ലത്തീൻ സഭയ്ക്കെതിരെ ഹിന്ദു ഐക്യവേദി നടത്തിയ പ്രസ്ഥാവന പിൻവലിക്കണം; കെ.സി.വൈ.എം. കൊച്ചി രൂപത
കേരള ലത്തീൻ സഭ എന്നും ഐക്യത്തിന്റേയും, പുരോഗമനത്തിന്റേയും, സമാധാനത്തിന്റേയും മാർഗ്ഗങ്ങളാണ് മുന്നോട്ട് വച്ചിട്ടുള്ളത്...
ജോസ് മാർട്ടിൻ
കൊച്ചി: ഇന്ത്യയുടെ ഭരണഘടനാ മൂല്യങ്ങൾക്ക് വിരുദ്ധമായി കേന്ദ്രസർക്കാർ കൊണ്ടുവന്ന പൗരത്വ നിയമത്തിനെതിരെ പ്രതികരിച്ച കേരള ലത്തീൻ സഭയുടെ നടപടിയെ തെറ്റായ പരാമർശങ്ങൾ ഉന്നയിച്ച് എതിർക്കുന്ന ഹിന്ദു ഐക്യവേദിയുടെ നിലപാടിനെതിരെ കെ.സി.വൈ.എം. കൊച്ചി രൂപതയുടെ പ്രതിഷേധം അറിയിച്ചു. നിലവിലെ സാമൂഹിക അനീതികളെ കുറിച്ച് സംസാരിക്കുമ്പോൾ 5 നൂറ്റാണ്ട്കൾക്ക് മുമ്പ് വൈദേശിക ശക്തികൾ നടത്തിയ ആക്രമണങ്ങൾ ഉയർത്തി കാണിച്ച് അതിന് ലത്തീൻ സഭ മാപ്പ് പറയണം എന്ന പ്രസ്ഥാവന പിൻവലിച്ച് ഹിന്ദു ഐക്യവേദി മാപ്പ് പറയുകയാണ് വേണ്ടതെന്ന് കെ.സി.വൈ.എം. ആവശ്യപ്പെട്ടു.
കേരള ലത്തീൻ സഭ എന്നും ഐക്യത്തിന്റേയും, പുരോഗമനത്തിന്റേയും, സമാധാനത്തിന്റേയും മാർഗ്ഗങ്ങളാണ് മുന്നോട്ട് വച്ചിട്ടുള്ളത്. ഭാരതത്തിന്റെ അഖണ്ഡതയെ തകർക്കുന്ന സംഘപരിവാർ ശ്രമങ്ങൾക്കെതിരെ പ്രതികരിക്കുമ്പോൾ, അതിനെതിരെ നൂറ്റാണ്ടുകൾക്ക് മുമ്പ് സംഭവിച്ച കാര്യങ്ങൾ ഉയർത്തിപ്പിടിച്ച് ജനങ്ങളെ കബളിപ്പിക്കാൻ ശ്രമിക്കുന്നത് ആശയദാരിദ്ര്യമാണെന്നും യോഗം വിലയിരുത്തി.
കെ.സി.വൈ.എം. കൊച്ചി രൂപത പ്രസിഡന്റ് ക്രിസ്റ്റി ചക്കാലക്കൽ അദ്ധ്യക്ഷത വഹിച്ച പ്രതിക്ഷേധ യോഗത്തിൽ രൂപത ജനറൽ സെക്രട്ടറി കാസി പൂപ്പന, വൈസ് പ്രസിഡന്റ് ജോസ് പള്ളിപ്പാടൻ, ജോസഫ് ദിലീപ്, യേശുദാസ് വിപിൻ, ടോം ബാസ്റ്റിൻ, ടെറൻസ് തെക്കേ കളത്തുങ്കൽ എന്നിവർ സംസാരിച്ചു.