശിച്ചത്. എന്നിട്ടും, നിയമപരമായി അക്രമികളെ പിടികൂടുന്നതിന് പോലീസിന് സാധിക്കുന്നില്ല.
ഒരു സംഘം സാമൂഹ്യ വിരുദ്ധർ നടത്തിയ ആക്രമണത്തെ ന്യായീകരിക്കുന്ന നിലപാടാണ് ഡി.വൈ.എസ്.പി.യും സ്‌ഥലം എസ്.ഐ.യും സ്വീകരിക്കുന്നത്. സംഭവം നടന്ന് ഒരു ദിവസം പിന്നിടുമ്പോഴും കേസ് രസ്റ്റർ ചെയ്യാത്തതിൽ ദുരൂഹതയുണ്ടെന്നും വികാരി ജനറൽ പറഞ്ഞു.