Kazhchayum Ulkkazchayum

ലാസ്റ്റ് ബസ്…!

ലാസ്റ്റ് ബസ്...!

നഷ്ടത്തില്‍ നിന്ന് നാശത്തിലേക്കും, ദുരന്തത്തിലേക്കും ദിനംപ്രതി മുങ്ങിത്താണുകൊണ്ടിരിക്കുന്ന കെ.എസ്.ആര്‍.ടി.സി. ബസിനെക്കുറിച്ച് എഴുതി പേപ്പറും മഷിയും പാഴാക്കാന്‍ ഒട്ടും താല്‍പര്യമില്ല. ഇവിടെ നമ്മുടെ ജീവിതത്തില്‍ നാം വച്ചു പുലര്‍ത്തുന്ന ചില കാഴ്ചപ്പാടുകള്‍, മനോഭാവങ്ങള്‍, ശീലങ്ങള്‍ എന്നിവയെക്കുറിച്ച് നോക്കിക്കാണാന്‍ ശ്രമിക്കുകയാണ്. സമയബന്ധിതമായി ചെയ്തുതീര്‍ക്കേണ്ടതായ കാര്യങ്ങള്‍ നാളെ-നാളെ എന്ന് നീക്കിവച്ച് ഒടുവിൽ ജീവിതം ഭാരപ്പെടുത്തുന്ന വിധത്തിൽ കൊണ്ടെത്തിച്ച് മുതലക്കണ്ണീര്‍പൊഴിക്കുന്നവര്‍ വിരളമല്ല. വിഷയത്തിന്റെ ഗൗരവമനുസരിച്ച് നിര്‍ബന്ധമായും ഒരു മുന്‍ഗണനാക്രമം സൂക്ഷിക്കേണ്ടതുണ്ട്. സുബോധമുളള മനുഷ്യര്‍ അപ്രകാരം ചെയ്യണം. പ്രത്യേകിച്ച് ഉത്തരവാദിത്വമുളള ഉദ്ദ്യോഗതലങ്ങളില്‍ ഇരിക്കുന്ന, വ്യക്തികള്‍, സ്ഥാപനങ്ങള്‍ മാത്രമല്ല, വിദ്യാഭ്യാസം ചെയ്യുന്ന വിദ്യാര്‍ത്ഥികള്‍ വരെ ഈ മുന്‍ഗണനാക്രമം പാലിക്കണം.

പ്രാരംഭമായി ഒരു ഗൃഹപാഠം ചെയ്യേണ്ടതായിട്ടുണ്ട്. നാം ദിനവും ഒത്തിരി വെളളം കുടിക്കുന്നുണ്ട്. എന്നാല്‍ ഒരാള്‍ വിചാരിക്കുകയാണ് ആഴ്ചയില്‍ ഒരിക്കല്‍ അത്രയും ദിവസം കുടിക്കേണ്ടതായ വെളളം ഒരുമിച്ച് കുടിക്കാമെന്ന്… എന്തായിരിക്കും സ്ഥിതി? ജീവിതത്തിന്റെ എല്ലാ തുറകളിലും ഇത് ബാധകമാണ്. ഓരോന്നിനും അതിന്റേതായ സമയവും, സാവകാശവും നല്‍കേണ്ടതുണ്ട്. കോണ്‍ക്രീറ്റ് കെട്ടിടങ്ങള്‍ നിര്‍മ്മിക്കുമ്പോള്‍ ഒരോഘട്ടവും പൂര്‍ത്തിയാക്കുമ്പോള്‍ അതിന്റേതായ സമയം കൊടുക്കാറുണ്ട്. ഒറ്റദിവസം കൊണ്ട് കെട്ടിപ്പൊക്കിയാല്‍ എന്തായിരിക്കും സ്ഥിതി? ജലദോഷവും, പനിയും വരുമ്പോള്‍ സമയത്ത് ചികിത്സിക്കാതെ ന്യുമോണിയായും ടൈഫോയിഡും കൂടെ ആയിട്ട് ചികിത്സിക്കാം എന്ന് നാം തീരുമാനിക്കുമോ? ഇവിടെയെല്ലാം ഒരു സമയക്രമം നാം പാലിക്കുന്നുണ്ട്. ജീവിത വിജയത്തിന് ഈ മുന്‍ഗണനാക്രമം അനിവാര്യമാണ്.

ചെയ്യേണ്ടതായ കാര്യങ്ങള്‍ യഥാസമയം ചെയ്തില്ലെങ്കില്‍ നാം പുറന്തളളപ്പെടും. ജീവിതം ഒരു മത്സരക്കളരിയാണ്. ഇന്ന് കഴിവുകള്‍ക്കും, നൈപുണ്യത്തിനുമാണ് അംഗീകാരം. എല്ലാം എല്ലാം അവസാനമായി ചെയ്തുതീര്‍ക്കാമെന്നുളള ചിന്ത, മനോഭാവം നല്ലതല്ലെന്ന തിരിച്ചറിവുണ്ടാകണം. അവസാനത്തെ ബസിനെനോക്കിയിരുന്നാല്‍, ആ ബസ് നഷ്ടപ്പെട്ടാല്‍ പിന്നെ കടത്തിണ്ണയില്‍ കിടക്കേണ്ടിവരും. അതിനാല്‍ ജാഗ്രതയുളളവരാകാം.

Show More

Leave a Reply

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker