ലോക്ക് ഡൗണിൽ / സാമൂഹിക ഒറ്റപ്പെടലിൽ എങ്ങനെ സന്തോഷം കണ്ടെത്താം?
ഈ വെല്ലുവിളി നിറഞ്ഞ സമയത്ത് സന്തോഷം കണ്ടെത്താൻ നല്ല തെരഞ്ഞെടുപ്പുകൾ എങ്ങനെ നടത്താം?
ഡോ.ഷിജോ കാഞ്ഞിരത്താംകുന്നേൽ CM
കൊറോണ വൈറസ് (കോവിഡ് 19) ചുരുങ്ങിയ കാലയളവ് കൊണ്ട് ക്രമേണ ക്രമേണ ലോകത്തെ മുഴുവൻ തകർത്തു. മുന്നറിയിപ്പുകൾ ഉണ്ടായിരുന്നിട്ടും സാമൂഹ്യ അകലത്തിന് ശ്രദ്ധ കൊടുക്കാതെ മനുഷ്യർ യാത്ര ചെയ്തു, പാർട്ടികൾ കൂടി, മീറ്റിങ്ങുകൾ സംഘടിപ്പിച്ചു. ചൈനയിലും പിന്നീട് ഇറ്റലിയിലും ഇത് തുടങ്ങിയപ്പോഴും ആസ്ഥിതി തങ്ങളുടെ രാജ്യങ്ങളെയും നഗരങ്ങളെയും ബാധിക്കുന്നതു വരെ ഇതിന്റെ ഗൗരവം അധികമാരും മനസ്സിലാക്കിയില്ല. തന്റെ പ്രിയ ഭർത്താവിനോട് ഒന്ന് അവസാന വിട പറയാനാകാതെ ശവമഞ്ചത്തിന്പുറകെ ഓടുന്ന ചൈനീസ് സ്ത്രീയുടെ ഹൃദയഭേദകമായ വീഡിയോ നാമെല്ലാം കണ്ടതാണ്. ഇറ്റലിയിലെ ബർഗാമോയിൽ മരിച്ചവരെ സംസ്കരിക്കാൻ സെമിത്തേരികളിൽ ഇടം ഇല്ലാത്തതിനാൽ ശവപ്പെട്ടികൾ നഗരത്തിന് പുറത്തേക്ക് സൈനിക വാഹനങ്ങളിൽ ദഹിപ്പിക്കാൻ ആയി കൊണ്ടുപോകുന്ന കാഴ്ചയും നാം കണ്ടു.
കോവിഡ് 19 ബാധിച്ച രാജ്യങ്ങളിലെ ആളുകളുടെ മരണസംഖ്യ ഭയപ്പെടുത്തുമാറ് ഉയരുന്നു, അത് ബാധിക്കുന്നവരുടെ എണ്ണം ഓരോ ദിവസവും വർദ്ധിക്കുകയും ചെയ്യുന്നു. ഇറ്റാലിയൻ പ്രധാനമന്ത്രി ജുസെപ്പേ കോന്തെ മാർച്ച് 21-ന് ഇങ്ങനെ ട്വീറ്റ് ചെയ്തു: “പകർച്ചവ്യാധിയുടെ നിയന്ത്രണം ഞങ്ങൾക്ക് നഷ്ടപ്പെട്ടു. ശാരീരികമായും മാനസികമായും ഞങ്ങൾ മരിച്ചു. എന്ത് അധികമായി ഇനിയും ചെയ്യണം എന്ന് ഞങ്ങൾക്കറിയില്ല. ഭൂമിയിൽ ചെയ്യാവുന്ന എല്ലാ പരിഹാര വിധികളും അവസാനിച്ചു. ഏക പരിഹാരം ഇനി സ്വർഗ്ഗമാണ്”.
ഇതുവരെയും, ‘പരിഭ്രാന്തരാകരുത്’ എന്ന് ആരെങ്കിലും പറഞ്ഞാൽ നമ്മൾ എല്ലാവരും അത് കേട്ടിരുന്നു. എന്നാൽ ഇപ്പോൾ നമുക്ക് യാഥർത്ഥത്തിൽ പരിഭ്രാന്തിയുണ്ട്. അതേസമയം, നമ്മുടെയും മറ്റുള്ളവരുടെയും ജീവനെ പ്രതി ഉത്തരവാദിത്വവുമുണ്ട്. ആളുകൾക്ക് മതിയായ ടോയ്ലറ്റ് പേപ്പറുകളും, തെർമോമീറ്ററുകളും, സാനിറ്റേഴ്സും ഇല്ല എന്നത് അമേരിക്കയിലും ബ്രിട്ടനിലും ഒക്കെ വാർത്തയായിരുന്നു. നമുക്ക് ഇന്നുള്ള പരിഭ്രാന്തി ഇതൊന്നുമല്ല; എങ്ങനെ നമ്മുടെയും, മറ്റുള്ളവരുടെയും ജീവൻ സംരക്ഷിക്കാം എന്നതാണ് നമ്മുടെ മുന്നിലുള്ള പരിഭ്രാന്തി. ഈ സമയം സർക്കാർ എന്ത് ചെയ്യുന്നു? സഭാധികാരികൾ എന്തു ചെയ്യുന്നു? ഇങ്ങനെ ചോദിക്കുന്നതിൽ യാതൊരു അർത്ഥവുമില്ല. പള്ളികളിലെ ആരാധനകൾ റദ്ദാക്കിയതിനെ ഓർത്ത് പരിഭ്രാന്തരാകേണ്ട സമയവുമല്ല ഇത്.
ലോകത്തിലെ ഒരു സർക്കാരിനും ഇന്നത്തെ സ്ഥിതി വേണ്ടരീതിയിൽ കൈകാര്യം ചെയ്യാൻ സാധിച്ചിട്ടില്ല. ഈ സ്ഥിതി സർക്കാർ സ്വാധീനത്തിനും, സഭാധികാരികളുടെ നിയന്ത്രണങ്ങൾക്കും അതീതമാണ്. ആരുടെയും ഒരു തന്ത്രവും വൈറസിന് മേൽ നടക്കില്ല. വൈറസിന് നിങ്ങളെ അറിയില്ല; ധനികനെന്നോ ദരിദ്രനെന്നോ ഉള്ള വേർതിരിവ് അറിയില്ല; ഒരു രാഷ്ട്രീയ പാർട്ടിയുടെയും ഭാഗമല്ല; യാതൊരു മതവിശ്വാസവും ഇല്ല. ഉത്തരവാദിത്വമില്ലാത്ത പൗരന്മാർ വഴി എല്ലാവരെയും ഇത് ബാധിക്കുന്നു. വൈറസിന്റെ വ്യാപനം നിയന്ത്രിക്കാൻ സഹായകമാകും വിധം ഇന്ന് നാം ഉത്തരവാദിത്വത്തോടെ പെരു മാറിയില്ലെങ്കിൽ, അതോർത്തു ഖേദിക്കാൻ നമുക്കു വീണ്ടുമൊരവസരം ലഭിച്ചുവെന്നു വരില്ല. എല്ലാവരുടെയും സുരക്ഷയാണ് ഇപ്പോൾ പ്രധാനം. നമുക്ക് പിന്നീട് പരസ്പരം ആലിംഗനം ചെയ്യാം, കൈ കൊടുക്കാം, പാർട്ടികൾ കൂടാം, പ്രാർത്ഥനാ കൂട്ടായ്മകളിലേക്ക് മടങ്ങാം. അതിന് ആദ്യം നമ്മൾ ജീവനോടെ ഉണ്ടാകണം. അതിനുള്ള ഏകമാർഗം അധികാരികളുടെ നിർദ്ദേശങ്ങൾ പാലിക്കുക എന്നതാണ്.
വ്യക്തി- കോറന്റെയിൻ (Self – Quarantine), സാമൂഹികമായ ഒറ്റപ്പെടൽ (Social Isolation), സാമൂഹികമായ അകലം (Social Distancing), ഹങ്കർ ഡൗൺ, ലോക്ക് ഡൗൺ, കർഫ്യൂ തുടങ്ങി പുതിയ പദവ്യവസ്ഥകൾ പാലിക്കാൻ നാം പഠിച്ചു.
നിരവധിപേർക്ക് ഒറ്റപ്പെടൽ മാനസിക ആഘാതമാണ്; കാരണം ഏകാന്തതയെ ആസ്വദിക്കുവാനോ, ദിവസത്തിൽ 10 മിനിറ്റ് നേരമെങ്കിലും എങ്ങനെ നിശബ്ദമായിരിക്കാം എന്നോ ലോകം നമ്മെ പഠിപ്പിച്ചിട്ടില്ല. സാമൂഹികജീവിതം ഒഴിച്ചുള്ള ഒരു നിമിഷത്തെ പറ്റിയും ചിന്തിക്കാൻ കഴിയാതെ നാം കൂട്ടുകാരുമായും, ബാറുകളിലും, മറ്റ് സാമൂഹ്യ കൂട്ടായ്മകളിലും, സിനിമയിലും, പാർട്ടികളിലും ഒക്കെയായി എപ്പോഴും തിരക്കിലായിരുന്നു. ഇന്നത്തെവിധം ഒരു ദിവസം വരുമെന്ന് ആരും കരുതിയിരുന്നില്ല. കോവിഡ് 19 എല്ലാവരെയും ബാധിച്ചു. സമ്പദ് വ്യവസ്ഥകളെയും, ജോലികളെയും, കുടുംബത്തെയും, പ്രായമായവരെയും, രോഗികളെയും, ദരിദ്രരെയും അങ്ങനെ സമൂഹത്തെ ആകമാനം ഇത് മാറ്റിമറിച്ചു. പ്രകൃതി ദുരന്തങ്ങൾ അനുഭവിച്ച ജനസമൂഹം ചുരുങ്ങിയ സമയം കൊണ്ട് ആ ദുരന്തങ്ങൾ ഏൽപ്പിച്ച മുറിവുകൾ ഉണക്കി സാധാരണ ജീവിതത്തിലേക്ക് നൈസർഗ്ഗികമായി മടങ്ങി വരുന്നത് നാം കണ്ടിട്ടുണ്ട്. എന്നാൽ ഇന്നത്തെ സാഹചര്യം ഒറ്റത്തവണ എന്നതിനേക്കാൾ ക്രമേണ അനുഭവിച്ചുകൊണ്ടിരിക്കുന്ന ഒരു ദുരിതമാണ്. ചിലർ മറ്റുള്ളവരെക്കാൾ കൂടുതൽ ദുരിതം അനുഭവിക്കുന്നു.
സാമൂഹിക ഒറ്റപ്പെടൽ ഒരു താൽക്കാലിക നിയന്ത്രണം ആണെന്ന് മനസ്സിലാക്കേണ്ടത് അത്യാവശ്യമാണ്. എന്നിരുന്നാലും എത്രകാലം ഇത് നീണ്ടുപോകും എന്ന് പ്രവചിക്കാനും നമുക്ക് ആവില്ല. കോറന്റെയിൻ ഒരു പ്രത്യേക സ്ഥലത്തെ പകർച്ചവ്യാധി വ്യാപിക്കുന്ന അവരുടെമേൽ ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണമാണ്. രോഗം വ്യാപിക്കാതിരിക്കാൻ രോഗിയുടെ മേൽ സ്വയം ഒറ്റപ്പെടുത്തൽ ഏർപ്പെടുത്തുന്നു. ബൈബിളിലെ ലേവ്യരുടെ പുസ്തകം പതിമൂന്നാം അദ്ധ്യായത്തിൽ ഇപ്രകാരം എല്ലാവരുടെയും സുരക്ഷ ഉറപ്പാക്കാൻ പകർച്ചവ്യാധി ഏറ്റവരുടെ മേൽ കോറന്റെയിൻ ഏർപ്പെടുത്തുന്നത് കാണാവുന്നതാണ്.
സാമൂഹിക ഒറ്റപ്പെടലിൽ ആയിരിക്കുമ്പോൾ ആളുകൾക്ക് സന്തോഷമായിരിക്കാൻ സാധിക്കുമോ?
തീർച്ചയായും അവർക്ക് അതിന് കഴിയും. നമ്മുടേതായ പൈതൃകത്തിനും, നാം അഭിമുഖീകരിക്കുന്ന സാഹചര്യത്തിനും പുറമേ സന്തോഷം കണ്ടെത്താനുള്ള നിർണായക ഘടകമായി പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നത് നമ്മുടെ തന്നെ” പ്രവർത്തന രീതി” (പെരുമാറ്റം) കളെയാണ്. അങ്ങനെയെങ്കിൽ ദിനംപ്രതിയുള്ള സന്തോഷത്തിന്റെ താക്കോൽ നമ്മുടെ തന്നെ ബോധപൂർവ്വമായ പ്രവർത്തനങ്ങളിലാണ്. നമ്മുടെ ദിനചര്യകൾ യഥാർത്ഥത്തിൽ പെട്ടെന്ന് മാറിപ്പോയി. നമ്മുടെ ചലനം പരിമിതപ്പെട്ടു. നമ്മുടെ ഇഷ്ട ആഹാരം കഴിക്കാൻ റസ്റ്റോറന്റിലേക്ക് പോകാനാവില്ല. പലചരക്ക് കടയിലെ പണമടയ്ക്കാൻ കൗണ്ടറുകളിലെ നീണ്ട നിരയിൽ നിൽക്കണം. സുഹൃത്തുക്കളെയും കുടുംബാംഗങ്ങളെയും മുൻപത്തെ പോലെ നേരിൽ കാണാൻ സാധിക്കില്ല. ഇതൊക്കെ ചെറിയ ഒരു കാലയളവിലേക്ക് മാത്രമായിരിക്കും. നമ്മുടെ സന്തോഷം നമ്മുടെ ജീവിത സാഹചര്യങ്ങളെ ആശ്രയിച്ചല്ല ഇരിക്കുന്നത് എന്നതാണ് സത്യം.
ഈ വെല്ലുവിളി നിറഞ്ഞ സമയത്ത് സന്തോഷം കണ്ടെത്താൻ നല്ല തെരഞ്ഞെടുപ്പുകൾ എങ്ങനെ നടത്താം?
ഇപ്പോൾ നാം ആയിരിക്കുന്ന സ്ഥിതിയിൽ തന്നെ നമ്മുടെ ജീവിതങ്ങളിൽ ഒരു പുന:ക്രമീകരണം നടത്തേണ്ടത് ആവശ്യമാണ്. ഇപ്പോഴത്തെ സാഹചര്യം ഓർത്ത് ഭയപ്പെടുന്നതിലും സങ്കടപ്പെടുന്നതിലും അർത്ഥമില്ല. ഇതിന്റെ നിയന്ത്രണം നമ്മുടെ കരങ്ങളിൽ അല്ല. ‘സാമൂഹ്യ അകലം’ പാലിക്കുന്ന ഈ കാലയളവിൽ ഒരു മികച്ച ജീവിതത്തിലൂടെ സന്തോഷം കണ്ടെത്താൻ സഹായിക്കുന്ന ചില നിർദ്ദേശങ്ങൾ ചുവടെ ചേർക്കുന്നു.
1) വീണ്ടും ആശയവിനിമയം ആരംഭിക്കുക:
മിക്കപ്പോഴും നമ്മുടെ തിരക്കുകൾക്കിടയിൽ പ്രിയപ്പെട്ടവരുമായും കുടുംബാംഗങ്ങളുമായും ആശയവിനിമയം നടത്താൻ മതിയായ സമയം നമുക്ക് ലഭിച്ചിരുന്നില്ല. അത് പുനരാരംഭിക്കാൻ ഉചിതമായ സമയമാണിത്. സമീപത്തും വിദൂരത്തു മുള്ള നിങ്ങളുടെ പ്രിയപ്പെട്ടവരെ നിങ്ങളുടെ ഫോണിൽ ലഭ്യമാകുന്ന വിവിധ സാങ്കേതിക വിദ്യകളിലൂടെ ബന്ധപ്പെടുക. ഫെയ്സ് ടൈം, വാട്സ് ആപ്പ്, ഫെയ്സ് ബുക്ക്, ഗൂഗിൾ ഡിയോ, ട്വിറ്റർ തുടങ്ങിയവ ഉപയോഗിക്കാൻ ഇന്ന് സാധിക്കും. എല്ലാ ദിവസവും കുറച്ചു സമയം അവരുമായി ചിലവഴിക്കുക. ഇപ്പോൾ നമുക്ക് സമയമില്ല എന്ന് പരാതി പറയാൻ കഴിയില്ല.
2) ചെയ്യാൻ താല്പര്യമുള്ള എന്തെങ്കിലും കണ്ടെത്തുക:
നിങ്ങളുടെ ഇഷ്ട ഭക്ഷണം പാചകം ചെയ്യുക, അവയുടെ പാചകവിധികൾ കണ്ടെത്തി കുടുംബമായി ചെയ്യുക. പ്രത്യേക വിഭവങ്ങൾ തയ്യാറാക്കുന്ന വിധം അമ്മയോട് ചോദിച്ചു പഠിക്കുക.
3) നന്നായി വിശ്രമിക്കുക:
കുടുംബമായി ഇരുന്ന് കാണാൻ സാധിക്കുന്ന സിനിമകൾ വഴിയും ഇഷ്ടപ്പെട്ട ടെലിവിഷൻ പ്രോഗ്രാം വഴിയും, ജോലിയെ പറ്റിയും, കോവിഡ് 19 നെപ്പറ്റിയും ഉള്ള പരിഭ്രാന്തി മറന്നു വിശ്രമിക്കുക.
4) കുറച്ച് പുസ്തകങ്ങൾ വായിക്കുക:
നിങ്ങളുടെ വീട്ടിൽ ഇല്ലെങ്കിൽ ഓൺലൈനിൽ ഓർഡർ ചെയ്യാവുന്നതാണ്. വായിക്കാൻ നിങ്ങൾ എപ്പോഴും ആഗ്രഹിച്ചിരുന്നതോ നിങ്ങളുടെ അഭിരുചിക്ക് ഇണങ്ങുന്നതോ ആയ പുസ്തകങ്ങൾ തിരയുക.
5) ശാരീരിക വ്യായാമത്തിന് കുറച്ചു സമയം കണ്ടെത്തുക:
നിങ്ങൾ താമസിക്കുന്ന സ്ഥലം അനുയോജ്യവും സാമൂഹിക ഒറ്റപ്പെടൽ നിയമങ്ങൾ ലംഘിക്കുകയില്ല എന്ന് ഉറപ്പും ഉള്ള പക്ഷം നടക്കുവാൻ പോകാവുന്നതാണ്. നിങ്ങൾ വാങ്ങിയതും ഉപയോഗിക്കാതെ ഇരിക്കുന്നതുമായ വ്യായാമ യന്ത്രം പൊടിതട്ടിയെടുത്ത് ഉപയോഗിച്ച് തുടങ്ങുന്നതിന് പറ്റിയ സമയമാണിത്.
6) ഓൺലൈനിൽ ഒരു കോഴ്സ് ആരംഭിക്കുക:
ആയിരത്തി നാനൂറിലധികം കോഴ്സുകൾ ഇഷ്ടാനുസരണം തിരഞ്ഞെടുക്കാൻ സാധിക്കുന്ന ‘Coursera’ പോലുള്ള നിരവധി സംവിധാനങ്ങൾ ഇന്ന് ലഭ്യമാണ്.
7) സഹായം ആവശ്യമുള്ളവരെ സഹായിക്കുക:
പ്രത്യേകിച്ച് അയല്പക്കത്തുള്ള പ്രായമായ ആളുകൾ പലചരക്ക് സാധനങ്ങൾ വാങ്ങുന്നതിനും മറ്റും പരസഹായം പ്രതീക്ഷിക്കുന്നു എന്ന് അറിവുള്ള പക്ഷം അവരെ ഫോണിൽ ബന്ധപ്പെട്ട് അവരുടെ ആരോഗ്യം അന്വേഷിക്കുന്നതും സഹായ സന്നദ്ധത അറിയിക്കുന്നതും നല്ലതാണ്.
8) കുടുംബ പ്രാർത്ഥനയ്ക്ക് കുറച്ചു സമയം കണ്ടെത്തുക:
ജപമാല പ്രാർത്ഥന ഒരു മികച്ച ആരംഭത്തിന് ഉചിതമാണ്. പ്രാർത്ഥന നിങ്ങളുടെ ജീവിതത്തിലെ ഭാഗമാക്കി മാറ്റുക. തനിച്ചായിരിക്കാനും, ഏകാന്തത ആസ്വദിക്കാനും പഠിക്കുക.
9) വിശുദ്ധ ഗ്രന്ഥം വായിക്കുക:
വിശുദ്ധ ഗ്രന്ഥം വായിച്ച് ആശ്വാസകരമായ വചനങ്ങൾ കണ്ടെത്തി അത് സുഹൃത്തുക്കളും കുടുംബാംഗങ്ങളുമായി പങ്കുവയ്ക്കുക. ഉദാഹരണമായി “ഞങ്ങളുടെ ക്ലേശങ്ങള്‍ നിസ്സാരവും ക്ഷണിക വുമാണ്; അവയുടെ ഫലമോ അനുപമമായ മഹത്വവും.” (2 കോറിന്തോസ് 4:17) അല്ലെങ്കിൽ “ദൈവത്തെ സ്നേഹിക്കുന്നവര്‍ക്ക്, അവിടുത്തെ പദ്ധതിയനുസരിച്ചു വിളിക്കപ്പെട്ടവര്‍ക്ക്, അവിടുന്നു സകലവും നന്‍മയ്ക്കായി പരിണമിപ്പിക്കുന്നുവെന്നു നമുക്കറിയാമല്ലോ.”(റോമാ 8:28) ഇപ്രകാരമുള്ള വചനങ്ങൾ കണ്ടെത്തുക.
10) ദൈവവുമായി നല്ല ബന്ധമുണ്ടാക്കുക:
നിങ്ങളുടെ ഏകാന്തതയിൽ ദൈവവുമായി നല്ല ബന്ധം പുലർത്തുക. അവിടത്തെ കരുണാർദ്രമായ സ്നേഹത്തിൽ വിലയം പ്രാപിക്കുക. “കര്‍ത്താവ് അരുളിച്ചെയ്യുന്നു: നിങ്ങളെക്കുറിച്ചുള്ള പദ്‌ധതി എന്റെ മനസിലുണ്ട്. നിങ്ങളുടെ നാശത്തിനല്ല, ക്‌ഷേമത്തിനുള്ള പദ്‌ധതിയാണത് – നിങ്ങള്‍ക്കു ശുഭമായ ഭാവിയും പ്രത്യാശയും നല്‍കുന്ന പദ്‌ധതി” (ജറെമിയാ 29:11).
ഏറെ ചിൻദ്ദോദീപകം. ആശംസകൾ. അഭിനന്ദനങ്ങൾ