Daily Reflection

2nd Sunday of Lent_Year A_രൂപാന്തരീകരണം- ദൈവത്തിന്റെ സാദൃശ്യത്തിലേക്കുള്ള വളർച്ച

രൂപാന്തരീകരണം- ദൈവത്തിന്റെ സാദൃശ്യത്തിലേക്കുള്ള വളർച്ച

നോമ്പുകാലത്തിലെ രണ്ടാമത്തെ ഞായറാഴ്ച ക്രൈസ്തവ വിളിയുടെ പശ്ചാത്തലത്തിൽ രൂപാന്തരീകരണത്തെ ധ്യാനിക്കാം.

1) കൈസ്തവ വിളി ലഭിക്കുന്നതെങ്ങനെ?:

പൗലോസ് അപ്പോസ്തോലൻ ക്രൈസ്തവ വിളി എന്താണെന്നു പഠിപ്പിക്കുന്നു. “അവിടുന്നു നമ്മെ രക്ഷിക്കുകയും വിശുദ്ധമായ വിളിയാൽ നമ്മെ വിളിക്കുകയും ചെയ്തിരിക്കുന്നു”(2 തിമോ. 1, 9). ക്രിസ്തുവിന്റെ മരണത്തിലൂടെ എല്ലാവർക്കും രക്ഷ കൈവന്നു കഴിഞ്ഞു. മാമ്മോദീസയിലൂടെ പുതുജന്മം സ്വീകരിക്കുന്ന എല്ലാവർക്കും ക്രിസ്തുവിന്റെ ഈ രക്ഷയിൽ പങ്കു ലഭിക്കുന്നു. കാരണം മാമ്മോദീസയിൽ പഴയ മനുഷ്യൻ മരിക്കുന്നു, പുതിയ സൃഷ്ടിയായി മാറ്റപ്പെടുന്നു. അങ്ങിനെ രക്ഷിക്കപ്പെട്ട എല്ലാവർക്കും ഈ വിളി ലഭിച്ചിട്ടുണ്ട്.

2) എന്തിനുവേണ്ടിയാണ് ഈ വിളി നൽകുന്നത്?:

ലോകത്തിനുമുന്നിൽ നീ ഒരു അനുഗ്രഹമായി മാറാൻ. ദൈവം അബ്രാഹത്തെ വിളിച്ചിട്ടു പറയുന്നത് അതാണ്, നിന്നെ ഞാൻ ഒരു അനുഗ്രഹമാക്കും. (ഉല്പത്തി 12, 1-4). കർത്താവു കല്പിച്ചതനുസരിച്ച് അബ്രഹാം പുറപ്പെട്ടു എന്നാണ് വചനം പഠിപ്പിക്കുന്നത്. അവിടെ മറിച്ചൊരു ചോദ്യമില്ല, എനിക്ക് രക്ഷ നൽകുന്ന ദൈവത്തിനു എന്നെ കുറിച്ച് ഒരു ലക്ഷ്യമുണ്ട്, എന്നിലൂടെ ലോകത്തെ അനുഗ്രഹിക്കാൻ ഒരു അനുഗ്രഹമായി എന്നെ തിരഞ്ഞെടുത്തു വിളിച്ചിരിക്കുന്നുവെന്ന ബോധ്യമാണ് അബ്രാഹത്തെപോലെ എല്ലാ ക്രിസ്ത്യാനിക്കും ഉണ്ടാകേണ്ടത്.

3) ഈ വിളി ലഭിച്ച നമ്മൾ എന്താണ് ചെയ്യേണ്ടത് ?

മലകയറണം. മല ദൈവ സാന്നിധ്യമുള്ള ഇടമാണ്. ദൈവവുമായുള്ള ബന്ധം സൂചിപ്പിക്കുന്നു. ദൈവ സാന്നിധ്യത്തിൽ, ദൈവബന്ധത്തിൽ ജീവിക്കണം.

4) എപ്പോഴാണ് മലകയറേണ്ടതു?

“യേശു ആറ് ദിവസങ്ങൾക്കുശേഷം പത്രോസ്, യാക്കോബ്, അവന്റെ സഹോദരൻ യോഹന്നാൻ എന്നിവരെ മാത്രം കൂട്ടികൊണ്ടു മലയിലേക്കു പോയി” എന്നാണ് പറയുന്നത്. ദൈവം ആറു ദിവസം സൃഷ്ടികർമ്മം ചെയ്തതിനെ സൂചിപ്പിക്കുന്നു. ഏഴാം ദിവസം വിശ്രമിച്ചു എന്ന് പഴയനിയമം പഠിപ്പിക്കുന്നു. അപ്പോൾ ‘ആറ്’ ദൈവത്തെ ആരാധിക്കാനുള്ള ഏഴാം ദിവസം, ദൈവത്തെ ആരാധിക്കാനുള്ള ഏഴാം മണിക്കൂർ എന്നൊക്കെ വ്യാഖ്യാനിക്കാം. എന്നുപറഞ്ഞാൽ ആറുമണിക്കൂർ\ ആറു ദിവസം ജോലിചെയ്താൽ ഒരു മണിക്കൂർ\ഒരു ദിവസം ദൈവത്തിനു കൊടുക്കണം. അതായത് ദൈവത്തോടൊപ്പം ദിവസത്തിൽ ഒരു മണിക്കൂറും ആഴ്ചയിൽ ഒരു ദിവസവും ചിലവഴിക്കാനും പൂർണ്ണമായി ദൈവത്തിനു കൊടുക്കാനും സാധിക്കണമെന്ന് സാരം.

5) ഇങ്ങനെ സമയം ദൈവത്തിനു സമർപ്പിച്ചാൽ എന്താണ് സംഭവിക്കുക?

രൂപാന്തരീകരണം സംഭവിക്കുന്നു. രൂപാന്തരീകരണത്തിന് ഉപയോഗിച്ച മൂല പദം ‘metemorphothe’ എന്നാണ്. ഒരു ആത്യന്തികമായ മാറ്റമാണ് ആ വാക്കുകൊണ്ട് ഉദ്ദേശിക്കുന്നത്. വളരെ വ്യക്തമായി പറഞ്ഞാൽ, ഒരു ശലഭപ്പുഴു ശലഭമായി പറന്നുയരുന്ന മാറ്റംപോലെ. (metamorphosis എന്ന വാക്കാണ് ഈ മാറ്റത്തിനെ സൂചിപ്പിക്കുന്ന പദം. ഈ മാറ്റം ഒരാളുടെ കഴിവുകൊണ്ട് ഉണ്ടാകുന്നതല്ല. ശലഭം തനിയെ വിചാരിച്ചു പെട്ടന്ന് പുറത്തുകടക്കാൻ ശ്രമിച്ചാൽ നാശം സംഭവിക്കുന്നപോലെ മലകറങ്ങുന്നവൻ ദൈവത്തോട് കൂടെയിരുന്ന് അവിടുത്തെ ശക്തിയാൽ മാറ്റപ്പെടേണ്ട ആന്തരീക മാറ്റമാണത്.

6) ഈ മാറ്റത്തിനു സഹായിക്കുന്നത് എന്തൊക്കെയാണ്?

രൂപാന്തരീകരണ സമയത്തി നിയമത്തിന്റെയും പ്രവാചകന്മാരുടെയും സാന്നിധ്യമായി മോശയും ഏലിയായും പ്രത്യക്ഷപ്പെടുന്നുണ്ട്. പഴയനിയമത്തിലെ ദൈവിക നിയമങ്ങളുടെയും ദൈവാരാധനയുടെയും പ്രതീകമാണ് മോശയും ഏലിയായും. എന്ന് വച്ചാൽ ദൈവമല്ല കയറുന്ന വിശ്വാസിയുടെ ജീവിതത്തിൽ ഈ രൂപാന്തരീകരണ അനുഭവം ഉണ്ടാകുന്നതു ദൈവവചനത്തിലൂടെയും ദൈവാരാധനയിലൂടെയുമാണ്. (കൂദാശകൾ, പ്രധാനമായും കൂദാശയുടെ കൂദാശയായ വി. കുർബാനയുടെ പ്രാധാന്യം നമുക്ക് ഓർക്കാം). ഇവയിലൂടെ നമ്മിൽ ഓരോ ദിവസവും പൗലോസ് അപോസ്തോലൻ പറയുന്ന പോലെ ഈ മാറ്റം മാറ്റം സംഭവിക്കുന്നുണ്ട്. “നാമെല്ലാവരും അവിടുത്തെ സാദൃശ്യത്തിലേക്ക്, മഹത്വത്തിൽ നിന്നും മഹത്വത്തിലേക്ക്, രൂപാന്തരപ്പെട്ടുകൊണ്ടിരിക്കുകയാണ് (2 കോറി. 3, 18b).

7) രൂപാന്തരീകരണശേഷം ഇനിയെന്ത്?

രൂപാന്തരീകരണശേഷം പത്രോസ് പറയുന്നുണ്ട്, “മൂന്നുകൂടാരങ്ങൾ നിർമ്മിക്കാം, ഒന്ന് അങ്ങേയ്ക്കു, ഒന്ന് മോശയ്ക്കു ഒന്ന് ഏലിയായ്ക്ക്. ആരാധനയിൽ വചനം, തിരുകർമ്മങ്ങൾ, ക്രിസ്തു ഇവ മൂന്നായി നിൽക്കേണ്ടവയല്ല. ദൈവവചനം കേട്ട്, ദൈവത്തെ ആരാധിക്കുന്നു, ക്രിസ്തുവിലൂടെ. കാരണം “അവിടുന്നു നമ്മെ രക്ഷിക്കുകയും വിശുദ്ധമായ വിളിയാൽ നമ്മെ വിളിക്കുകയും ചെയ്തിരിക്കുന്നു”(2 തിമോ. 1, 9). ക്രിസ്തുവിലൂടെയാണ് നമ്മൾ രക്ഷിക്കപ്പെട്ടത്‌. വചനവും ആരാധനയും ക്രിസ്തുവഴി രക്ഷിക്കപ്പെടാൻ വേണ്ടിയാണ്. അതുകൊണ്ടാണ് ഈ രൂപാന്തരീകരണശേഷം ക്രിസ്തുവിനെ അല്ലാതെ മറ്റാരെയും അവിടെ കണ്ടില്ല എന്ന് വചനത്തിൽ വായിക്കുന്നത്. മറ്റുകാര്യങ്ങളൊക്കെ ക്രിസ്തുവിന്റെ രക്ഷ ലഭ്യമാക്കാൻ നല്കിയിട്ടുള്ളതാണ്. അവയിലൂടെ ക്രിസ്തുവിലേക്കു എത്തിക്കുന്നതാവണം യഥാർത്ഥ ആരാധന. കാരണം അവൻതന്നെയാണ് വചനം, അവൻ തന്നെയാണ് ആരാധിക്കപ്പെടേണ്ടവനും. തുടർന്നാണ് ഒരുവന്റെ ദൗത്യം, ഒരു അനുഗ്രഹമായി രൂപാന്തരീകരണം ലഭിച്ചവൻ മലയിറങ്ങണം, ജെറുസലേമിലേക്കു. ജെറുസലേം ക്രിസ്തുവിനെ ക്രൂശിക്കാൻ നിയോഗിച്ചവരുടെ ഇടമാണ്. ക്രിസ്തുവിന്റെ വഴിയേ നടക്കാൻ, ക്രൂശിക്കപ്പെടുമ്പോൾ തകർക്കപെടാതിരിക്കാൻ ഈ രൂപാന്തരീകരണത്തിലൂടെ ക്രിസ്‌തുനേടിത്തന്ന രക്ഷാനുഭവം കൂട്ടായിരിക്കണം.

Show More

Leave a Reply

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker