ലോക സമാധാനത്തിനായി നാളെ പ്രാര്‍ഥനാ ദിനമായി പ്രഖ്യാപിച്ച് ഫ്രാന്‍സിസ് പാപ്പ
നാളെ (ഒക്ടോബര്‍ 27 വെള്ളിയാഴ്ച) ഉപവാസ ,പ്രാര്‍ത്ഥനാ ദിനമായി ഫ്രാന്‍സിസ് പാപ്പാ പ്രഖ്യാപിച്ചു.
സ്വന്തം ലേഖകന്‍
വത്തിക്കാന്‍ സിറ്റി:ലോകത്തിന്‍റെ വിവിധ ഇടങ്ങളില്‍ രൂക്ഷമായി തുടരുന്ന സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കുവാനും, സമാധാനം പുനസ്ഥാപിക്കപെടുവാനും നാളെ (ഒക്ടോബര്‍ 27 വെള്ളിയാഴ്ച) ഉപവാസ ,പ്രാര്‍ത്ഥനാ ദിനമായി ഫ്രാന്‍സിസ് പാപ്പാ പ്രഖ്യാപിച്ചു.
ഇന്നലെ (ഒക്ടോബര്‍ ഇരുപത്തിയഞ്ചാം തീയതി) നടന്ന പൊതുകൂടിക്കാഴ്ചാവേളയില്‍ ഒരിക്കല്‍ കൂടി പ്രാര്‍ത്ഥനാദിനത്തെക്കുറിച്ചു ഓര്‍മ്മിപ്പിക്കുകയും, ഇസ്രായേല്‍ പാലസ്തീന്‍ സംഘര്‍ഷത്തിലും, ഉക്രൈന്‍ റഷ്യ യുദ്ധത്തിലും ദുരിതമനുഭവിക്കുന്ന സഹോദരങ്ങളോടുള്ള തന്‍റെ സാമീപ്യവും, പ്രാര്‍ത്ഥനകളും അറിയിക്കുകയും ചെയ്തു.
ഹമാസ് ബന്ദികളാക്കി വച്ചിരിക്കുന്നവരെ എത്രയും വേഗം വിമോചിപ്പിക്കുവാനും,ഗാസയില്‍ മാനുഷിക ഇടനാഴികള്‍ തുറന്നുകൊടുത്തുകൊണ്ട് ദ്രുതഗതിയില്‍ സഹായങ്ങള്‍ എത്തിക്കുവാനുള്ള നടപടികള്‍ സ്വീകരിക്കുവാനും പാപ്പാ എല്ലാവരെയും ആഹ്വാനം ചെയ്തു.
ഉപവാസപ്രാര്‍ത്ഥനാ ദിനമായ നാളെ ഇറ്റാലിയന്‍ സമയം വൈകുന്നേരം ആറു മണിക്ക് വത്തിക്കാനിലെ വിശുദ്ധ പത്രോസിന്‍റെ ചത്വരത്തില്‍ പ്രത്യേക പ്രാര്‍ത്ഥനാകര്‍മ്മങ്ങള്‍ നടത്തപ്പെടുമെന്നും പാപ്പാ പറഞ്ഞു.