രേഷ്മ തോമസിന് ഓസ്‌ട്രേലേഷ്യൻ റിലീജിയസ് പ്രസ് അസോസിയേഷ്യൻ (ARPA) അവാർഡ്
‘I’ve Got My Eyes on You’ എന്ന അനുഭവ കുറിപ്പാണ് അവാർഡിന് അർഹമായത്...
ജോസ് മാർട്ടിൻ
ആലപ്പുഴ: ആലപ്പുഴ രൂപതാംഗമായ രേഷ്മ തോമസിന് ഓസ്‌ട്രേലേഷ്യൻ റിലീജിയസ് പ്രസ് അസോസിയേഷ്യൻ (ARPA ) അവാർഡ്. രേഷ്മ തോമസ് 2019 മാർച്ച്-ഏപ്രിൽ ലക്കത്തിൽ ‘ശാലോം ടൈഡിംഗ്‌സ്’സിൽ എഴുതിയ ‘I’ve Got My Eyes on You’ എന്ന അനുഭവ കുറിപ്പാണ് ഗോൾഡ് അവാർഡിന് അർഹമായത്. ലോകമെമ്പാടുനിന്നുമുള്ള നൂറുകണക്കിന് എൻട്രികളിൽ നിന്നാണ് അവാർഡിനർഹമായ കൃതി തിരഞ്ഞെടുത്തത്. വരാപ്പുഴ അതിരൂപതയിൽ ജനിക്കുകയും, വിവാഹത്തിലൂടെ ആലപ്പുഴ രൂപതാംഗവുമായ രേഷ്മ തോമസ് ശാലോം ടൈഡിംഗ്‌സ്സിന്റെ സീനിയർ സബ് എഡിറ്ററാണ്.
ജീവിതയാഥാർത്ഥ്യങ്ങളുടെ കൊടുങ്കാറ്റിൽപ്പോലും ഉലയാത്ത, ഒരമ്മയുടെ ഹൃദയസ്പർശിയായ വിശ്വാസയാത്രയുടെ കറതീർന്ന വിവരണം എന്നാണ് പ്രസ്തുത കുറിപ്പിനെ അവാർഡ് ജൂറി വിലയിരുത്തിയത്. ഓസ്‌ട്രേലിയ, ന്യൂസിലാൻഡ് എന്നിവിടങ്ങളിലെ ക്രിസ്ത്യൻ പ്രസാധകരുടെയും, മാധ്യമപ്രവർത്തകരുടെയും കൂട്ടായ്മയാണ് ഓസ്‌ട്രേലേഷ്യൻ റിലീജിയസ് പ്രസ് അസോസിയേഷൻ (ARPA ).
പിതാവ് – തോമസ് നോബിൾ ഇടത്തട്ടിൽ, മാതാവ് – സിജി തോമസ് വരാപ്പുഴ അതിരൂപതാംഗങ്ങളും; ഭർത്താവ് – അജയ് അറക്കൽ ആലപ്പുഴ രൂപതാ അംഗവുമാണ്.